കൊച്ചി: മഹാരാഷ്ട്രയില്‍ നിന്നും കൊച്ചിയിലേക്ക് കയറ്റിവിട്ട 25 ടണ്‍ സവാളയുമായി ഡ്രൈവര്‍ മുങ്ങിയെന്ന് പരാതി. ഏകദേശം 16 ലക്ഷം രൂപ വില വരുന്ന സവാളയുമായാണ് ഡ്രൈവര്‍ കടന്നുകളഞ്ഞത്. ഉള്ളിവില ഉയര്‍ന്നു നിന്ന സമയത്ത് എറണാകുളം മാര്‍ക്കറ്റിലെ മൊത്തക്കച്ചവടക്കാരനായ അലി മുഹമ്മദ് സിയാദ് മഹാരാഷ്ട്രയില്‍ നിന്നും കിലോയ്ക്ക് 65 രൂപ നിരക്കില്‍ വാങ്ങിയ 25 ടണ്‍ സവാളയുമായാണ് ഡ്രൈവര്‍ മുങ്ങിയത്.
മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ നിന്നും കഴിഞ്ഞ ഞായറാഴ്ചയാണ് സവാള ലോഡുമായി ലോറി പുറപ്പെട്ടത്. സാധാരണ നിലയില്‍ ബുധനാഴ്ചയെങ്കിലും കൊച്ചിയില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞിട്ടും ലോറി എത്തിയില്ല. ഇതോടെയാണ് അലി അന്വേഷണം നടത്തിയത്.
കൊല്ലം രജിസ്‌ട്രേഷനുള്ള കെഎല്‍ 2 എഎ 6300 എന്ന ലോറിയുടെ ഉടമയെ കണ്ടെത്തിയെങ്കിലും വ്യക്തമായ മറുപടി കിട്ടിയില്ല. മഹാരാഷ്ട്രയില്‍ ബന്ധപ്പെട്ടപ്പോള്‍ ലോറിയുടെ ദൃശ്യങ്ങളും ഡ്രൈവറുടെ ഫോണ്‍ നമ്പറും അയച്ചു കൊടുത്തു. കളമശ്ശേരിയിലെ ഏജന്‍സി ഓഫീസില്‍ ബന്ധപ്പെട്ടിട്ടും പ്രതികരണുണ്ടായില്ല. എറണാകുളം സെന്‍ട്രല്‍ പൊലീസ് ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്. കേരളത്തില്‍ 140 രൂപ വരെ സവാള വില ഉയര്‍ന്ന സാഹചര്യത്തില്‍ ഇതിനോടകം തന്നെ ചരക്ക് വിറ്റ് പോയിട്ടുണ്ടാകുമെന്നാണ് അലിയുടെ പക്ഷം. അതേസമയം സവാള വിറ്റ് പോയതോടെ അലി തന്നെ പണം തരണമെന്നാണ് വിതരണക്കാരുടെ നിലപാട്.