X

മുക്കിയവരും മുങ്ങിയവരും

കേരളത്തില്‍ സി.പി.എമ്മുകാര്‍ അവരുടെ ആസ്ഥാന ബുദ്ധി ജീവിയാക്കി വെച്ചിരുന്ന പഴയ ധനമന്ത്രി കയറു പിരി ശാസ്ത്രജ്ഞന്‍ പറയുന്നതത്രയും അബദ്ധമായിരുന്നെന്ന് മലയാളികള്‍ മുമ്പേ അനുഭവത്തില്‍ പഠിച്ചതായിരുന്നു. അതിപ്പോള്‍ കിഫ്ബിയാണെങ്കിലും മസാല ബോണ്ടാണെങ്കിലും ഡാമില്‍ നിന്നും മണലൂറ്റുന്നതാണെങ്കിലും ലാഭത്തേക്കാളും നഷ്ടക്കച്ചവടം മാത്രമാണ് പറയാനുള്ളത്. ഇപ്പോള്‍ ഇതുപോലൊരു അനുഭവമാണ് കെ.എഫ്.സിയുടെ കാര്യത്തിലും പുറത്തു വരുന്നത്. സി.പി.എം നേതാക്കളുടെ വഴിവിട്ട നീക്കം വഴി ആകെ പൊളിഞ്ഞ് പാളീസായ അനില്‍ അംബാനിയുടെ സ്ഥാപനത്തില്‍ പണം നിക്ഷേപിക്കുകയും അതുവഴി സര്‍ക്കാര്‍ ഉടമ സ്ഥതയിലുള്ള കെ.എഫ്.സിക്ക് 100 കോടിയോളം രൂപ നഷ്ടമായതും വാര്‍ത്തകളില്‍ നിറഞ്ഞതോടെ പഴയ ധനമന്ത്രിയും പുതിയ ധനമന്ത്രിയും ന്യായീകരിച്ച് തേയുകയാണ്.

അനില്‍ അംബാനിയുടെ സ്ഥാപനത്തില്‍ പണം നിക്ഷേപിച്ച ശേഷമാണ് ബോര്‍ഡ് യോഗത്തില്‍ പോലും ഇക്കാര്യം അവതരിപ്പിച്ചത്. സുതാര്യത അല്ലാതെന്ത് പറയാന്‍. സി.പി.എം വനിതാ നേതാവിന്റെ മകന്‍ നടത്തിയ ഈ നീക്കത്തിന് സര്‍ക്കാരിന്റെ പിന്തുണയും ഉണ്ടായിരുന്നു. അംബാനിക്കെതിരെയെന്ന് വിരവാദം പറയുമ്പോഴും അംബാനിയെ സഹായിക്കാനായി സി.പി.എമ്മും അംബാനിക്കമ്പനിയുമായുള്ള അന്തര്‍ധാര സജീവമായിരുന്നുവെന്ന് വേണം കരുതാന്‍. ഒരു വശത്തു അംബാനിയെ ചീത്ത വിളിക്കും. മോദിയുടെ ആളാണെന്നും പറഞ്ഞ്. മറുവശത്തു അംബാനിക്ക് എല്ലാ സഹായങ്ങളും ചെയ്യും. അതാണെടാ സി.പി.എം. നിക്ഷേപം നടത്തിയ ശേഷമാണ് ഇക്കാര്യം കെ.എഫ്.സി ബോര്‍ഡ് പോലും അംഗീകരിച്ചത്. അത്ര നിഷ്‌കളങ്കമായിരുന്നില്ല കെ.എഫ്.സിയിലെ ഇടപാട്. ഇതിലൂടെ ഖജനാവിന് നഷ്ടമായത് നൂറു കോടി രൂപയാണ്.

ന്യായീകരണം എന്ന വാക്ക് തന്നെ കണ്ടെത്തിയത് തനിക്ക് വേണ്ടിയാണെന്ന് പലവുരു തെളിയിച്ച മുന്‍ ധനമന്ത്രി ഐസക് സഖാവും നിലവിലെ ധനമന്ത്രി ബാലഗോപാലും അനില്‍ അംബാനിയുടെ സ്ഥാപനത്തില്‍ കെ.എഫ്.സി നടത്തിയ നിക്ഷേപം നിയമപരമാണെന്നാണ് വാദിക്കുന്നത്. എല്ലാ തട്ടിപ്പുകളും ചമക്കുന്ന പതിവ് ന്യായം ധനമന്ത്രി ബാലഗോപാല്‍ ഇത്തവണയും ചുമന്നിട്ടുണ്ട്. ബിസിനസില്‍ ലാഭവും നഷ്ടവും ഉണ്ടാകാം. നിക്ഷേപിക്കുന്ന സമയം ഉയര്‍ന്ന റേറ്റിംഗില്‍ ആയിരുന്നു ആര്‍.സി.എഫ്.എല്‍. യെസ് ബാങ്ക്, കാനറാ ബാങ്ക്, നബാര്‍ഡ്, യൂണിയന്‍ ബാങ്ക് തുടങ്ങി മുന്‍ നിര സ്ഥാപനങ്ങള്‍ 8000 കോടിയോളം നിക്ഷേപം നടത്തിയ കമ്പനിയാണ് റിലയന്‍സ് കമ്പനിയെന്നാണ് ബാലഗോപാല്‍ പറയുന്നത്. ഈ ബാങ്കുകള്‍ വിജയ് മല്യ മുതല്‍ സകല ഉഡായിപ്പുകള്‍ക്കും വായ്പയും നല്‍കിയിരുന്നെന്ന കാര്യം ബാല ഗോപാല്‍ അറിഞ്ഞോ ആവോ?. 60 കോടി നിക്ഷേപിച്ചു, അ തില്‍ 8 കോടി രൂപ തിരിച്ചു കിട്ടി, ബാക്കി കിട്ടാനുള്ള ചര്‍ച്ച ഇപ്പോഴും നടക്കുന്നു, നഷ്ടമാണോ അല്ലെ എന്ന് ചര്‍ച്ച കഴിഞ്ഞാ ലേ അറിയൂ എന്നാണ് കയറുപിരി ശാസ്ത്രജ്ഞന്റെ തിയറി. എങ്ങനുണ്ട്. അരിയെത്ര എന്ന ചോദ്യത്തിന് പയര്‍ അഞ്ഞാഴി എന്ന പതിവ് പരിപാടി തന്നെ.

2018 ഏപ്രില്‍ 16നാണ് റിലയന്‍സ് കമ്പനിയില്‍ കെ.എഫ്.സി നിക്ഷേപം നടത്തിയത്. അതേസമയം 2018 വര്‍ഷത്തെ ആദ്യ ബോര്‍ഡ് മീറ്റിങ് നടന്നത് ജൂണ്‍ 18നാണെന്ന് കെ.എഫ്.സി. വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തവുമാണ്. ബോര്‍ഡിന്റെ അംഗീകാരം പോലും ഇല്ലാതെയാണ് റിലയന്‍സ് കമ്പനിയില്‍ നിക്ഷേപം നടത്തിയതെന്ന് ഇതില്‍നിന്ന് പകല്‍ പോലെ വ്യക്തം. എന്തിനാണ് അറുപത് കോടിയിലധികം ബോര്‍ഡ് അനുമതിയില്ലാതെ പൊളിഞ്ഞ് പാളീസായ അംബാനിയുടെ കമ്പനിയില്‍ നിക്ഷേപിച്ചത് എന്നതാണ് ഉയരുന്ന ചോദ്യം. ഇതിന് സര്‍ക്കാര്‍ ഉയര്‍ത്തുന്ന വാദമാകട്ടെ റിലയന്‍സ് കമ്പനിക്ക് റേറ്റിങ് ഉണ്ടായിരുന്നു എന്നാണ്. എന്നാല്‍, മൂന്നു വര്‍ഷ ത്തെ ബാലന്‍സ് ഷീറ്റ് പോലും ആകുന്നതിനു മുന്‍പാണ്, മുങ്ങിക്കൊണ്ടിരിക്കുന്ന കമ്പനിയില്‍ കെ.എഫ്.സി. 60 കോടി 80 ലക്ഷം നിക്ഷേപിച്ചത്. ഇതിനു പിന്നില്‍ കമ്മിഷന്‍ മാത്രമായിരുന്നു ലക്ഷ്യമെന്ന് വ്യക്തമാണ്.

