X
    Categories: indiaNews

വെടിയേറ്റിട്ടും കിലോമീറ്ററുകള്‍ വണ്ടിയോടിച്ചു; യാത്രക്കാരെ രക്ഷപ്പെടുത്തി ഡ്രൈവര്‍

പട്‌ന: ശരീരത്തില്‍ വെടിയേറ്റിട്ടും കിലോമീറ്ററുകള്‍ വണ്ടി ഓടിച്ച് അക്രമകാരികളില്‍ നിന്നും യാത്രക്കാരെ രക്ഷപ്പെടുത്തി ഡ്രൈവര്‍. ബിഹാറിലെ ഭോജ്പൂര്‍ ജില്ലയിലാണ് സംഭവം. ജീപ്പ് ഡ്രൈവറായ സന്തോഷ് സിങിനാണ് 15 യാത്രക്കാരുമായി ജീപ്പില്‍ പോകുന്നതിനിടെ വെടിയേറ്റത്. ബൈക്കിലെത്തിയ രണ്ട് പേര്‍ ആക്രമിക്കുകയായിരുന്നു.

വെടിയുണ്ട സന്തോഷ് സിങ്ങിന്റെ വയറ്റില്‍ തട്ടി ഗുരുതരമായ രക്തസ്രാവമുണ്ടായി. വേദനക്കിടയിലും കിലോമീറ്ററുകള്‍ ജീപ്പ് ഓടിച്ച ശേഷം അദ്ദേഹം നിര്‍ത്തുകയായിരുന്നു.

യാത്രക്കാരാണ് പൊലീസില്‍ വിവരമറിയിച്ചത്. പൊലീസ് എത്തി ഉടന്‍ തന്നെ സന്തോഷ് സിങ്ങിനെ ആശുപത്രിയില്‍ എത്തിച്ചു. അദ്ദേഹം അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

സന്തോഷ് സിങ്ങിന്റെ കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. അക്രമികളെ പിടികൂടാന്‍ തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. യാത്രക്കാരുടെ സഹായത്തോടെ പ്രതികളുടെ രേഖാചിത്രങ്ങളും പൊലീസ് തയ്യാറാക്കിയിട്ടുണ്ട്.

 

webdesk17: