ഡല്‍ഹി: കോവിഡ് വാക്‌സിന്‍ പരീക്ഷണവുമായി ബന്ധപ്പെട്ട് പുണെയിലെ സെറം ഇന്‍സ്റ്റിറ്റിയൂട്ടിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന്റെ നോട്ടീസ്. ഓക്‌സ്ഫഡ് വാക്‌സിന്റെ പരീക്ഷണം മറ്റുരാജ്യങ്ങള്‍ നിര്‍ത്തിവച്ചകാര്യം ഡ്രഗ്‌സ് കണ്‍ട്രോളറെ അറിയിക്കാതിരുന്നതിനെ തുടര്‍ന്നാണിത്.
ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച വാക്‌സിന്റെ മനുഷ്യരിലുള്ള പരീക്ഷണം വാക്‌സിന്‍ കുത്തിവച്ച ഒരാളില്‍ അജ്ഞാതരോഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു. ഈ സാഹചര്യത്തില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതുവരെ വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ നിര്‍ത്തിവെക്കാത്തത് എന്തുകൊണ്ടാണെന്ന് നോട്ടീസില്‍ ആരാഞ്ഞിട്ടുണ്ട്. വ്യക്തമായ കാരണം വിശദമാക്കണമെന്നാണ് നോട്ടീസിലെ ആവശ്യം.
ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ കോവിഡ് വാക്‌സിന്റെ ഇന്ത്യയിലെ പരീക്ഷണം തുടരുമെന്ന് സെറം ഇന്‍സ്റ്റിറ്റിയൂട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ പരീക്ഷണങ്ങള്‍ക്കിടെ പ്രശ്‌നങ്ങളൊന്നും കാണാത്തതിനെ തുടര്‍ന്നാണ് പരീക്ഷണം പുരോഗമിക്കുന്നതെന്നാണ് സെറം അറിയിച്ചത്.