കോഴിക്കോട് : മുങ്ങിമരണപ്പെട്ടവരില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയാല്‍ ബന്ധുക്കള്‍ക്ക് കോവിഡ് സഹായം നല്‍കണമെന്ന് ആവശ്യമുയരുന്നു. മുങ്ങിമരണമുള്‍പ്പെടെയുളള അപകട മരണങ്ങളില്‍ പെട്ടവര്‍ പോസിറ്റീവ് ആയാലും സഹായത്തിനു പരിഗണിക്കേണ്ടെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഉത്തരവിലുള്ളത്. എന്നാല്‍ അപകടത്തില്‍ മരണപ്പെട്ടവര്‍ പോസിറ്റീവ് ആയാല്‍ സഹായത്തിന് അര്‍ഹതയുണ്ടെന്നാണ് കേന്ദ്ര ആരോഗ്യ വകുപ്പിന്റെ തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെ മരണപ്പെട്ടവര്‍ക്ക് സഹായം നല്‍കുന്നുമുണ്ട്. കേന്ദ്ര സര്‍ക്കാറിനെ പിന്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാറും ഇത്തരത്തില്‍ ഓര്‍ഡര്‍ ഇറക്കണമെന്നാണ് ആവശ്യമുയരുന്നത്.
കൊറോണ വൈറസിന്റെ സാന്നിധ്യം മൂലമാണ് നീന്തലില്‍ നല്ല പരിശീലനമുളളവര്‍ പോലും മുങ്ങിപ്പോവുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മുങ്ങി മരിച്ച വടകര വില്യാപ്പളളി സ്വദേശിയായ യുവാവില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയിരുന്നു. വില്യാപ്പള്ളി ആയിരോട്ടു താഴെ കുനിയില്‍ സഹീര്‍ ആണ് കഴിഞ്ഞ ഒക്ടോബര്‍ 14 ന് മുങ്ങിമരിച്ചത്. വര്‍ഷങ്ങളായി പരിശീലനമുള്ള നല്ല നീന്തല്‍ക്കാരനായിരുന്നു ഇദ്ദേഹം. കുളത്തില്‍ കുളിക്കാനിറങ്ങിയ കുട്ടികളെ രക്ഷിച്ചതിന് ശേഷം വെള്ളത്തിലേക്ക് ആഴ്ന്നു പോവുകയായിരുന്നു ഇദ്ദേഹം. കൊറോണ വൈറസ് ശ്വാസ കോശത്തെയാണ് കാര്യമായി ബാധിക്കുന്നതെന്നതിനാല്‍ ശ്വാസം കഴിക്കാനുള്ള ബുദ്ധിമുട്ട് അപകടത്തിന് കാരണമാവാനുള്ള സാധ്യതയുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു.
കോവിഡ് സഹായത്തിന് വേണ്ടി അപേക്ഷിച്ചെങ്കിലും അപകട മരണമായതിനാല്‍ സഹായത്തിന് അര്‍ഹതയില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ മറുപടി. സംസ്ഥാന ഭരണകൂടമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. കോവിഡ് സമയത്ത് നിരവധി പേര്‍ മുങ്ങിമരിക്കുകയുണ്ടായി. കോവിഡ് പോസിറ്റീവ് ആയെങ്കിലും സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവിലെ നിബന്ധനകള്‍ മൂലം ഇവരുടെ ബന്ധുക്കള്‍ക്ക് സഹായം നിഷേധിക്കപ്പെടുകയായിരുന്നു.
കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അമ്പതിനായിരം രൂപയാണ് സഹായമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് അയ്യായിരം രൂപ വീതവും സഹായം നല്‍കുന്നു. കൊറോണ വൈറസ് സാന്നിധ്യം ശ്വാസകോശത്തെ ബാധിക്കുന്നതിനാലാണ് പല മുങ്ങിമരണവുമുണ്ടാവുന്നത് എന്ന അഭിപ്രായം ഉയരുന്ന സാഹചര്യത്തില്‍ ഇങ്ങനെ മരണപ്പെടുന്നവര്‍ക്കു കൂടി സഹായം ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കണമെന്നാണ് ആവശ്യം.