ഓം പ്രകാശിനെതിരായ ലഹരിക്കേസില്‍ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാര്‍ട്ടിനെയും ചോദ്യം ചെയ്യും. ഇരുവരെയും ഓം പ്രകാശ് താമസിച്ചിരുന്ന കൊച്ചിയിലെ ആഢംബര ഹോട്ടല്‍ മുറിയിലെത്തിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
എളമക്കര സ്വദേശി ബിനു ജോസഫിനെയാണ് എറണാകുളം സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ലഹരി ഇടപാടിന്റെ ഭാഗമായാണോ താരങ്ങള്‍ ഓം പ്രകാശിനെ സമീപിച്ചതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
നേരത്തെ, ഓം പ്രകാശിന് എറണാകുളം മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ലഹരിക്കേസില്‍ കൊക്കെയ്ന്‍ ഉപയോഗിച്ചതായി തെളിയിക്കാനാകാത്തതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്.
ഓം പ്രകാശിനെ ഇന്നലെയാണ് ആഡംബര ഹോട്ടലില്‍നിന്ന് കൊച്ചി മരട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബോള്‍ഗാട്ടിയിലെ ഡിജെ പരിപാടിക്ക് എത്തിയതായിരുന്നു ഇയാള്‍. ഇയാളോടൊപ്പം പിടിയിലായ ഷിഹാസില്‍നിന്ന് കൊക്കെയ്ന്‍ പിടികൂടിയിരുന്നു. ലഹരിവസ്തുക്കള്‍ കൈവശംവച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
ചോദ്യംചെയ്യുന്നതിനിടയില്‍ മുറിയില്‍ വന്നവരുടെ പേരു വിവരങ്ങള്‍ നല്‍കാന്‍ ഓം പ്രകാശ് തയാറായിരുന്നില്ല. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ശ്രീനാഥും പ്രയാഗയും എത്തിയെന്ന വിവരം ലഭിച്ചു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളില്‍ താരങ്ങള്‍ എത്തിയതായി തെളിഞ്ഞു. ഹോട്ടലില്‍ രജിസ്റ്ററിലും ഇവരുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരടക്കം 20 പേര്‍ മുറിയിലെത്തിയിരുന്നതായാണു വിവരം.