X

ഡ്രൈവിങ്ങിനിടെ ബ്ലൂട്ടൂത്ത് വഴി ഫോണില്‍ സംസാരിച്ചാലും ഇനി പണി ഉറപ്പ്; ലൈസന്‍സ് വരെ പോകും

തിരുവനന്തപുരം: വണ്ടിയോടിക്കുന്നതിനിടെ ഇനി മൊബൈല്‍ കോളെടുത്താല്‍ കിട്ടുന്നത് വന്‍ പണി. മൊബൈലിലെ കാള്‍ ലിസ്റ്റ് നോക്കി ഫോണ്‍ ചെയ്‌തോ എന്ന് കണ്ടുപിടിച്ച് നടപടിയെടുക്കും. ഫോണ്‍ കയ്യില്‍ പിടിച്ച് ചെവിയോട് ചേര്‍ത്ത് സംസാരിച്ചാലുള്ള അതേ ശിക്ഷ തന്നെ ബ്ലൂട്ടൂത്ത് സാങ്കേതിക വിദ്യ ഉപയോഗിച്ച് കാള്‍ നടത്തിയാലും കിട്ടും. ഡ്രൈവിങ് ലൈസന്‍സ് പോകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

കയ്യില്‍ പിടിച്ചോ ബ്ലൂടൂത്ത് വഴിയോ ഫോണില്‍ സംസാരിച്ചാല്‍ തെളിവു സഹിതം ആര്‍ടിഒക്ക് റിപ്പോര്‍ട്ട് ചെയ്യാനും തദടിസ്ഥാനത്തില്‍ ലൈസന്‍സ് സസ്‌പെന്റ് ചെയ്യാനുമുള്ള നീക്കമാണ് നടക്കുന്നതെന്ന് ട്രാഫിക് അധികൃതര്‍ വ്യക്തമാക്കുന്നത്.

മൊബൈല്‍ ഫോണിനെ ബ്ലൂടൂത്ത് വഴി വാഹനത്തിനുള്ളിലെ സ്പീക്കറുമായി ബന്ധിപ്പിച്ച് ‘ഹാന്‍ഡ്‌സ് ഫ്രീ’ ആയി സംസാരിക്കുന്നത് അപകടങ്ങള്‍ക്കു കാരണമാകുന്നുവെന്നു കണ്ടാണ് ബ്ലൂട്ടൂത്ത് കോളും കൂടി ചേര്‍ത്തുള്ള നടപടി. ഇതിനും കേസെടുക്കാന്‍ മോട്ടര്‍ വാഹന നിയമ ഭേദഗതിയില്‍ വ്യവസ്ഥയുണ്ടെങ്കിലും നിയമം നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പ്രശ്‌നം സൃഷ്ടിച്ചിരുന്നു. ഇതിനെ മറികടക്കാനാണ് നീക്കം.

വണ്ടി ഓടിക്കുന്നതിനിടെ സംസാരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഇനി പരിശോധന ഉറപ്പാണ്. ഡ്രൈവര്‍ നിഷേധിച്ചാല്‍ കോള്‍ഹിസ്റ്ററി പരിശോധിക്കാനും തെളിവു സഹിതം ആര്‍ടിഒയ്ക്കു റിപ്പോര്‍ട്ട് ചെയ്യാനും നീക്കമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

web desk 1: