ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ പോലീസ് ചോദ്യം ചെയ്തു. രാവിലെ ഹാജരായ നടന്റെ ചോദ്യം ചെയ്യല്‍ വൈകീട്ടുവരെ നീണ്ടു. ഓംപ്രകാശിന്റെ കൊച്ചിയിലെ ആഢംബര ഹോട്ടലില്‍ വെച്ച് നടന്ന ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ശ്രീനാഥ് ഭാസിയോടും നടി പ്രയാഗ മാര്‍ട്ടിനോടും ചോദ്യംചെയ്യലിന് ഹാജരാകാന്‍ മരട് പോലീസ് നിര്‍ദേശിച്ചിരുന്നു. ഹോട്ടലിലെ രജിസ്റ്ററിലും സി.സി.ടി.വി. ദൃശ്യങ്ങളിലും കണ്ടെത്തിയ സാഹചര്യത്തില്‍ ഇരുവരും ലഹരി പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനു വേണ്ടി എത്തിയതാണോയെന്ന് സ്ഥിരീകരിക്കുകയാണ് ലക്ഷ്യം.
കേസില്‍ ഇന്നലെ നാലുപേരെ അന്വേഷക സംഘം ചോദ്യം ചെയ്തിരുന്നു. ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റ് പതിനാലോളം പേരുടെ വിവരങ്ങള്‍കൂടി ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് വരും ദിവസങ്ങളില്‍ നോട്ടീസ് നല്‍കും. ഇതുവരെ മൂന്നുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
താരങ്ങളെ ഹോട്ടലിലേക്ക് എത്തിച്ച ബിനു ജോസഫിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഓംപ്രകാശും കൊല്ലം സ്വദേശിയായ ഷിഹാസുമാണ് ആദ്യം അറസ്റ്റിലായത്. ഗുണ്ടാ നേതാവ് ഭായ് നസീറിന്റെ അനുയായിയായ ബിനു ഓംപ്രകാശുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ലഹരിപ്പാര്‍ട്ടിക്ക് ലഹരി എത്തിച്ചതും ഇയാളാണെന്നാണ് നിഗമനം.
ഹോട്ടലിലെ മുറിയില്‍നിന്നു കണ്ടെടുത്തത് മയക്കുമരുന്ന് തന്നെയാണെന്ന് സ്ഥിരീകരിച്ചിരുന്നു.പരിശോധനയില്‍ മയക്കുമരുന്ന് സൂക്ഷിച്ചിരുന്ന സിപ്പ് ലോക്ക് കവറും മദ്യക്കുപ്പികളും മാത്രമാണ് ലഭിച്ചത്. ലിഫ്റ്റ്, റിസപ്ഷന്‍, ഇടനാഴികള്‍ എന്നിവിടങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചുവരുകയാണ്. ഫോണ്‍കോളുകളുടെയും ശാസ്ത്രീയ പരിശോധനകളുടെയും ഫലം ലഭിച്ച ശേഷം വിശദമായ ചോദ്യംചെയ്യും.