എറണാകുളം: പറവൂരില്‍ ഓടുന്ന വാഹനത്തില്‍ നായയെ കെട്ടിവലിച്ചു കൊണ്ടു പോയ സംഭവത്തില്‍ ഡ്രൈവര്‍ യൂസഫ് അറസ്റ്റില്‍. വീട്ടില്‍ വളര്‍ത്തിയിരുന്ന നായയെ ഉപേക്ഷിക്കാന്‍ ശ്രമിച്ചതാണെന്ന് യൂസഫ് പൊലീസില്‍ മൊഴി നല്‍കി. കാറിനുള്ളില്‍ കയറാതെ വന്നപ്പോള്‍ കെട്ടിയിടുകയായിരുന്നു എന്നാണ് ഇയാള്‍ പറയുന്നത്.
നേരത്തെ യൂസഫിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ഗതാഗത മന്ത്രി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് യൂസഫിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുന്നത്. വാഹനം മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത് പൊലീസിന് കൈമാറിയെന്ന് ഗതാഗത മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ഇന്ന് വൈകീട്ടോടെയാണ് നെടുമ്പാശേരി പറവൂര്‍ റോഡില്‍ ചാലാക്കയില്‍ ക്രൂരത അരങ്ങേറിയത്. 30 കിലോമീറ്ററോളം വേഗത്തില്‍ പാഞ്ഞ കാറിന്റെ ഡിക്കിയില്‍ നായയെ ബന്ധിച്ച് വലിച്ചുകൊണ്ട് പോവുകയായിരുന്നു. ഓടി തളര്‍ന്നു അവശനായി വീണ നായയെ റോഡിലൂടെ വലിച്ചിഴച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തിയ അഖില്‍ കാറിനെ മറികടന്ന് തടഞ്ഞു നിര്‍ത്തുകയായിരുന്നു. അഖിലിനോട് കയര്‍ത്ത കാര്‍ ഡ്രൈവര്‍ നായയുടെ കെട്ടഴിച്ചു വിട്ട ശേഷം മുങ്ങി.
റോഡില്‍ ഉരഞ്ഞ് ശരീരമാസകലം മുറിവേറ്റ നിലയിലായിരുന്നു നായ. ദയ ആനിമല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പരുക്കേറ്റ നായയെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.