X

ദുബൈയില്‍ തൊഴില്‍ വിസക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്: പുതിയ തീരുമാനവുമായി മന്ത്രാലയം

ദുബൈ: യുഎഇയില്‍ തൊഴില്‍ വിസയ്ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന നിയമം താല്‍ക്കാലിമായി മാറ്റിവെച്ചു. മാനവവിഭവശേഷി മന്ത്രാലയമാണ് ഇതു സംബന്ധിച്ച പുതിയ ഉത്തരവ് പുറത്തുവിട്ടത്്. ദുബൈയില്‍ തൊഴില്‍ വിസ ലഭിക്കാന്‍ പൊലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ( സ്വഭാവ സര്‍ട്ടിഫിക്കറ്റ് ) ഫെബ്രുവരി നാലു മുതലാണ് നിര്‍ബന്ധമാക്കിയത്. എന്നാല്‍ പുതിയ നിയമം നടപ്പാക്കുന്നത് തത്കാലം നീട്ടിവെയ്ക്കുകയാണെന്ന് മനുഷ്യവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിക്കുകയായിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തൊഴില്‍ വിസയ്ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. എല്ലാ രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് ഈ ഇളവ് ബാധകമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

പുതിയ തൊഴില്‍വിസ്‌ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലങ്ങളില്ലെന്ന് ഉറപ്പു വരുത്താനും രാജ്യത്ത് സുരക്ഷ ഉറപ്പാക്കാനുമായിരുന്നു സ്വഭാവ സര്‍ട്ടിഫിക്കറ്റ് (പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്) നിര്‍ബന്ധമാക്കിയത്. ദുബൈയില്‍ വിദേശികള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങളില്‍ പലതിലും ഇവര്‍ സ്വന്തം രാജ്യങ്ങളില്‍ സമാനമായ കുറ്റകൃത്യങ്ങള്‍ ചെയ്തവരാണെന്ന് തെളിഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്നാണ് പുതിയ വ്യവസ്ഥ കൊണ്ടുവന്നത്.

ചില രാജ്യങ്ങളെ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്‍നിന്ന് ഒഴിവാക്കിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. ഇന്ത്യയടക്കം ഒമ്പത് രാജ്യങ്ങളെ നിബന്ധനയില്‍നിന്ന് ഒഴിവാക്കിയെന്നുകാണിച്ച് വിസാ സേവനകേന്ദ്രങ്ങള്‍ക്ക് സര്‍ക്കുലര്‍ വന്നതായായിരുന്നു റിപ്പോര്‍ട്ട്. സ്വഭാവസര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന താത്കാലത്തേക്ക് മന്ത്രാലയം തന്നെ ഒഴിവാക്കിയതോടെ ഇക്കാര്യത്തിലുള്ള അവ്യക്തത നീങ്ങി.

chandrika: