X

വണ്ടിക്കാരന്‍-പ്രതിഛായ

ആന വലുപ്പത്തില്‍ കടം കയറിക്കൊണ്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സി എന്ന ആനവണ്ടിയെ തലയിലേറ്റാന്‍ വിധിക്കപ്പെട്ടയാളാണ് മന്ത്രി ആന്റണി രാജു. കേരളത്തിലെ സകല വാഹനത്തിന്റെയും മന്ത്രിയാണെങ്കിലും ഗതാഗത വകുപ്പ് കൈകാര്യം ചെയ്യുന്നവരെ ആളുകള്‍ മിക്കതും കെ.എസ്.ആര്‍.ടി.സിയുടെ മാത്രം മന്ത്രിയായാണ് കരുതുന്നത്. ഏതായാലും വീണുകിട്ടിയ പദവി കീറാമുട്ടിയായ അവസ്ഥയിലാണിപ്പോള്‍ രാജുമന്ത്രി. സ്വസ്ഥമായൊന്ന് ഉറങ്ങാമെന്നുവെച്ചാല്‍ നടക്കില്ല. പഴയതുപോലെ ചാനലില്‍ ഒച്ചവെക്കാനും പറ്റത്തില്ല. രാജിവെച്ച് പോകാമെന്ന് പറഞ്ഞാല്‍ ജീവിതത്തിലിനി ഇതുപോലൊന്ന് കൈവരുമെന്ന് കരുതാനും വയ്യ. കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി സാറുമായായിരുന്നു ഒരു കാലത്തെ വലിയകൂട്ട്. ‘പിളരുന്തോറും വളരു’മെന്ന തത്വം വെച്ചാണ് മാണിസാറിനെ വിട്ട് 2016ല്‍ കേരള കോണ്‍ഗ്രസുണ്ടാക്കി (ജനാധിപത്യ) ഇടതുമായി കൂട്ടുകൂടിയത്. സ്ഥാപകരിലൊരാളായ ഫ്രാന്‍സിസ് ജോര്‍ജ് പഴയ ജോസഫ് ഗ്രൂപ്പിലേക്ക് പോയതോടെ കേരള കോണ്‍ഗ്രസിനെ കുറിച്ചുള്ള മാണി സിദ്ധാന്തം ആന്റണി രാജുവിനെ സംബന്ധിച്ചും പിഴച്ചില്ല. പിണറായി പറയുന്നത് കേട്ട് നിന്നതോടെ തിരുവനന്തപുരം നിയമസഭാസീറ്റ് കിട്ടി. ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ബാനറില്‍ കോണ്‍ഗ്രസ്സിന്റെ സിറ്റിംഗ് എം.എല്‍.എ വി.എസ് ശിവകുമാറിനെ പരാജയപ്പെടുത്തി നിയമസഭയിലെത്തി; രാജു ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയായി.

കെ.എസ്.ആര്‍.ടി.സി സ്വതന്ത്ര കോര്‍പറേഷനാണെങ്കിലും എന്തിനും ഏതിനും മന്ത്രിവേണം. പ്രധാനം ശമ്പളത്തിന് തന്നെ. പഴിയെല്ലാം മന്ത്രിക്ക്, ശമ്പളം ജീവനക്കാര്‍ക്കും എന്നുവെച്ച് മിണ്ടാതിരിക്കാന്‍ പറ്റുമോ. കടിച്ചുകീറാന്‍ വരുന്നത് സാക്ഷാല്‍ വല്യേട്ടന്റെ പാര്‍ട്ടിക്കാരാണ്. മാസം ഒന്നും രണ്ടുമല്ല ശമ്പളം വകയില്‍ കണ്ടെത്തേണ്ടത്, 80 കോടിയാണ്. കയ്യിലുള്ളത് ചെലവെല്ലാം കഴിഞ്ഞ് 40 കോടിയും. ബാക്കി സര്‍ക്കാര്‍ കനിയണം. ധനമന്ത്രിയുടെ കാലുവരെ പിടിച്ചാലേ അത് കിട്ടൂ. ശമ്പളം കണ്ടെത്തേണ്ടത് മാനേജ്‌മെന്റാണ് എന്നൊക്കെ പറഞ്ഞുനോക്കിയെങ്കിലും ജീവനക്കാര്‍ സൈ്വര്യം തരുന്നില്ല. പണിമുടക്ക് കാരണമാണ് ശമ്പളം മുടങ്ങിയതെന്ന് മന്ത്രിയദ്ദേഹം പറയുമ്പോള്‍ ശമ്പളം കിട്ടാതെയാണ് പണിമുടക്കിയതെന്ന് ജീവനക്കാരും. മാവാണോ മാങ്ങയാണോ ആദ്യമുണ്ടായതെന്ന ചോദ്യം പോലെ ഉത്തരവുമില്ല. സി.ഐ.ടി.യു നേതാവ് ആനത്തലവട്ടം ആനന്ദനാണ് ആനവണ്ടി ജീവനക്കാരുടെ ചുമതലയെന്നിരിക്കെ അയാള്‍ പറയുന്നതെല്ലാം നിന്നനില്‍പിന് കേട്ടേ ഒക്കൂ. കട്ടിമീശകൊണ്ടൊന്നും കാര്യമില്ല. ഇതിലും ഭേദം സ്വയം ഒരാനയെ വാങ്ങി മേയ്ക്കുകയായിരുന്നു. ട്രാന്‍സ്‌പോര്‍ട്ട് ഭവനിലെ എം.ഡിക്കാകട്ടെ കാര്യമായ പണിയൊന്നുമില്ല. പൊളിക്കാന്‍ വെച്ചിരിക്കുന്ന ബസ്സുകളുടെ എണ്ണം നോക്കിയാല്‍മതി.

ഏതായാലും നഷ്ടം നികത്താന്‍ ലാഭ റൂട്ടുകളെല്ലാം സ്വിഫ്റ്റ് കമ്പനിയാക്കി കരാര്‍ തൊഴിലാളികളെ വെച്ചിട്ടും രക്ഷയില്ല. 2016ല്‍ ശിവന്‍കുട്ടിക്കെതിരെ മല്‍സരിച്ച് തോറ്റു. അന്ന് പോയ വിജയമാണ് ’21ല്‍ വാങ്ങിയെടുത്തത്. രാഷ്ട്രീയത്തിലെ രണ്ടാം വിജയം. പഴയ തിരുവനന്തപുരം വെസ്റ്റിലും 1996ല്‍ വിജയിച്ചിരുന്നു. പൂന്തുറയാണ് ജന്മദേശമെന്നതിനാല്‍ ആ പരിചയം വോട്ടായി. ഭൂരിപക്ഷം എണ്ണായിരത്തോളം. പിന്നെ ‘കാരണഭൂതനു’ള്ളതുകൊണ്ട് തല്‍കാലമിങ്ങനെ ഭരിച്ചുപോകാം. ഒന്നാം വാര്‍ഷികം കുളമായി. രണ്ടര വര്‍ഷം കഴിഞ്ഞ് ചിലര്‍ മന്ത്രിക്കസേര ചോദിച്ചുവന്നാലത്തെ സ്ഥിതിയോര്‍ത്താലോ, ഉറങ്ങാനും പറ്റത്തില്ല. പ്രായം 67. വക്കീല്‍ പണി അറിയാം. വേണായിരുന്നോ ഇപ്പണിയെന്നാണ് പഴയ മന്ത്രി ഗണേഷ്‌കുമാര്‍ കളിയാക്കുന്നത്. ഇനി ഇതുകൊണ്ടൊക്കെ വല്ല കാര്യവുമുണ്ടോന്ന് ചോദിച്ചാല്‍ ഉണ്ട്. സി.എന്‍.ജിയിലേക്ക് മാറാന്‍ 700 ബസ്സിനായി 455 കോടികൂടി അനുവദിപ്പിച്ച് കാത്തിരിക്കുകയാണ്. പര്‍ച്ചേസ് കമ്മീഷന്‍ വകയില്‍ വല്ലതും തടഞ്ഞാലതാണ് ഇപ്പണികൊണ്ടുള്ള ഏകമിച്ചം, മെച്ചം.

Chandrika Web: