കൊച്ചി: ഗുണ്ടാത്തലവൻ ഓംപ്രകാശ് എറണാകുളത്തെ ആഡംബര ഹോട്ടലിൽ നടത്തിയ ലഹരിപ്പാർട്ടിയിൽ പങ്കെടുത്തെന്ന് സംശയിക്കുന്ന ചലച്ചിത്ര താരങ്ങളായ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും ചോദ്യം ചെയ്യലിന് വിളിപ്പിച്ചു. മൊഴിയെടുക്കുന്നതിനായി വ്യാഴാഴ്ച ഹാജരാകാനാണ് കേസന്വേഷിക്കുന്ന മരട് പൊലീസ് ഇരുവരോടും നിർദേശിച്ചിരിക്കുന്നത്. ഇവർക്ക് പുറമെ പാര്‍ട്ടിയിൽ പങ്കെടുത്തെന്നു കരുതുന്ന ഇരുപതോളം പേരിൽ നിന്നും മൊഴി എടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ഓംപ്രകാശിന്റെ മുറി സന്ദര്‍ശിച്ചു എന്നാണ് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവര്‍ക്ക് പുറമെ 20 അധികം ആളുകളും മുറിയില്‍ എത്തി. ഏത് പശ്ചാത്തലത്തിലാണ് ഈ സിനിമ താരങ്ങള്‍ക്ക് ക്രിമിനലായ ഓംപ്രകാശുമായി ബന്ധം എന്നതടക്കമാണ് അന്വേഷിക്കുന്നത്. ഹോട്ടലിലെ രജിസ്റ്റര്‍ പങ്കുവച്ച ഘട്ടത്തില്‍ തന്നെ ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാര്‍ട്ടിന്റെയും പേര് ശ്രദ്ധയില്‍ പെട്ടിരുന്നു. ചോദ്യം ചെയ്യലില്‍ ഇരുവരും തന്നെ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് ഓം പ്രകാശ് സ്ഥിരീകരിക്കുകയും ചെയ്തു.