X

റമസാനെ വരവേല്‍ക്കാന്‍ ഡ്രൈ ഫ്രൂട്ട്‌സ് വിപണി ഒരുങ്ങി

റമസാന്‍ വ്രതാനുഷ്ഠാനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നഗരത്തിലെ ഡ്രൈഫ്രൂട്ട് വിപണി സജീവമാകുന്നു. നോമ്പുതുറ വിഭവങ്ങളില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ഈന്തപ്പഴം. അറബ് രാജ്യങ്ങളില്‍ നിന്നെത്തുന്ന ഇവ പൂര്‍ണമായി വിപണി കീഴടക്കി കഴിഞ്ഞു. ജോര്‍ദാര്‍, അംബര്‍, മബ്‌റൂം, സഫാവി, ഹാര്‍മണി, പേള്‍, മജ്ദൗള്‍ തുടങ്ങിയ വ്യത്യസ്തതയാര്‍ന്ന പേരുകളിലുള്ള ഈന്തപ്പഴങ്ങളാണ് വിപണി കീഴടക്കുന്നത്. അജ്വയാണ് ഈന്തപ്പഴങ്ങളില്‍ ഏറ്റവും വിലകൂടിയ ഇനം. കിലോ 2500 രൂപയാണ് ഇതിന്റ വില.
ഡ്രൈഫ്രൂട്ടുകളില്‍ ആപ്രിക്കോട്ട്, പ്ലം, ബ്ലൂബെറി, വാള്‍നെട്ട്, കിവി, ഓറഞ്ച്, പീച്ച്, ലെമണ്‍, സ്‌ട്രോബറി തുടങ്ങിയവയ്‌ക്കൊപ്പം ചക്ക, മാങ്ങ, പപ്പായ, പൈനാപ്പിള്‍,നെല്ലിക്ക, പച്ചമാങ്ങ തുടങ്ങിയ നാടന്‍ ഉണക്ക പഴങ്ങളും വിപണിയില്‍ സുലഭമാണ്. 250 മുതല്‍ 2000 വരെയാണ് കിലോക്ക് വില. ഇവയില്‍ കിവി,സ്‌ട്രോബറി എന്നിവക്കാണ് വിപണിയില്‍ കൂടുതല്‍ ആവശ്യക്കാരുള്ളത്. ഡ്രൈഫ്രൂട്ടുകളുടെ ഗുണങ്ങള്‍ ആളുകള്‍ മനസിലാക്കി തുടങ്ങിയതോടെ ആവശ്യക്കാരുടെ എണ്ണം വര്‍ധിച്ചതായി വ്യാപാരികള്‍ പറയുന്നു. നോമ്പിനോടനുബന്ധിച്ച് ആവശ്യക്കാര്‍ക്ക് കടകളില്‍ ഡ്രൈ ഫ്രൂട്ട് ഗിഫ്റ്റ് ബോക്‌സുകള്‍, കിറ്റുകള്‍ എന്നിവയും തയ്യാറാക്കി നല്‍കുന്നു. 500 രൂപമുതല്‍ 5000 രൂപ വരെയാണ് ബോക്‌സുകളുടെ വില. ഡ്രൈ ഫ്രൂട്ട്‌സ് വെറുതെ കഴിക്കാന്‍ മടിയുള്ളവര്‍ക്കായി ഡ്രൈ ഫ്രൂട്ട്‌സ് സ്മൂത്തി, ഡ്രൈ ഫ്രൂട്ട്‌സ് ലഡ്ഡു, ഡ്രൈ ഫ്രൂട്ട്‌സ് പായസം, ഡ്രൈ ഫ്രൂട്ട്‌സ് സാലഡ്, ഡ്രൈ ഫ്രൂട്ട്‌സ് ഹല്‍വ തുടങ്ങിയ പലഹാരങ്ങളും വിപണിയില്‍ എത്തിയിട്ടുണ്ട്.
ഡ്രൈഫ്രൂട്ടുകള്‍ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണപ്രദമാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. നാരുകള്‍ ധാരാളമടങ്ങിയ ഡ്രൈഫ്രൂട്ടുകള്‍ വിറ്റാമിന്‍, കാല്‍സ്യം, ഇരുമ്പ് എന്നിവ അടങ്ങിയതാണ്. അര്‍ബുദം നാഡീ സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം എന്നിവയെ പ്രതിരോധിക്കാനും ഇവക്ക് കഴിയും. തായ്‌ലാന്റ്, മലേഷ്യ,യു എസ് എ, ഇറാഖ്, ചൈന, ആഫ്രിക്ക, അഫ്ഗാന്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് ഡ്രൈ ഫ്രൂട്ടുകള്‍ ധാരാളമായി ഇറക്കുമതി ചെയ്യുന്നത്.

chandrika: