X
    Categories: indiaNews

ഡ്രൈവിംങ് ലൈസന്‍സ് ഇനി അത്രയെളുപ്പം കിട്ടില്ല; പുതിയ മാനദണ്ഡങ്ങളുമായി കരട് വിജ്ഞാപനം

മികച്ച ഡ്രൈവിങ് പരിശീലനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പുതിയ മാനദണ്ഡങ്ങളുമായി കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയം കരട് വിജ്ഞാപനം പുറത്തിറക്കി. അംഗീകൃത പരിശീലന കേന്ദ്രങ്ങളില്‍ നിന്ന് കോഴ്‌സ് പൂര്‍ത്തിയായവര്‍ക്കുമാത്രം ലൈസന്‍സ് നല്‍കുന്ന സംവിധാനമാണ് ലക്ഷ്യം.

അംഗീകൃത ഡ്രൈവര്‍ പരിശീലന കേന്ദ്രങ്ങളില്‍ നിന്ന് കോഴ്‌സ് പൂര്‍ത്തിയാക്കുന്ന വ്യക്തികള്‍ ഡ്രൈവിങ് ലൈസന്‍സ് അപേക്ഷ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഡ്രൈവിങ് ടെസ്റ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് എന്നും മന്ത്രാലയം അറിയിച്ചു. ഡ്രൈവര്‍ പരിശീലന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കണം, എന്തെല്ലാമാണ് പഠിപ്പിക്കേണ്ടത്, അടിസ്ഥാന സൗകര്യങ്ങള്‍, നടപടിക്രമങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം കരടില്‍ പ്രതിപാദിക്കുന്നുണ്ട്.

വിജ്ഞാപനമനുസരിച്ച് ലൈസന്‍സ് ലഭിക്കാന്‍ ആര്‍ടി ഓഫീസില്‍ ഡ്രൈവിങ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും. നിലവിലുള്ള ലേണേഴ്‌സ് ലൈസന്‍സ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ഫീസ് ഫോട്ടോ എന്നീ രേഖകള്‍ക്ക് പുറമേയാണിത്. നിലവിലുള്ള സംവിധാനങ്ങള്‍ നിലനിര്‍ത്തിയാണ് പുതിയ സംവിധാനത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നതിനാല്‍ ഇപ്പോഴത്തെ ഡ്രൈവിങ് സ്‌കൂളുകളെ തത്കാലം ഈ മാറ്റം ബാധിക്കില്ല.

മോട്ടോര്‍ മെക്കാനിക്‌സില്‍ കഴിവ് തെളിയിച്ച അംഗീകൃത സര്‍ട്ടിഫിക്കറ്റുള്ള വ്യക്തികള്‍ക്ക് ട്രെയിനിങ് സെന്റര്‍ തുടങ്ങാന്‍ അനുമതി ലഭിക്കും. പ്രസ്തുത വ്യക്തിക്ക് പന്ത്രണ്ടാം ക്ലാസ് ജയിച്ച സര്‍ട്ടിഫിക്കറ്റും അഞ്ചുവര്‍ഷം ഡ്രൈവിങ് പരിചയവും വേണം. ക്ലാസ് മുറി, കംപ്യൂട്ടര്‍, മള്‍ട്ടിമീഡിയ പ്രൊജക്ടര്‍, പരിശീലനത്തിന് ആവശ്യമായ സ്ഥലം, കയറ്റിറക്കം ഉള്‍പ്പെടെയുള്ള ഡ്രