X

ഡ്രൈവിങ് സ്കൂൾ സമരം: ഒത്തുതീർപ്പിന് സർക്കാർ, ചർച്ചയ്ക്ക് വിളിച്ച് ഗണേഷ് കുമാര്‍

പ്രതിഷേധം തുടരുന്നതിനിടെ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. നാളെ വൈകീട്ട് മൂന്ന് മണിക്ക് മന്ത്രിയുടെ ചേംബറില്‍ വച്ചാണ് ചര്‍ച്ച നടക്കുക. മുഴുവന്‍ തൊഴിലാളി സംഘടനകളുടെ പ്രതിനിധികളെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രതിഷേധങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നും ടെസ്റ്റുകള്‍ മുടങ്ങിയ സാഹചര്യത്തിലാണ് ചര്‍ച്ച.

വിദേശത്തായിരുന്ന മന്ത്രി തിങ്കളാഴ്ച പുലർ‌ച്ചെയോടെ തിരിച്ചെത്തിയിരുന്നു. ചൊവ്വാഴ്ച അദ്ദേഹം ഓഫിസിലെത്തും. സമരം ഒത്തുതീർപ്പാക്കാനില്ലെന്നും തനിയെ പൊളിയുമെന്നുമായിരുന്നു കഴിഞ്ഞദിവസം വരെയും മന്ത്രിയുടെ ഓഫിസ് ആവർത്തിച്ചത്. സമരം 14 ദിവസം പിന്നിട്ടതോടെ ഒരടി പിന്നോട്ട് പോകാൻ മന്ത്രി തയാറാവുകയായിരുന്നു. ഉന്നയിച്ച ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുകയാണെന്നാണ് ഡ്രൈവിങ് സ്കൂൾ ഉടമകളുടെ നിലപാട്.

ഓരോ സംഘടനകളില്‍ നിന്നും രണ്ട് പ്രതിനിധികളെയാണ് ചര്‍ച്ചക്ക് ക്ഷണിച്ചത്. ഇന്നും സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ടെസ്റ്റ് മുടങ്ങിയിരുന്നു. തിരുവനന്തപുരം മുട്ടത്തറയില്‍ പതിവുപോലെ പൊലീസ് സംരക്ഷണയില്‍ എംവിഡി ഉദ്യോഗസ്ഥരെത്തിയെങ്കിലും സ്ലോട്ട് കിട്ടിയ 40പേരില്‍ രണ്ടുപേര്‍ മാത്രമാണ് ടെസ്റ്റിന് എത്തിയത്. രണ്ടുപേര്‍ക്കും വാഹനമില്ലാത്തതിനാല്‍ പരീക്ഷയില്‍ പങ്കെടുക്കാനായില്ല. കോഴിക്കോടും സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധം ഉണ്ടായി. പരിഷ്‌കരണം പിന്‍വലിക്കാതെ പിന്നോട്ടില്ല എന്ന നിലപാടിലാണ് സമര സമിതി.

webdesk14: