ദുബൈ: നാടു കാണാനെത്തിയ വിദേശ വനിതയുടെ പഴ്‌സും പണവും കണ്ടെത്തുന്നതിന് ദുബൈ പൊലീസ് നടത്തിയ തീവ്രശ്രമം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. അമേരിക്കന്‍ സ്വദേശിനി ഡെയ്ന്‍മരിയ ഇര്‍വിനാണ് ദുബൈ പൊലീസ് സഹായമായത്. പൂര്‍ണ പിന്തുണയേകി യുവതി സഞ്ചരിച്ച അതേ വഴികളിലൂടെ സഞ്ചരിച്ചാണ് നഷ്ടമായ പഴ്‌സ് കണ്ടെത്തി നല്‍കിയത്.
പാസ്‌പോര്‍ട്ട്, ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, പണം, മറ്റു യാത്രാ രേഖകള്‍ എന്നിവ അടങ്ങുന്ന പഴ്‌സാണ് നഷ്ടമായത്. യാതൊരു പരിചയവുമില്ലാത്ത സ്ഥലത്ത് എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചു പോയ യുവതി നേരെ ചെന്നത് ദുബൈ പൊലീസിന്റെ അരികിലേക്കാണ്. യു.എ.ഇയില്‍ തനിക്ക് ബന്ധുക്കളോ പരിചയക്കാരോ ഇല്ലെന്ന് കരഞ്ഞുപറഞ്ഞ യുവതിയെ ആശ്വസിപ്പിച്ച് പൊലീസ് പൂര്‍ണ പിന്തുണ നല്‍കുകയായിരുന്നു.
യുവതി എവിടെയെല്ലാം സഞ്ചരിച്ചുവെന്ന് ചോദിച്ചറിഞ്ഞ് അവിടങ്ങളിലെല്ലാം പോയി. യുവതി സഞ്ചരിച്ച കാര്‍ കണ്ടെത്തി പരിശോധിച്ചെങ്കിലും പഴ്‌സ് കണ്ടെത്താനായില്ല. തുടര്‍ന്ന് യുവതി പോയ ബുര്‍ജ് ഖലീഫയിലെ റസ്റ്റോറന്റിലും സമീപത്തെ ബീച്ചിലും കളഞ്ഞു കിട്ടുന്ന സാധനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്തും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഒടുവില്‍ യുവതി സന്ദര്‍ശിച്ച അര്‍മാനി ഹോട്ടലിലെ ലോസ്റ്റ് ആന്റ് ഫൗണ്ടില്‍ പരിശോധന നടത്തിയപ്പോഴാണ് പഴ്‌സ് കണ്ടെത്തി. രേഖകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തിയ യുവതി ദുബൈ പൊലീസിന് നന്ദി അറിയിച്ചാണ് സ്വദേശത്തേക്ക് മടങ്ങിയത്.