ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സഞ്ചരിച്ച വിമാനത്തിനരികിലൂടെ അപകടകരമായ വിധത്തില്‍ ഡ്രോണ്‍ പറന്നതായി റിപ്പോര്‍ട്ട്. യുഎസ് പ്രസിഡന്റിന്റെ എയര്‍ഫോഴ്‌സ് വണ്‍ ജെറ്റ് ഞായറാഴ്ച രാത്രി വാഷിംഗ്ടണിനടുത്തുള്ള ഒരു വ്യോമതാവളത്തിനടുത്തെത്തിയപ്പോള്‍ ഒരു ഡ്രോണ്‍ വിമാനത്തെ തട്ടാന്‍ പാകത്തില്‍ പറന്നതായി ദൃക്സാക്ഷികള്‍ പറയുന്നു. വ്യോമതാവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് മഞ്ഞയും കറുപ്പും കലര്‍ന്ന കുരിശിന്റെ ആകൃതിയുള്ള ഡ്രോണ്‍ ഉപകരണം വിമാനത്തിന്റെ വലതുഭാഗത്തൂടെ പറന്നതെന്ന് വിമാനത്തില്‍ സഞ്ചരിച്ച ചിലരും വ്യക്തമാക്കി. ഞായറാഴ്ച വൈകുന്നേരം 5:54 നാണ് സംഭവം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കാര്യങ്ങള്‍ വിലയിരുത്തി വരികയാണെന്നും വൈറ്റ് ഹൗസ് മിലിട്ടറി ഓഫീസും എയര്‍ഫോഴ്‌സ് എയര്‍ലിഫ്റ്റ് വിങ്ങും പ്രസ്താവനയില്‍ അറിയിച്ചു.
വിമാനത്തിനരികിലൂടെയും നിരോധിത മേഖലകളിലും ഡ്രോണ്‍ പറക്കുന്നതായ ആയിരത്തോളം പരാതികള്‍ അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന് വര്‍ഷംതോറും ലഭിക്കുന്നതാണ്. അത്തരം സംഭവങ്ങള്‍ പരിശോധിക്കുന്നതും കണ്ടെത്തുന്നതും ശ്രമകരമാണെങ്കിലും നടപടികള്‍ വരാറുണ്ട്. വ്യോമയാന പാതയില്‍ ഇത് വരുത്തുന്ന ബുദ്ധിമുട്ടിനെ തുടര്‍ന്ന് പൈലറ്റുമാരില്‍ കൂടുതല്‍ പരാതികളും വരാറുളളത്. ഭാരം കുറഞ്ഞതു വളരെ ചെറിയതുമായ ഡ്രോണുകള്‍ വിമാനത്തെ തകര്‍ക്കില്ലെങ്കിലും സാധാരണ കോക്ക്പിറ്റ് വിന്‍ഡോഷീല്‍ഡ് തകര്‍ക്കുന്നതിനോ എഞ്ചിന് കേടുപാടുകള്‍ വരുത്തുന്നതിനോ കാരണമാകാന്‍ സാധ്യതയുണ്ട്. ഞായറാഴ്ച നടന്ന സംഭവത്തില്‍ എയര്‍ഫോഴ്‌സില്‍നിന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.