കുവൈത്ത് സിറ്റി:എ.ഐ.ക്യാമറ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തെളിവുകൾ സഹിതം ഉയർന്നു വന്നിട്ടുള്ള വ്യാപകമായ അഴിമതി ആരോപണങ്ങളിൽ മൗനം വെടിഞ്ഞു വിശദീകരണം നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണമെന്ന് മുസ്ലിം ലീഗ് പാർട്ടി ഡെപ്യൂട്ടി ലീഡർ ഡോക്ടർ എം.കെ. മുനീർ ആവശ്യപ്പെട്ടു. ഹ്രസ്വ സന്ദർശനാർത്ഥം കുവൈത്തിലെത്തിയ അദ്ദേഹത്തിന് കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി നൽകിയ സ്വീകരണത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഡോക്ടർ മുനീർ. കുവൈത്ത് കെ.എം.സി.സി. സംസ്ഥാന പ്രസിഡൻറ് ഷറഫുദ്ധീൻ കണ്ണേത്ത് അധ്യക്ഷത വഹിച്ചു. മുൻ ജനറൽ സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി നേതാക്കളായ ഹാരിസ് വള്ളിയോത്ത്, ഫാസിൽ കൊല്ലം, ഹമീദ് മൂടാൽ, സലാം പട്ടാമ്പി, അബ്ദു കടവത്ത് സംസാരിച്ചു. വിവിധ ജില്ലാ-മണ്ഡലം നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. അബ്ദുറസാഖ് പേരാമ്പ്ര സ്വാഗതവും ട്രഷറർ എം.ആർ. നാസർ നന്ദിയും പറഞ്ഞു