മന്ത്രിമാര്‍ പറയുന്നതുപോലെ ഇത്രയും സുതാര്യത ഉണ്ടായിരുന്നുവെങ്കില്‍ നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തില്‍ ചോദ്യം നമ്പര്‍ 4398, 4400 ആയി കെ.എഫ്.സി.യുടെ റിലയന്‍സ് നിക്ഷേപ വിവരങ്ങള്‍ ചോദിച്ചിട്ടും ഇതുവരെ മറുപടി നല്‍കാത്തത് ഇതിലെ കള്ളക്കളി വ്യക്തമാക്കുന്നതാണ്. സംസ്ഥാനത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ അടക്കമുള്ള വ്യവസായങ്ങള്‍ക്കു വായ്പകള്‍ നല്‍കാനാണു കെ.എഫ്.സി രൂപീകരിച്ചത്. എന്നാല്‍ 2018 ഏപ്രില്‍ 26ന് അ നില്‍ അംബാനിയുടെ ആര്‍.സി.എഫ്.എല്‍ എന്ന സ്ഥാപനത്തില്‍ 60.80 കോടി രൂപ നിക്ഷേപിച്ചു. കെ.എഫ്.സിയുടെ ആസ്തി വായ്പാ പരിപാലന സമിതിയുടെ തീരുമാനപ്രകാരമാണ് നിക്ഷേപം നടത്തിയത്. എന്നാല്‍ 2018-19 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ നിക്ഷേപം നടത്തിയ സ്ഥാപനത്തിന്റെ പേര് മറച്ചു വച്ചു ബാങ്കില്‍ ടേം നിക്ഷേപം എന്നാണ് ചൂണ്ടിക്കാട്ടിയത്.

2019 -20ലെ ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണെങ്കില്‍ എന്‍.സി.ഡിയിലാണ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിയമപ്രകാരം റിസര്‍വ് ബാങ്കിലോ ദേശസാല്‍കൃത ബാങ്കിലോ മാത്രമേ പണം നിക്ഷേപിക്കാന്‍ പാടുള്ളു. ബോണ്ടിലുള്ള നിക്ഷേപം ആണെങ്കില്‍ അത് ബോര്‍ഡ് തീരുമാനത്തിന്റെ അടിസ്ഥാന ത്തില്‍ ആയിരിക്കണം. ഒരു ബാങ്കിങ് ഇതര സ്ഥാപനമായതു കൊണ്ടുതന്നെ നിയമപരമായി അംബാനിക്കമ്പനിയില്‍ കെ.എഫ്.സിക്ക് നിക്ഷേപിക്കാന്‍ സാധിക്കില്ല. വലിയ റേറ്റിങ്ങുണ്ടെന്ന് രണ്ട് പാര്‍ട്ടി ബുദ്ധിജീവികള്‍ അവകാശപ്പെടുന്ന കമ്പനിയായ ആര്‍.സി.എഫ്.എല്‍ കമ്പനി 2019ല്‍ പിരിച്ചുവിടപ്പെട്ടു. 2020 മാര്‍ച്ച് മുതല്‍ പലിശ പോലും ലഭിച്ചിട്ടില്ല. ആര്‍.സി.എഫ്.എല്‍. ലിക്വിഡേറ്റ് ചെയ്തപ്പോള്‍ 7.09 കോടി രൂപ ലഭിച്ചിട്ടുള്ളതായി 2020-21 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി യിട്ടുണ്ട്. പലിശയുള്‍പ്പെടെ 101 കോടി രൂപ ഈ നിക്ഷേപത്തിലൂടെ നഷ്ടപ്പെട്ടു എന്നാണ് കണക്ക്. കെ.എഫ്.സിയിലെ ഇടത് സംഘടനാ നേതാക്കളും മാനേജ്മെന്റും സര്‍ക്കാരിന്റെ ഒത്താശയോടെ നടത്തിയത് പകല്‍ക്കൊള്ളയാണ്.

 

webdesk13: