X

ഫ്രൂട്ട്‌സ് ബോക്‌സില്‍ കടത്താന്‍ ശ്രമിച്ച 2.25 ദശലക്ഷം മയക്കുമരുന്ന് ഗുളികകള്‍ അബുദാബിയില്‍ പിടികൂടി; മൂന്നുപേര്‍ അറസ്റ്റില്‍

അബുദാബി: ഫ്രൂട്ട്‌സ് പെട്ടിയില്‍ കടത്താന്‍ ശ്രമിച്ച 2.25 ദശലക്ഷം മയക്കുമരുന്ന് ഗുളികകള്‍ അബുദാബി പൊലീസ് പിടികൂടി. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച മൂന്നുപേരെ അറസ്റ്റ് ചെയ്തതായി അബുദാബി പൊലീസ് അറിയിച്ചു.

ഉണങ്ങിയ ആപ്രിക്കോട്ട് പഴത്തിന്റെ പാക്കറ്റുകള്‍ക്കുള്ളിലാണ് ഇത്രയും മയക്കുമരുന്നു ഗുളികകള്‍ കടത്താനുള്ള ശ്രമം നടത്തിയതെന്ന് അബുദാബി പൊലീസ് ആന്റി നാര്‍ക്കോട്ടിക് ഡയറക്ടറേറ്റ് വിഭാഗം മേധാവി ബ്രിഗേഡിയര്‍ താഹര്‍ ഗരീബ് അല്‍ദാഹിരി വ്യക്തമാക്കി.

മയക്കുമരുന്നു കടത്തുസംഘം ഇവ യു.എ.ഇയില്‍ വില്‍പ്പന നടത്താനും അയല്‍രാജ്യത്തേക്ക കടത്താനുമായി പദ്ധതിയിട്ടതായിരുന്നു. അബുദാബി പൊലീസിനുകീഴിലുള്ള മയക്കുമരുന്നു വിരുദ്ധ സംഘം നടത്തിയ രഹസ്യനീക്കത്തിലാണ് ഇവ പിടികൂടിയത്. മയക്കുമരുന്ന് തയാറാക്കുന്നതിനും പാക്ക് ചെയ്യുന്നതിനുമുള്ള ഉപകരണങ്ങളും ഇതോടൊപ്പം പിടിച്ചെടുത്തിയിട്ടുണ്ട്.

മയക്കുമരുന്ന് ഉപയോഗത്തില്‍നിന്ന് സമൂഹത്തെ പൂര്‍ണ്ണമായും രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളാണ് അബുദാബി പൊലീസ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി.

webdesk14: