കോഴിക്കോട്: ഡ്രൈവിങ്ങ് ലൈസൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് തുടങ്ങി ഗതാഗതവുമായി ബന്ധപ്പെട്ട രേഖകളുടെ അസ്സൽ ഇനി കൊണ്ടുനടക്കേണ്ട. പരിശോധകർ ആവശ്യപ്പെട്ടാൽ മൊബൈൽ ഫോണിൽ ഇത്തരം രേഖകളുടെ ഫോട്ടോ കാണിച്ചാൽ മതിയെന്ന് കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രാലയം സംസ്ഥാനങ്ങളിലെ ഡി.ജി.പി, പ്രിൻസിപ്പൽ സെക്രട്ടറി, ട്രാൻസ്പോർട്ട് കമീഷണർ എന്നിവർക്ക് അയച്ച കത്തിൽ വ്യക്തമാക്കി. കേരളത്തിൽ ഇത് നടപ്പാക്കി തുടങ്ങിയതായി ട്രാൻസ്പോർട്ട് കമീഷണർ കെ. പത്മകുമാർ പറഞ്ഞു. 1989 ലെ കേന്ദ്ര മോട്ടോര്‍
വാഹന നിയമത്തിന്റെ 139ാം ചട്ടം ഭേദഗതി ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇൗ പരിഷ്കാരം.
ഭേദഗതി നിർദേശപ്രകാരം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർ.സി), ഇൻഷുറൻസ്, ഫിറ്റ്നെസ്, പെർമിറ്റ്, ഡ്രൈവിങ് ലൈസൻസ്, പുക പരിശോധന സർട്ടിഫിക്കറ്റ് തുടങ്ങിയവ മൊബൈൽ ഫോണ്‍ പോലുള്ള ഏതെങ്കിലും ഇലക്ട്രോണിക് ഉപകരണത്തിൽ പകർത്തി കാണിച്ചാൽ മതി. യൂനിഫോമിലുള്ള പൊലീസോ സംസ്ഥാന സർക്കാറുകൾ നിയോഗിക്കുന്ന മറ്റ് ഉദ്യോഗസ്ഥരോ ഇലക്ട്രോണിക് സംവിധാനത്തിലുള്ള രേഖകൾ പരിശോധിക്കാൻ തയാറാവണം.
ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഇതു സംബന്ധിച്ച് നിർദേശം നൽകണമെന്നും ഇതിന്റെ പേരിൽ പൗരന്മാർ അവഹേളിക്കപ്പെടുകയോ പ്രയാസപ്പെടുകയോ ചെയ്യുന്ന അവസ്ഥ ഉണ്ടാകരുതെന്നും ഇൗമാസം 19ന് അയച്ച കത്തിൽ നിർദേശിച്ചിട്ടുണ്ട്. സംശയം തോന്നുന്ന കാര്യങ്ങളിൽ മാത്രം അസ്സൽ രേഖകൾ ഒാഫിസിൽ ഹാജരാക്കാൻ ആവശ്യപ്പെടുമെന്നും ട്രാൻസ്പോർട്ട് കമീഷണർ പറഞ്ഞു.