ഡ്രൈവിങ് സ്‌കൂളുകളുടെ നടത്തിപ്പില്‍ കാര്യമായ ഇടപെടലിന് ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ഡ്രൈവിങ് സ്‌കൂളുകളുടെ നടത്തിപ്പില്‍ കാര്യമായ ഇടപെടലിന് ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ ഡ്രൈവിങ് സ്‌കൂളുകളുടെ നടത്തിപ്പില്‍ മോട്ടോര്‍വാഹനവകുപ്പിന് കാര്യമായ നിയന്ത്രണമില്ലായിരുന്നു. ഓരോ സ്‌കൂളും അവരവരുടെ ഇഷ്ടത്തിനനുസരിച്ചാണ് ഫീസ് നിശ്ചയിച്ചിരുന്നത്. ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നതില്‍ ഭൂരിപക്ഷത്തിനും കൃത്യമായി വാഹനം ഓടിക്കാന്‍ അറിയില്ല. ലൈസന്‍സ് നേടുന്നവര്‍ വീണ്ടും പരിശീലനം തേടിയശേഷമാണ് വാഹനമോടിക്കുന്നത്. ഈ അവസ്ഥക്ക് പരിഹാരം കാണാനാണ് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുന്നത്.

സ്‌കൂളുകളുടെ ഫീസ് ഏകീകരിക്കാനും പഠനനിലവാരം നിശ്ചയിക്കാനും സര്‍ക്കാര്‍ ഇടപെടലുണ്ടാകും. അപകടമുണ്ടാക്കാത്ത നല്ല ഡ്രൈവര്‍മാരെ സൃഷ്ടിക്കാന്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പിക്കുന്നതിനൊപ്പം പഠനനിലവാരം ഉയര്‍ത്താനുമാണ് സര്‍ക്കാര്‍ നീക്കം. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എം ആര്‍ അജിത്കുമാര്‍ തലവനായ സമിതിയോട് ഈ മാസം മുപ്പതിനുളളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നിശ്ചയിക്കും. പരിശീലകര്‍ക്ക് യോഗ്യതയും പരിശീലനവും ഉറപ്പാക്കും. പരമ്ബരാഗത ഡ്രൈവിംഗ് ആശാന്മാര്‍ക്ക് ജോലിനഷ്മാകാത്ത വിധത്തിലായിരിക്കും പരിഷ്‌കരണം നടപ്പാക്കുക. ഇവര്‍ക്ക് മോട്ടോര്‍ വാഹനവകുപ്പിന്റെ ഡ്രൈവര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പരിശീലനം നല്‍കും.

തിയറി, പ്രാക്ടിക്കല്‍ ക്ലാസുകള്‍ക്ക് സമയം നിശ്ചയിക്കുന്നതും സമിതിക്ക് മുന്നിലുണ്ട്. കൂടുതല്‍ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍ സജ്ജമാകുന്നതോടെ ലൈസന്‍സ് ടെസ്റ്റിലെ പോരായ്മകളും പരിഹരിക്കപ്പെടും. ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ രാജീവ് പുത്തലത്ത്, ഐഡിടിആര്‍ ജോ ഡയറക്ടര്‍ ഡോ പി എം മുഹമ്മദ് നജീബ് എന്നിവരാണ് സമിതി അംഗങ്ങള്‍.

 

web desk 1:
whatsapp
line