X

ദുബായ് പൊലീസ് 67 യാചകരെ അറസ്റ്റ് ചെയ്തു

 

അബുദാബി: യാചന നടത്തിയ 67 പേരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഭിക്ഷാടന വിരുദ്ധ കാമ്പെയ്‌നിന്റെ ഭാഗമായി, ദുബായ് പോലീസ് വിവിധ സ്റ്റേഷനുകളുടെ സഹകരണത്തോടെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ്  ബോധവൽക്കരണത്തിന് നേരെത്തെ തുടക്കം കുറിച്ചിരുന്നു. എന്നാൽ ഇത് വകവെക്കാതെ ഭിക്ഷാടനം നടത്തിയവരാണ് പൊലീസ് പിടിയിലായത്.

ദുബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 31 പുരുഷന്മാരെയും 36 സ്ത്രീകളെയുമാണ് പൊലീസ് പിടികൂടിയത്. മറ്റുള്ളവരെ ചൂഷണം ചെയ്യുന്ന യാചകരെയും തെരുവ് കച്ചവടക്കാരെയും ഇല്ലാതാക്കുക എന്നതാണ് യാചക വിരുദ്ധ കാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ കേണൽ അലി സാലം അൽ ഷംസി പറഞ്ഞു.

ഭിക്ഷാടനം സമൂഹത്തിന്റെയും സ്വത്തുക്കളുടെയും രാജ്യത്തിന്റെ പ്രതിച്ഛായയുടെയും സുരക്ഷയ്ക്ക്‌ ഭീഷണിയാണെന്ന് കേണൽ അൽ ഷംസി കൂട്ടിച്ചേർത്തു. കവർച്ച, ചൂഷണം, കുട്ടികളെയും രോഗികളെയും നിയമവിരുദ്ധ നേട്ടങ്ങൾക്കായി ചൂഷണം ചെയ്യൽ തുടങ്ങിയ ഗുരുതരമായ പ്രത്യാഘാതങ്ങളുമായി യാചന ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.

വിശുദ്ധ മാസത്തിൽ വ്യക്തികൾക്ക് സാമ്പത്തിക സഹായം തേടുന്നതിനോ ഭക്ഷണം നേടുന്നതിനോ ഔദ്യോഗിക സ്ഥാപനങ്ങൾ, ചാരിറ്റികൾ, അസോസിയേഷനുകൾ എന്നിവ ലഭ്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഭിക്ഷാടനത്തിനെതിരെ പോരാടുന്നതുമായി ബന്ധപ്പെട്ട് 2018-ലെ 9-ാം നമ്പർ ഫെഡറൽ നിയമപ്രകാരം ഭിക്ഷാടനം നിയമവിരുദ്ധവും ശിക്ഷാർഹവുമാണെന്ന് അദ്ദേഹം പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു.

യാചകരുടെ അഭ്യർത്ഥനകളോട് പ്രതികരിക്കരുതെന്നും അവരുടെ രൂപത്തോട് കരുണയോ സഹതാപമോ കാണിക്കരുതെന്നും
പൊലീസ് മുന്നറിയിപ്പ് നൽകി. യാചകരെ കണ്ടാൽ ഉടൻ കോൾ സെന്റർ വഴിയോ (901) അല്ലെങ്കിൽ “പോലീസ് ഐ” സേവനത്തിലൂടെയോ റിപ്പോർട്ട് ചെയ്ത് പോലീസിനെ സഹായിക്കണമെന്ന് കേണൽ അൽ ഷംസി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.സോഷ്യൽ മീഡിയയിലൂടെയും ഇമെയിലിലൂടെയും വ്യാജ സന്ദേശങ്ങൾക്ക് ഇരയാകുന്നതിനെതിരെയും അദ്ദേഹം സമൂഹത്തിന് മുന്നറിയിപ്പ് നൽകി.

webdesk13: