കൊച്ചിയിലെ പുറംകടലില്‍ നിന്ന് പിടികൂടിയ 15,000 കോടിയുടെ മയക്കുമരുന്നിന് പിന്നില്‍ പാക്സ്ഥാനിലെ ഹാജി സലിം ഗ്രൂപ്പിന് പങ്കുണ്ടെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. പാക് ബോട്ട് ഇന്ത്യന്‍ സമുദ്രമേഖലയില്‍ പ്രവേശിച്ചതോടെ നാവിക സേനയുടെ നിരീക്ഷണത്തിലായിരുന്നു.
മെത്താഫെംറ്റമിന്‍ എത്തിച്ച പ്ലാസ്റ്റിക് പെട്ടികളില്‍ ഉത്പാദന കേന്ദ്രങ്ങളുടെ അടയാളമായി റോളക്‌സ്, ബിറ്റ്‌കോയിന്‍ മുദ്രകളുണ്ട്. പ്ലാസ്റ്റിക് പെട്ടികളില്‍ ഈര്‍പ്പത്തെ പ്രതിരോധിക്കാന്‍ പഞ്ഞിയുള്‍പ്പെടെ വച്ച് സുരക്ഷിതമായാണ് മയക്കുമരുന്നുകള്‍ പാക്ക് ചെയ്തിട്ടുള്ളത്.
നാവികസേനയും എന്‍സിബിയും പിന്തുടരുന്ന വിവരം മനസിലാക്കിയ ഉടന്‍ ലഹരിക്കടത്തുകാര്‍ ലഹരിമരുന്ന് സൂക്ഷിച്ചിരുന്ന കപ്പല്‍ മുക്കാന്‍ ശ്രമിച്ചതായാണു വിവരം. കപ്പല്‍ മുക്കിയശേഷം ഇതിലുണ്ടായിരുന്നവര്‍ ബോട്ടുകളില്‍ കയറി രക്ഷപ്പെടുകയായാരുന്നു. ഇതിലൊരു ബോട്ടിനെ പിന്തുടര്‍ന്നാണ് പാക്കിസ്ഥാന്‍ സ്വദേശിയെ കസ്റ്റഡിയിലെടുത്തത്.