X
    Categories: indiaNews

പൊലീസൊക്കെ എന്ത്! ബിജെപി സ്ഥാനാര്‍ത്ഥിയുടെ ബന്ധുവീട്ടില്‍ നിന്ന് പിടിച്ചെടുത്ത 18 ലക്ഷം രൂപ തട്ടിപ്പറിച്ചോടി അനുയായികള്‍

ഹൈദരാബാദ്: ബിജെപി സ്ഥാനാര്‍ത്ഥിയുടെ ബന്ധു വീട്ടില്‍ നിന്ന് പൊലീസ് പിടിച്ചെടുത്ത തുക തട്ടിപ്പറിച്ചോടി പ്രവര്‍ത്തകര്‍. തെലങ്കാനയിലെ ദുബ്ബകിലാണ് സംഭവം. ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കായി ജനവിധി തേടുന്ന രഘുനന്ദന്‍ റാവുവിന്റെ ഭാര്യാ സഹോദരന്‍ സുരഭി അഞ്ജന്‍ റാവുവിന്റെ വീട്ടില്‍ നിന്നാണ് പൊലീസ് 18.67 ലക്ഷം രൂപ പിടിച്ചെടുത്തത്. പണവുമായി പുറത്തിറങ്ങിയ പൊലീസില്‍ നിന്ന് പണം തട്ടിപ്പറിച്ച് പ്രവര്‍ത്തകരില്‍ ചിലര്‍ കടന്നു കളയുകയായിരുന്നു.

വന്‍ തോതില്‍ പണം ഒളിപ്പിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിദ്ദിപെട്ട് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. സിദ്ദിപെട്ട് മുനിസിപ്പല്‍ ചെയര്‍മാന്‍ റാജാ നര്‍സു, ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഭാര്യ പിതാവ് സുരഭി രാംഗോപാല്‍ റാവു, ഭാര്യാ സഹോദരന്‍ സുരഭി അഞ്ജന്‍ റാവു എന്നിവരുടെ വീട്ടിലായിരുന്നു പരിശോധന.

ഇതില്‍ സുരഭി അഞ്ജന്‍ റാവുവിന്റെ വീട്ടില്‍ നിന്നാണ് വന്‍ തുക പിടിച്ചെടുത്തത്. റെയ്ഡ് നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരഭി അഞ്ജന്‍ റാവുവിന്റെ വീടിന് പുറത്ത് ബിജെപി പ്രവര്‍ത്തകര്‍ എത്തിയിരുന്നു. പണവുമായി പൊലീസ് പുറത്തിറങ്ങിയപ്പോള്‍ പ്രവര്‍ത്തകര്‍ തട്ടിപ്പറിച്ച് ഓടുകയായിരുന്നു. ഏകദേശം 12.80 ലക്ഷം രൂപ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയതായാണ് വിവരം.

രഘുനന്ദന്‍ റാവുവിനെതിരെ അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വിതരണം ചെയ്യാന്‍ എത്തിച്ചതാണ് പണമെന്ന് സംശയിക്കുന്നുണ്ട്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.

രഘുനന്ദന്‍ റാവുവുമായി ബന്ധപ്പെട്ട് പണം പിടിച്ചെടുക്കുന്നത് ഇത് രണ്ടാം തവണയാണ്. നേരത്തെ ഇദ്ദേഹത്തിന്റെ സഹായിയുടെ വീട്ടില്‍ നിന്ന് പൊലീസ് 40 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു.

Test User: