X

കിടപ്പ് രോഗികള്‍ക്ക് നിരക്ക് വര്‍ധന: എയര്‍ഇന്ത്യ നടപടിക്കെതിരെ വ്യാപക പ്രതിഷേധം

ദുബൈ: പ്രവാസികളെ കൂടുതല്‍ ദുരിതത്തിലാക്കി കിടപ്പ് രോഗികളെ കൊണ്ടുപോകുന്ന സ്‌ട്രെച്ചര്‍ സംവിധാനത്തിന് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനുള്ള എയര്‍ഇന്ത്യ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. രോഗികളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് 6000 ദിര്‍ഹമാണ് നിലവില്‍ സ്‌ട്രെക്ച്ചര്‍ ചാര്‍ജ്ജായി നല്‍കി വരുന്നത്. ഇത് 21000 ദിര്‍ഹമായി വര്‍ധിപ്പിച്ച് യാത്രക്കാരില്‍ നിന്ന് ഈടാക്കാനുള്ള ശ്രമമാണ് എയര്‍ഇന്ത്യ ഇപ്പോള്‍ നടത്തുന്നത്. ഇത്തരത്തിലുള്ള വര്‍ധനവ് പ്രാബല്യത്തില്‍ വന്നതോടെ പലര്‍ക്കും ഈ സീസണില്‍ നാട്ടിലേക്കുള്ള യാത്ര ഉപേക്ഷിക്കേണ്ടതായി വരികയോ അടിയന്തര യാത്രകള്‍ പ്രവാസികള്‍ക്ക് അധിക ബാധിതയായി മാറുകയോ ചെയ്യുമെന്ന് ദുബൈ കെ.എം.സി.സി പ്രസിഡന്റ് അന്‍വര്‍ നഹ പറഞ്ഞു.

വിദേശത്ത് മരണപ്പെട്ട പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാനുള്ള പ്രവാസി സൗഹൃദ നിലപാടുകള്‍ കൈ കൊണ്ടിട്ടുള്ള എയര്‍ ഇന്ത്യയുടെ ഈ നീക്കം സാധാരണക്കാരായ പ്രവാസികളെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. മിഡില്‍ ഈസ്റ്റിലെ ഇന്ത്യന്‍ പ്രവാസികള്‍ അധികവും യാത്രക്കായി എയര്‍ഇന്ത്യയെ ആശ്രയിക്കുന്നതും മറ്റു എയര്‍ലൈനുകളില്‍ നിന്നും താരതമ്യേന എയര്‍ ഇന്ത്യയില്‍ നിരക്ക് കുറവായതിനാലാണ്. എന്നാല്‍ ഇത്തരം വര്‍ധനവ് സാധ്യമാകുകയാണെങ്കില്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാണെന്നും തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്നും അന്‍വര്‍നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം, ട്രഷറര്‍ ഇസ്മായില്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

അഞ്ചിരട്ടിയായാണ് സ്‌ട്രെച്ചര്‍ സംവിധാനത്തിന്റെ നിരക്ക് വര്‍ധിപ്പിച്ചത്. നിലവില്‍ ദുബൈയില്‍ നിന്ന് കൊച്ചിയിലെത്താന്‍ ഒരു രോഗിക്ക് ചെലവ് നാലര ലക്ഷം രൂപയാണ്. ഇക്കണോമിക് ക്ലാസിലെ തന്നെ ഏറ്റവും ഉയര്‍ന്ന ക്ലാസ്സായ വൈ ക്ലാസിലേക്ക് സ്‌ട്രെച്ചര്‍ ടിക്കറ്റ് മാറ്റിയാണ് നിരക്ക് വര്‍ധിപ്പിച്ചത്. നേരത്തെ ഇക്കണോമിക്‌സ് ക്ലാസിലെ സബ് ക്ലാസായ കെ ക്ലാസിലായിരുന്നു സ്‌ട്രെച്ചര്‍ ടിക്കറ്റ് നല്‍കിയിരുന്നത്. പുതിയ നിരക്ക് 20 മുതല്‍ പ്രാബല്യത്തില്‍ വന്നു. അന്താരാഷ്ട്ര വിമാന നിരക്കില്‍ അഞ്ചിരട്ടിയും ആഭ്യന്തര നിരക്കുകളില്‍ നാലിരട്ടിയും വര്‍ധനയുണ്ട്. ടിക്കറ്റ് ചാര്‍ജിനു പുറമെ നികുതിയും അടക്കേണ്ടി വരും.

chandrika: