ശംസുദ്ദീന്‍ വാത്യേടത്ത്
ഏത് ഉത്പന്നവും അതിവേഗം വിപണനം നടക്കുന്ന നാടാണ് കേരളം. എങ്കിലും തിന്മക്ക് ഒരുതരത്തിലും പ്രോത്സാഹനം ഇല്ലായിരുന്ന സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം ഇപ്പോള്‍ വ്യാപകമാണ്. സംസ്‌കാര സമ്പന്നതയുടെ കൊടുമുടിയില്‍ നില്‍ക്കുന്നുവെന്ന് സ്വയം അവകാശപ്പെടുന്ന കേരളത്തിന്റെ അഭിമാനം തകര്‍ത്ത് മയക്കുമരുന്ന് ഉപയോഗത്തിന്റെ പാത സ്വീകരിച്ച് പുതുതലമുറയിലെ വിദ്യാര്‍ഥി സമൂഹവും തിന്മയുടെ വഴിയിലൂടെ സഞ്ചരിക്കാന്‍ തുങ്ങിയിട്ടുണ്ട്.
2020 നേക്കാളും 25 ശതമാനം മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിച്ചതായാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. മദ്യത്തിന്റെ ഉപയോഗം വേറെയും. ഓരോ ദിവസവും മിനിമം മൂന്നു കേസെങ്കിലും കേരളത്തിലെ ഓരോ പൊലീസ്‌സ്റ്റേഷനിലും മയക്ക്മരുന്ന് ഉപയോഗത്തിന്റെ പേരില്‍ എടുക്കുന്നുണ്ട്. സംസ്‌കാര, വിദ്യാഭ്യാസ, ആരോഗ്യരംഗത്ത് ഇന്ത്യക്ക്തന്നെ മാതൃകയായ കേരളത്തില്‍ പൊലീസിനും എക്‌സൈസിന് പോലും ഒന്നും ചെയ്യാന്‍ കഴിയാത്ത തരത്തില്‍ മാറിയിരിക്കുന്നുവെന്ന് പറഞ്ഞാല്‍ അല്‍ഭുതപെടാനില്ല. മദ്യത്തിന്റെ അമിത ഉപയോഗത്തിന്പുറമേ സ്പിരിറ്റ്, കഞ്ചാവ്, ഹാഷിഷ് ഓയില്‍, ബ്രൗണ്‍ ഷുഗര്‍, ഹെറോയില്‍, കൊകെയില്‍, എം.ഡി.എം.എ, എല്‍.എസ്.ഡി, കറുപ്പ്, ഹാന്‍സ് തുടങ്ങിയവ അന്യ സംസ്ഥാനങ്ങളില്‍നിന്നും സുലഭമായി കേരളത്തിലേക്ക് എത്തുന്നു. തീരദേശ മേഖലയിലാണ് കൂടുതലായി മയക്ക്മരുന്നിന്റെ വിപണന കേന്ദ്രം. സ്‌കൂള്‍, കോളജ് കേന്ദ്രീകരിച്ച് കൂടുതലായി വിപണനം നടത്താന്‍ മയക്ക്മരുന്ന് സംഘത്തിന് പ്രത്യേക ടീം തന്നെ ഉണ്ട്. പക്ഷേ മയക്ക്മരുന്ന് ഉപയോഗിക്കുന്നവരെ ഓരോ ദിവസവും പിടികൂടുന്നുണ്ടങ്കിലും വിപണനം നടത്തുന്നവരെ കെണ്ടത്താന്‍ ഏറെ പ്രയാസമാണ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂര്‍, എറണാകുളം, കൊല്ലം ജില്ലകളില്‍ അടുത്തിടെ പിടികൂടിയത് കോടികണക്കിന് രൂപ വിലവരുന്ന മയക്കുമരുന്നുകളാണ്.
മദ്യ ഉപയോഗത്തിന്പുറമേ കഞ്ചാവ്, ഹാഷിഷ് ഓയില്‍, എം.ഡി.എം.എ, എല്‍. എസ്.ഡി തുടങ്ങിയ ഉപയോഗമാണ് വര്‍ധിച്ചിരിക്കുന്നത്. 15 മുതല്‍ 25 വയസുവരെ പ്രായമുള്ളവരാണ് കൂടുതലായി മയക്കുമരുന്നിന്റെ അടിമകളായിമാറുന്നത്. കോളജ്, സ്‌കൂള്‍ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് ലോബികള്‍ താവളം ഉറപ്പിക്കാന്‍ ശ്രമം നടക്കുന്നത്. സ്‌കൂളിലും കോളജിലും പഠിക്കുന്ന പെണ്‍കുട്ടികളും മയക്കുമരുന്ന് ലോബികളുടെ വലയില്‍ വീണുകൊണ്ടിരിക്കുന്നു എന്ന് മാത്രമല്ല അവരുടെ കണ്ണികളുമാണ്. ഇടക്കിടെ കഞ്ചാവ്, ഹാഷിഷ് ഓയില്‍, എം.ഡി.എം.എ അടക്കമുള്ള മയക്കുമരുന്ന് പിടികൂടാറുണ്ടെങ്കിലും ഇവര്‍ മണിക്കൂറുകള്‍ക്കകം ജാമ്യത്തിലിറങ്ങുന്ന കാഴ്ചയാണ് കാണുന്നത്. കഞ്ചാവ് കിലോയില്‍ താഴെ, ഹാഷിഷ് ഓയില്‍ 5 മില്ലിയില്‍ താഴെയും എം.ഡി.എം. എ 9 ഗ്രാമില്‍ താഴെ അളവിലുള്ളവ പിടികൂടിയാല്‍ ജാമ്യം കിട്ടാന്‍ വ്യവസ്ഥ ഉള്ളതിനാല്‍ പ്രതികള്‍ 5000 രൂപ പിഴ അടച്ച് രക്ഷപ്പെടുകയാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്ന കൗമാരക്കാരും യുവാക്കളും വളരെ പെട്ടെന്ന് ലഹരി കടത്തുകാരായി മാറുന്ന കാഴ്ചയാണ് കേരളം കണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ വിദ്യാര്‍ഥികള്‍ ഈ രംഗത്ത് സജീവമാണ്. മയക്കുമരുന്ന് സൗജന്യമായോ കുറഞ്ഞ വിലക്കോ കിട്ടുന്നതും പണം സമ്പാദിക്കാനുമാണ് കൗമാരക്കാരും യുവാക്കളും ഈ രംഗത്ത് ഉണ്ടായിരുന്നതെങ്കില്‍ ഉന്നത വിദ്യാഭ്യാസം ഉള്ളവരും ഉന്നത സ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരും ഈ രംഗത്ത് കൂടുതലായി മയക്കുമരുന്ന് കാരിയര്‍ ആയി പ്രവര്‍ത്തിക്കുന്നു. ഇവര്‍ വഴിയാണ് ക്യാമ്പസുകള്‍ വ്യാപകമായി മയക്കുമരുന്ന് ഉപയോഗ കേന്ദ്രമായത്. ആണ്‍കുട്ടികള്‍ക്കൊപ്പം പെണ്‍കുട്ടികളും അതിവേഗം മയക്കുമരുന്ന് ഉപയോഗരംഗത്തേക്ക് വന്നിരിക്കുന്നത് പെട്ടെന്ന് ഒരാള്‍ക്കും കണ്ടത്താന്‍ കഴിയാത്തതിനാലാണ്. പുകവലിയുടെയും മദ്യപാനത്തിന്റെയും കഞ്ചാവ് ഉപയോഗത്തിലൂടെയും ഉണ്ടാവുന്ന മണം എല്‍.എസ്.ഡിയും എം.ഡി.എം.എ അടക്കമുള്ള മയക്കുമരുന്നുകള്‍ക്ക് ഇല്ലാത്തത് വീട്ടുകാര്‍ക്കോ കൂട്ടുകാര്‍ക്കോ തിരിച്ചറിയാന്‍ കഴിയാത്തതാണ് മയക്ക്മരുന്ന് ഉപയോഗം വര്‍ധിക്കാന്‍ കാരണമായി പറയുന്നത്.
കേരളത്തില്‍ മാരകമായ മയക്കുമരുന്നുകള്‍ പരിചയപ്പെടുത്തുന്നതിന് പ്രത്യേക ടീംതന്നെ ഉണ്ട്. വിദ്യാര്‍ഥികള്‍ക്കിടയില്‍ തന്നെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. വീര്യം കൂടിയതും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്തതുമായ മയക്കുമരുന്നുകളാണ് വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രചരിക്കുന്നത്. ആദ്യമൊക്കെ ആണ്‍കുട്ടികളാണ് മയക്ക്മരുന്ന് ഉപയോഗിക്കുന്നവര്‍ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ പെണ്‍കുട്ടികളും കൂടുതലായി ഉപയോഗിക്കുന്നു. പലപ്പോഴും പെണ്‍കുട്ടികള്‍ വീടുകളില്‍ എത്തിയാല്‍ തലവേദന എന്ന് പറഞ്ഞ് വീടിനകത്ത് കിടന്നുറങ്ങുന്നത് പതിവാണ്. സ്ഥിരമാവുന്ന തലവേദന മാറ്റാന്‍ ഡോക്ടറുടെ അടുത്ത് എത്തുമ്പോഴാണ് മയക്ക്മരുന്നിന് അടിമയാണ് മകള്‍ എന്ന് രക്ഷിതാവ് അറിയുന്നത്. അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ട്‌പോയിരിക്കും. അമിതമായ സ്‌നേഹവും എന്റെ മകള്‍ ഒരു തെറ്റും ചെയ്യില്ലെന്ന വിശ്വാസവും മുതലെടുത്ത് തമാശക്ക് ചെയ്യുന്നതാവാം ഒരുപക്ഷേ ഗുരുതരാവസ്ഥയില്‍ എത്തുന്നത്.
രാസലഹരിയില്‍ ഏറ്റവും ഡിമാന്‍ഡ് എം.ഡി.എം.എക്കാണ്. എളുപ്പത്തില്‍ കൈമാറ്റം നടത്താമെന്നതും ഉപയോഗിച്ചാലും കണ്ടെത്താന്‍ പ്രയാസവുമായ ഉത്പന്നമാണ് എം.ഡി.എം.എ. കൊക്കൈയിന്‍ പോലുള്ള ലഹരി മരുന്നിനേക്കാള്‍ കിട്ടാന്‍ എളുപ്പവുമാണ്. ബാംഗ്ലൂരിലും ഗോവയിലുമായി നൈജീരിയന്‍ സംഘത്തിന്റെ നേത്യത്വത്തില്‍ നിര്‍മിക്കുന്നത് എം.ഡി.എം.എ തന്നെയാണത്രെ. ക്രിസ്റ്റല്‍ രൂപത്തിലുള്ള എം.ഡി.എം.എ യുവാക്കള്‍ക്കിടയില്‍ ഐസ്‌മെത്ത്, ക്രിസ്റ്റല്‍ മെത്ത്, സ്പീഡ് തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്നു. ലഹരി സ്ഥിരമായി ഉപയോഗിക്കുന്നവര്‍ ഏറ്റവും കൂടുതലായി ആവശ്യപ്പെടുന്നതും അതിവേഗം നാഡീ ഞരമ്പുകളെ ഉത്തേജിപ്പിക്കുന്ന ആനന്ദം നല്‍കുന്ന എം.ഡി.എം.എ ആണത്രെ. ബിയര്‍പാര്‍ലര്‍ കേരളത്തില്‍ അധികരിച്ചപ്പോള്‍ അതുവഴി മയക്കുമരുന്ന് ലോബികള്‍ക്ക് വിദ്യാര്‍ഥികള്‍ക്കിടയിലെത്താന്‍ എളുപ്പമാര്‍ഗമായി. മദ്യം പോലെ കുഴപ്പം ഇല്ലാത്തതാണ് ബിയര്‍ എന്ന വിശ്വാസമാണ് കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ഥികളെ ബിയര്‍ പാര്‍ലറുകളിലേക്ക് ആകര്‍ഷിച്ചത്. അവിടെ നിന്ന് കിട്ടുന്ന ആനന്ദത്തേക്കാളും കൂടുതല്‍ ആനന്ദം നല്‍കുന്നതാണ് എം.ഡി. എം.എ എന്നും സിനിമ, ഐ.ടി തുടങ്ങി വലിയ നിലയില്‍ കഴിയുന്ന സെലിബ്രിറ്റികള്‍ ഉപയോഗിക്കുന്നതാണ് ഇതെന്നും ആരും അറിയാന്‍ പോകുന്നില്ല എന്നൊക്കെ പറഞ്ഞാണ് വിദ്യാര്‍ഥികളെ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് എത്തിക്കുന്നത്. ഇതൊന്നും വലിയ കാര്യം അെല്ലന്ന് വിശ്വസിപ്പിച്ച് ചെറിയ രീതിയില്‍ തുടങ്ങിയ ഉപയോഗത്തില്‍നിന്നും പിന്തിരിയാന്‍ കഴിയാത്തതരത്തില്‍ കുടുങ്ങുകയാണ് പലരും. ആദ്യ കാലത്ത് സ്‌കൂള്‍ പരിസരത്തുള്ള കടകളില്‍ നിന്നും മിഠായി എന്ന് പറഞ്ഞ് ഇറങ്ങിയിരുന്ന ഉത്പന്നങ്ങള്‍ പിന്നീടാണ് എക്‌സൈസും പൊലീസും മയക്ക്മരുന്നിന്റെ ചെറിയ ഭാഗമാണെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് സ്‌കൂള്‍ പി.ടി.എ യുടെ സഹകരണത്തോടെ സ്‌കൂള്‍ പരിസരത്ത്‌നിന്നും ഇത്തരം ലഹരി ഉണ്ടാക്കുന്ന മിഠായി ഐറ്റങ്ങള്‍ മാറ്റിയ സംഭവങ്ങള്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. കേരളത്തിലെ ക്യാമ്പസുകളിലേക്ക് മയക്ക്മരുന്നിന്റെ കടന്ന്കയറ്റവും പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ഥി സമൂഹത്തില്‍ നല്ലൊരു വിഭാഗം മയക്ക്മരുന്നിന്റെ അടിമകളായതിന്റെയും തുടക്കം കുട്ടികള്‍ക്ക് മിഠായി എന്ന പേരില്‍ സ്‌കൂള്‍ പരിസരത്ത് വിതരണം ചെയ്ത ഉത്പന്നങ്ങള്‍ തന്നെയാണെന്നാണ് പറയുന്നത്.
(തുടരും)