X
    Categories: gulfNews

ദുബൈ വിമാനത്താവളത്തില്‍ സ്മാര്‍ട്ട് ഗേറ്റ് സംവിധാനം പുനരാരംഭിച്ചു

ദുബൈ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ സ്മാര്‍ട്ട് ഗേറ്റ് സേവനം പുനരാരംഭിച്ചു. ടെര്‍മിനല്‍ മൂന്നിലെ പുറപ്പെടല്‍ ഭാഗത്താണ് സ്മാര്‍ട്ട് ഗേറ്റ് സേവനം വീണ്ടും ആരംഭിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് ഇവിടെ നിന്ന് തങ്ങളുടെ പാസ്പോര്‍ട്ട് സ്മാര്‍ട്ട് ഗേറ്റുകളില്‍ സ്‌കാന്‍ ചെയ്തുകൊണ്ട് നടപടികള്‍ അതിവേഗം പൂര്‍ത്തികരിക്കാന്‍ കഴിയുമെന്ന് എമിഗ്രേഷന്‍ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി അറിയിച്ചു. എയര്‍പോര്‍ട്ടില്‍ എമിഗ്രേഷന്‍ കൗണ്ടറുകളുടെ മുന്നില്‍ സാധാരണ കാണുന്ന നീണ്ട ക്യുവില്‍ കാത്തുനില്‍ക്കാതെ ചുരുങ്ങിയ സമയത്തിനുള്ളില്‍ യാത്രാ നടപടികള്‍ പൂര്‍ത്തികരിക്കാന്‍ സഹായിക്കുന്ന സ്മാര്‍ട്ട് സംവിധാനമാണ് സ്മാര്‍ട്ട് ഗേറ്റുകള്‍.

യുഎഇ യുടെ കൊവിഡ് 19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് സ്മാര്‍ട്ട് ഗേറ്റിലുടെയുള്ള സേവനം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നത്. ഇപ്പോള്‍ ദുബൈയിലെ യാത്രക്കാരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനായി ഡിപ്പാര്‍ച്ചര്‍ യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലെ സ്മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിച്ച് യാത്ര ആസ്വദിക്കാമെന്ന് മേജര്‍ ജനറല്‍ പറഞ്ഞു. സ്മാര്‍ട്ട് ഗേറ്റുകളുടെ പുനരാരംഭം യാത്രാ നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനും ലളിതമാക്കുന്നതിനും സഹായിക്കുന്നു. കൊവിഡ് -19 നെതിരായ പോരാട്ടത്തിന്റെ നിലവിലെ സാഹചര്യങ്ങളുടെ വെളിച്ചത്തില്‍ സഞ്ചരിക്കാനുള്ള ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗമായി സ്മാര്‍ട്ട് ഗേറ്റുകള്‍ കണക്കാക്കപ്പെടുന്നുയെന്ന് മേജര്‍ ജനറല്‍ അല്‍ മറി കൂട്ടിച്ചേത്തു. മനുഷ്യ സഹായമില്ലാതെ റസിഡന്റ് വിസ പേജ് സ്മാര്‍ട്ട് ഗേറ്റിലെ പതിപ്പിച്ച് എമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കാന്‍ ഇത് സഹായിക്കും. ഒപ്പം തന്നെ വിരല്‍ അടയാളവും, മുഖവും ബന്ധപ്പെട്ട് സ്‌ക്രീനില്‍ കാണിക്കുകയും വേണം.

 

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: