മലയാളിയുടെ വിവാഹ ചടങ്ങില്‍ ദുബൈ കിരീടാവകാശിയും സഹോദരങ്ങളും
ദുബൈ: മലയാളിയുടെ വിവാഹ ചടങ്ങില്‍ ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സഹോദരങ്ങളും.
മലപ്പുറം കല്‍പകഞ്ചേരി സ്വദേശി റാഷിദ് അസ്‌ലമിന്റെ വിവാഹത്തിനാണ് ശൈഖ് ഹംദാനും സഹോദരങ്ങളുമെത്തിയത്. ദുബൈ ഭരണാധികാരിയുടെ കൊട്ടാരത്തിലായിരുന്നു റാഷിദിന്റെ പിതാവ് എ.പി അസ്‌ലം ബിന്‍ മുഹ്‌യുദ്ദീന് ജോലി. അസ്‌ലം തങ്ങളുടെ കുടുംബത്തിനായി നടത്തിയ സേവനങ്ങള്‍ മുന്‍നിര്‍ത്തിയാണ് രാജകുടുംബം വിവാഹത്തിനെത്തിയത്.
മൂവാറ്റുപുഴ സ്വദേശി ടി.എസ് യഹിയയുടെ മകള്‍ സിബയാണ് വധു. സിംബാവെ ഗ്രാന്‍ഡ് മുഫ്തി ഇസ്മായില്‍ ബിന്‍ മൂസാ മേങ്കാണ് നിക്കാഹിന് നേതൃത്വം നല്‍കിയത്. വിവാഹത്തില്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ ദുബൈ കിരീടാവകാശ തിന്നെ ട്വിറ്ററില്‍ പങ്കുവെച്ചതോടെ അറബ് പത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും വന്‍ ഹിറ്റായിരുന്നു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.