കൊച്ചി: നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും നാവിക സേനയും ചേര്‍ന്നു കൊച്ചി പുറം കടലില്‍ പിടികൂടിയ ലഹരി ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ടായിരുന്നുവെന്ന് സൂചന. അഫ്ഗാനിസ്ഥാന്‍ ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര ലഹരി കടത്ത് സംഘമാണിതിന്പിന്നില്‍.ബോട്ടില്‍ നിന്ന് പിടികൂടിയ 200കിലോ ഹെറോയിന്‍ ഏജന്റുമാര്‍ക്ക് കൈമാറാന്‍ പുറംകടലില്‍ കാത്ത് നില്‍ക്കുന്നതിനിടെയാണ് നാവിക സേന നര്‍ക്കോട്ടിക് ബ്യൂറോ സംഘം ലഹരി കടത്ത് മത്സ്യ ബന്ധന ബോട്ട് പിടികൂടിയത്.
ഒരു കിലോ തുക്കം വരുന്ന പാക്കറ്റുകളിലാക്കിയായിരുന്നു വീര്യം കൂടിയ ഹെറോയിന്‍ . ഇതേ സമയം കൊച്ചി പുറം കടലില്‍ പിടികൂടിയ ലഹരി കടത്തിയത് പാക്കിസ്താനിലെ ലഹരി മാഫിയയെന്ന്് പിടിയിലായവര്‍ മൊഴി നല്‍കി. പുറംകടല്‍ വഴി പാക് മാഫിയ സംഘത്തിന്റെ അതിതീവ്ര ലഹരിക്കടത്ത് പതിവാണെന്നും അവര്‍ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനില്‍നിന്നാണ് ഹെറോയിന്‍ എത്തിച്ചതെന്നും പിടിയിലായവര്‍ മൊഴി നല്‍കി. അഫ്ഗാനിസ്ഥാനില്‍ നിന്നെത്തിച്ച ലഹരിമരുന്ന് ഉള്‍ക്കടലില്‍ വച്ച് മറ്റൊരു സംഘത്തിന് കൈമാറുകയായിരുന്നു ലക്ഷ്യം. കൊച്ചി പുറങ്കടലിലെ ഉരുവില്‍ നിന്ന് പിടിയിലായ ഇറാനിയന്‍ പൗരന്മാരെ ചോദ്യം ചെയ്തതില്‍ നിന്നാണ് രാജ്യാന്തര ലഹരിക്കടത്തിന് പിന്നിലെ നിര്‍ണായക വിവരങ്ങള്‍ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോക്ക് ലഭിച്ചത്. അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇതാദ്യം ഇറാന്‍ തുറമുഖങ്ങളിലെത്തിക്കും. ഇവിടെ നിന്ന് ഇറാനിയന്‍ സംഘം കപ്പലിലോ ഉരുവിലോ കൊണ്ടുപോകുന്ന ലഹരിമരുന്ന് ഉള്‍ക്കടലില്‍ വച്ച് പാക്കിസ്ഥാന്‍ കള്ളക്കടത്ത് മാഫിയാ സംഘത്തിന് കൈമാറും. പാക്കിസ്താന്‍ സംഘമാണ് പിന്നീട് ഈ ലഹരി മരുന്ന് ഇന്ത്യന്‍ തീരത്ത് എത്തിച്ച് കൈമാറുന്നത്.
പാക്കിസ്താന്‍ കള്ളക്കടത്ത് സംഘം സാറ്റലൈറ്റ് ഫോണ്‍ വഴി, ഉള്‍ക്കടലില്‍ വച്ച് ലഹരി മരുന്ന് ആര്‍ക്ക് കൈമാറണം എന്ന് നിര്‍ദ്ദേശിക്കും. ഇത്തരത്തില്‍ നിര്‍ദ്ദേശത്തിനായി കാത്ത് കിടക്കുമ്പോഴാണ് കഴിഞ്ഞ ദിവസം ഇറാനിയന്‍ ഉരു നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെയും നാവിക സേനയുടെയും പിടിയിലായത്. ഉരുവിലുണ്ടായിരുന്ന ആറ് പേരെ അറസ്റ്റ് ചെയ്തു. പ്രതികളുടെ സാറ്റലൈറ്റ് ഫോണ്‍ ചോര്‍ത്തിയതിലൂടെയാണ് കള്ളക്കടത്തിനെ കുറിച്ചുള്ള വിവരം എന്‍സിബിയ്ക്ക് ലഭിച്ചത്.