കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങായി പഴങ്ങളില്‍ നിന്നും ധാന്യങ്ങള്‍ ഒഴികെയുള്ള കാര്‍ഷികോല്‍പ്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനുള്ള ചട്ടം നിലവില്‍ വന്നതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.
കേരളാ സ്മോള്‍ സ്‌കേല്‍ വൈനറി (ഫോര്‍ പ്രൊഡക്ഷന്‍ ഓഫ് ഹോര്‍ട്ടി വൈന്‍ ഫ്രം അഗ്രികള്‍ച്ചറല്‍ പ്രോഡക്ട്സ് ഓഫ് കേരള) റൂള്‍സ് 2022 ആണ് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ ഭേദഗതികള്‍ ഉള്‍പ്പെടുത്തി അംഗീകരിച്ചത്. ഇതനുസരിച്ച് ചക്ക, മാങ്ങ, കശുമാങ്ങ, വാഴപ്പഴം ഉള്‍പ്പെടെയുള്ള പഴവര്‍ഗങ്ങളില്‍ നിന്നും ധാന്യങ്ങളൊഴികെയുള്ള കാര്‍ഷികോല്‍പ്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നതിന് അനുമതി നല്‍കാനാകും. ഇതിനായി അബ്കാരി ചട്ടങ്ങളില്‍ നിയമ ഭേദഗതിക്ക് നേരത്തെ അനുമതി നല്‍കിയിരുന്നു.
പ്രാദേശികമായി ലഭിക്കുന്ന കാര്‍ഷികോത്പന്നങ്ങളില്‍ നിന്ന് മദ്യം നിര്‍മ്മിക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് ഉയര്‍ന്ന വരുമാനം ലഭിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. നിരവധി പേര്‍ക്ക് ഇതിലൂടെ തൊഴില്‍ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.