X

ഡ്രൈവറില്ലാ വാഹനങ്ങള്‍ വൈകാതെ നിരത്തിലിറങ്ങും

ദുബൈ: ഡ്രൈവറില്ലാത്ത വാഹനങ്ങളുടെ പരീക്ഷണ ഓട്ടം വിജയകരമായതിനെ തുടര്‍ന്ന് പൊതുയാത്രാ വാഹന നിരയിലേക്ക് ഡ്രൈവര്‍ലെസ് വാഹനങ്ങളെയും ഉള്‍പ്പെടുത്താന്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി (ആര്‍.ടി.എ) ആലോചിക്കുന്നു. മൂന്നാമത് ദുബൈ ഇന്റര്‍നാഷണല്‍ പ്രൊജക്ട് മാനേജ്‌മെന്റ് ഫോറത്തോടനുബന്ധിച്ച് ഭാവി നഗരങ്ങള്‍ എന്ന പേരില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കവെ ആര്‍.ടി.എ മേധാവി മത്തര്‍ അല്‍ തായറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡൗണ്‍ടൗണ്‍ ദുബൈയില്‍ നടന്ന പരീക്ഷണ ഓട്ടം വിജയകരമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ അല്‍ തായര്‍ ദുബൈ മെട്രോയെ മറ്റു യാത്രാ സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ആലോചിക്കുന്നതെന്നും വ്യക്തമാക്കി.

 

ഡ്രൈവറില്ലാ വാഹനങ്ങലെ എങ്ങിനെ വിവിധ സ്ഥലങ്ങളില്‍ വിജയകരമായി നിയന്ത്രിക്കുമെന്നതാണ് ഇപ്പോഴത്തെ ആലോച. മാത്രമല്ല വിവിധ കമ്പനികളുടെ ഡ്രൈവറില്ലാ സാങ്കേതിക വിദ്യകള്‍ വൈകാതെ പരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡ്രവൈറില്ലാ കാറുകള്‍ റോഡുകളില്‍ ഒരു വെല്ലുവിളിയാണെങ്കിലും വൈകാതെ ദുബൈ നിരത്തുകളില്‍ ഇത്തരം വാഹനങ്ങള്‍ കാണാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമഗ്രവും സുസ്ഥിരവും ചടുലവുമായ ഗതാഗത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലൂടെ ദുബൈയെ സന്തുഷ്ടിയുള്ള, സ്മാര്‍ട്ട് നഗരമാക്കാന്‍ ആര്‍.ടി.എ പങ്കുവഹിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തിലെ ഏറ്റവും നീളമുള്ള ഡ്രൈവറില്ലാ മെട്രോയായ ദുബൈ മെട്രോ 75 കിലോമീറ്റര്‍ ദൂരത്തിലാണുള്ളത്.

 

ഇത് 15 കിലോമീറ്റര്‍ കൂടി ദീര്‍ഘിപ്പിക്കും. 2015ല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം 306,000 ടണ്‍ കുറക്കാന്‍ മെട്രോ സഹായിച്ചെന്നും അല്‍ തായര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഇതേ കാലയളവില്‍ 2800 ടണ്‍ കാര്‍ബണ്‍ കുറക്കാന്‍ ട്രാം സഹായിച്ചു. ദുബൈ മെട്രോ, ട്രാം, ദുബൈ ബസ്, ടാക്‌സി തുടങ്ങിയ പൊതുവാഹനങ്ങള്‍ക്ക് ഏകീകൃത നിയന്ത്രണ കേന്ദ്രം നടപ്പാക്കുമെന്നും അല്‍തായര്‍ വ്യക്തമാക്കി.

chandrika: