സംസ്ഥാനം നേരിടുന്ന കനത്ത വരള്‍ച്ചയെ തുടര്‍ന്ന് സ്വീകരിക്കേണ്ട ദുരിതാശ്വാസനടപടികളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് പ്രതിപക്ഷം ഇന്നലെ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഈ വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഉന്നയിച്ച അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. വരള്‍ച്ച തടയുന്നതിന് സംസ്ഥാനത്ത് കൃത്രിമ മഴ പെയ്യിക്കുന്നതിന്റെ സാധ്യത തേടുകയാണെന്ന് പ്രതിപക്ഷത്തിന് മറുപടി നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അന്തരീക്ഷത്തില്‍ റഡാറിന്റെ സഹായത്തോടെ മേഘസാന്നിധ്യം കണ്ടെത്തി രാസമിശ്രിതത്തിന്റെ സഹായത്തോടെ മഴ സാധ്യമാക്കുന്ന ക്ലൗഡ് സീഡിംഗാണ് പരീക്ഷിക്കുന്നത്.
ഉചിതമായ സമയത്ത് കേന്ദ്രസഹായം തേടുമെന്ന റവന്യുമന്ത്രിയുടെ പ്രഖ്യാപനത്തെ പ്രതിപക്ഷം വിമര്‍ശിച്ചു. ഇതേതുടര്‍ന്ന് നല്‍കിയ വിശദീകരണം സഭയില്‍ റവന്യുമന്ത്രിയെ പരിഹാസ്യനാക്കി. നിലവില്‍ കേന്ദ്രസംഘം കേരളത്തിലെത്തിയാല്‍ ഇവിടുത്തെ പച്ചപ്പും ജലാശയങ്ങളും കണ്ട് സംസ്ഥാനത്തിന് സഹായം നിഷേധിക്കുമെന്നും അതാണ് ഉചിതമായ സമയമെന്ന് ഉദ്ദേശിച്ചതെന്നും മന്ത്രി പറഞ്ഞു. വരള്‍ച്ച തടയാന്‍ മനുഷ്യ സാധ്യമായതെല്ലാം ചെയ്യുമെന്നും വരള്‍ച്ച നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ കിയോസ്‌ക് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവിടെ കുടിവെള്ളം ക്ഷാമം നേരിടുന്നുണ്ടെങ്കില്‍ ടാങ്കര്‍ ലോറിയില്‍ വെള്ളമെത്തിക്കുന്നതിന് തടസമില്ല. അതിന് വേണ്ട ലോറികള്‍ സജ്ജീകരിക്കേണ്ടത് കലക്ടര്‍മാരാണ്. കൃഷി നശിച്ചവര്‍ക്ക് ആവശ്യമായ നഷ്ട പരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ വരള്‍ച്ച നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നുവെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനും സഭയെ അറിയിച്ചു. ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ ജലവിഭവവകുപ്പും വാട്ടര്‍അതോറിട്ടിയും വിവിധ നടപടികള്‍ സ്വീകരിച്ചതായി മന്ത്രി മാത്യു ടി തോമസും പ്രതിപക്ഷത്തിന് മറുപടി നല്‍കി.
വാട്ടര്‍ അതോറിട്ടിയുടെ കീഴിലെ ഡാമുകളില്‍ 46 ശതമാനവും വൈദ്യുതിബോര്‍ഡിന്റെ ഡാമുകളില്‍ 20.93 ശതമാനവും ജലവിഭവവകുപ്പിന്റെ ഡാമുകളില്‍ 45 ശതമാനവും വെള്ളത്തിന്റെ കുറവുണ്ടായി. ജൂണ്‍ വരെയുള്ള കുടിവെള്ള വിതരണത്തിനുള്ള വെള്ളം ഡാമുകളില്‍ നിലനിര്‍ത്തിയ ശേഷമേ മറ്റു ആവശ്യങ്ങള്‍ക്ക് വെള്ളം നല്‍കു എന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഭൂജലനിരപ്പ് രണ്ടര മീറ്ററായി കുറഞ്ഞെന്നാണ് സംസ്ഥാന ഭൂജലവകുപ്പിന്റെ കണക്കെങ്കില്‍ കേന്ദ്ര ഭൂജല ബോര്‍ഡിന്റെ കണക്കില്‍ നാലു മീറ്ററായി കുറഞ്ഞിരിക്കുകയാണ്. വരള്‍ച്ച കണക്കിലെടുത്ത് കഴിഞ്ഞ ഒക്‌ടോബര്‍ 28 ന് സംസ്ഥാനത്തെ വരള്‍ച്ചാബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. കുടിവെള്ള വിതരണത്തിനായി എല്ലാ ജില്ലകള്‍ക്കും കൂടി 22.5 കോടി രൂപ അനുവദിച്ചു. കേന്ദ്രമാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് 5000 ലിറ്റര്‍ ശേഷിയുള്ള വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിച്ചു വരുന്നത്. എന്നാല്‍ വാട്ടര്‍ ടാങ്കിന്റെ ക്ഷാമം നേരിടുന്നത് കിയോസ്‌കുകള്‍ സ്ഥാപിക്കുന്നതിന് തടസമാകുന്നെന്നും മന്ത്രി പറഞ്ഞു. കുടിവെള്ള കിയോസ്‌കുകള്‍ മാത്രം സ്ഥാപിച്ച് കുടിവെള്ളം നല്‍കാനുള്ള സര്‍ക്കാര്‍ പദ്ധതിയെ അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി.
സര്‍ക്കാറിന്റെ ക്രൈസിസ് മാനേജുമെന്റ് പ്രവര്‍ത്തിക്കുന്നതിലൂണ്ടായ വീഴ്ചയാണ് സ്ഥിതിഗതികള്‍ രൂക്ഷമാക്കിയത്. വെള്ളം കിട്ടാതെ കൃഷി നശിച്ചതിനെ തുടര്‍ന്ന് കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണെന്നും ഷാഫി പറഞ്ഞു. കേരള കോണ്‍ഗ്രസ് മാണി വിഭാഗവും ബി.ജെ.പിയും വാക്കൗട്ടില്‍ പങ്കെടുത്തു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം മാണി, ഒ.രാജഗോപാല്‍ എന്നിവരും പ്രസംഗിച്ചു.