ന്യൂഡല്‍ഹി: പ്രമുഖ ദളിത് ചിന്തകനും എഴുത്തുകാരനുമായ കാഞ്ച ഐലയ്യയുടെ മൂന്ന് പുസ്തകങ്ങള്‍ നിരോധിക്കാനൊരുങ്ങി ഡല്‍ഹി യൂണിവേഴ്‌സിറ്റി. കാഞ്ച ഐലയ്യയുടെ ‘ഹിന്ദുത്വ’യെ കുറിച്ചുള്ള പുസ്തകങ്ങള്‍ സിലബസില്‍ നിന്ന് നിരോധിക്കാനാണ് അക്കാദമിക രംഗത്തിയിരിക്കുന്നത്. പുസ്തകങ്ങള്‍ ഹിന്ദുവിസത്തെ അവഹേളിക്കുന്നതാണെന്നാരോപിച്ചാണ് ഡല്‍ഹി സര്‍വകലാശാല സ്റ്റാന്‍ഡിങ് കമ്മിറ്റി പുസ്തകങ്ങള്‍ നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സര്‍വകലാശാല അക്കാദമിക് കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചാല്‍ പുസ്തകങ്ങള്‍ നിരോധിക്കും.
‘ഞാന്‍ എന്തുകൊണ്ട് ഒരു ഹിന്ദു അല്ല’, ബഫലോ ദേശീയത പോസ്റ്റ്-ഹിന്ദു ഇന്ത്യ എന്നീ പുസ്തകങ്ങള്‍ക്കെതിരാണ് നിരോധന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. എം.എ പൊളിറ്റിക്കല്‍ സയന്‍സ് സിലബസിന്റെ ഭാഗമായിരുന്ന പുസ്തകങ്ങളാണിത്. കാഞ്ച ഐലയ്യയുടെ ഹിന്ദുത്വത്തെ കുറിച്ചുള്ള ധാരണകള്‍ മാത്രമാണ് പുസ്തകങ്ങളെന്നും വിദ്യാര്‍ഥികള്‍ക്കിത് വായിക്കാന്‍ നല്‍കുന്നത് ഉചിതമല്ലെന്നുമാണ് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ വിലയിരുത്തല്‍.
അതേസമയം ഡല്‍ഹി സര്‍വകലാശാലയുടെ നീക്കത്തെ വിമര്‍ശിച്ചുകൊണ്ട് കാഞ്ച ഐലയ്യ രംഗത്തെത്തിയിട്ടുണ്ട്. തന്റെ പുസ്തകങ്ങള്‍ കംബ്രിഡ്ജ് അടക്കമുള്ള വിദേശ സര്‍വകലാശാലകളിലും കൂടെ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലും വര്‍ഷങ്ങളായി പാഠ്യപദ്ധതിയുടെ ഭാഗമാണ്.
അക്കാദമിക രംഗത്ത് സങ്കുചിത താല്‍പര്യങ്ങള്‍ കൊണ്ടുവരാനും വ്യത്യസ്ത ആശയങ്ങള്‍ ഇല്ലാതാക്കാനുള്ള ഫാസിസ്റ്റ് ശക്തികളുടെ ശ്രമമാണിത്. യൂണിവേഴ്‌സിറ്റി സിലബസുകളില്‍ ഇപ്പോള്‍ ബിജെപി സര്‍ക്കാറിന്റെ സന്‍സറിങ്ങാണ് നടക്കുന്നതെന്നും കാഞ്ച ഐലയ്യ പറഞ്ഞു.