അത്താരി: ഇന്ത്യ പാക്ക് അതിര്‍ത്തിക്കു സമീപം ദുരൂഹ സാഹചര്യത്തില്‍ ആളില്ലാ വിമാനം(ഡ്രോണ്‍) കണ്ടെത്തിയതായി ബി.എസ്.എഫ്. അതിര്‍ത്തിക്കു 100 മീറ്റര്‍ അടുത്തുവരെ ഡ്രോണ്‍ എത്തിയതായി കണ്ടതിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയതായി ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെ.കെ.ശര്‍മ പറഞ്ഞു.
അതിര്‍ത്തിയിലെ നമ്മുടെ തയാറെടുപ്പുകള്‍ എന്താണെന്ന് അറിയുന്നതിനുള്ള പാക്ക് ശ്രമമായിരുന്നു അത്. ഭീകരരെ ഒരു തരത്തിലും കടന്നുകയറി ആക്രമണം നടത്താന്‍ അനുവദിക്കില്ല. ഏതു സാഹചര്യത്തിലും പാക്കിസ്ഥാന് തക്കതായ തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ സേന തയാറാണെന്നും ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി.
പാക്ക് അധിനിവേശ കശ്മീരില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയതിനെ തുടര്‍ന്ന് ഏതു സമയത്തും പാക്ക് ഭീകരര്‍ ആക്രമണം നടത്തിയേക്കുമെന്ന നിഗമനത്തിലാണ് സൈന്യം. ഇപ്പോള്‍ വെടിയൊച്ചകള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലാണ്. യുദ്ധസമാനമായ അവസ്ഥയില്‍ അതിര്‍ത്തി പ്രദേശങ്ങളിലെ സുരക്ഷ മുന്‍പേ തന്നെ സേന ശക്തമാക്കിയിരുന്നു. അതിനായി പതിവു സുരക്ഷാ സന്നാഹങ്ങള്‍ക്കു പുറമേ ബിഎസ്എഫിന്റെയും സൈന്യത്തിന്റെയും കൂടുതല്‍ സാന്നിധ്യം മേഖലയില്‍ ഉറപ്പുവരുത്തിയിടുണ്ട്. അയല്‍രാജ്യങ്ങള്‍ തമ്മിലെ ബന്ധം കൂടുതല്‍ വഷളായതോടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നുള്ളവരെ ഇന്ത്യ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയുമാണ്.
ഭീതിയില്‍ മുങ്ങി അതിര്‍ത്തി ഗ്രാമങ്ങള്‍
ശക്തമായ വെടിനിര്‍ത്തല്‍ കരാര്‍ലംഘനമാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ടാകുന്നത്. പലതും ഇന്ത്യന്‍ ഗ്രാമങ്ങളെ ലക്ഷ്യമിട്ടും. അഞ്ചു പേര്‍ക്ക് ഇതുവരെ പരുക്കുപറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇങ്ങനെയൊക്കെ ആണെങ്കിലും പലരും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ തയാറാകുന്നില്ല.
ജനിച്ചുവീണ മണ്ണും ജീവിതോപാധിയും വിട്ട് പോകാന്‍ ഇവര്‍ക്കാകാത്തതാണ് കാരണം. പലയിടങ്ങളിലും വിളവെടുക്കുന്ന സമയമാണ്. ദിവസങ്ങളോ മാസങ്ങളോ കാത്തിരുന്നു നട്ടുനനച്ചാണ് ഇത്രയുംവരെയാക്കിയത്. ചിലരുടെ സാമ്പത്തികമാര്‍ഗം കന്നുകാലികളാണ്. പെട്ടെന്ന് ഒരു ദിവസം എല്ലാം ഉപേക്ഷിച്ച് പോകാന്‍ പറയുമ്പോള്‍ എങ്ങനെ സ്വീകരിക്കാന്‍ കഴിയും. താല്‍ക്കാലികമാണ് പാലായനമെന്നു പറയുമ്പോഴും തിരികെ വരുമ്പോള്‍ എന്തൊക്കെ അവിടെയുണ്ടാകുമെന്ന് ആര്‍ക്കും ഉറപ്പ് പറയാന്‍ കഴിയാത്ത അവസ്ഥ.
പാക് അതിര്‍ത്തിക്ക് പുറമെ ഇന്ത്യ-ബംഗ്ലദേശ് അതിര്‍ത്തി വഴി ഭീകരര്‍ നുഴഞ്ഞുകയറാനുള്ള സാധ്യത കണക്കിലെടുത്ത് അവിടുത്തെ സുരക്ഷയും കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. അതേസമയം, പാക്ക് അതിര്‍ത്തിയില്‍ പ്രകോപനം തുടരുകയാണ്. നിയന്ത്രണരേഖയില്‍ വെടിവയ്പ്പ് നടക്കുന്നുണ്ട്. ഷെല്ലുകളടക്കമുള്ളവ ഉപയോഗിച്ചാണ് അവര്‍ ആക്രമണം നടത്തുന്നത്. ഇവിടെ സൈന്യത്തിന് ആവശ്യമായ പിന്തുണ നല്‍കുകയാണ്.
എന്നാല്‍, അതിര്‍ത്തി ഗ്രാമങ്ങള്‍ ഒഴിയാന്‍ ആര്‍ക്കും നിര്‍ദേശം നല്‍കിയിട്ടില്ലെന്നും അതാതു ഗ്രാമാധികാരികളാകാം ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയതെന്നും ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെ.കെ.ശര്‍മ കൂട്ടിച്ചേര്‍ത്തു.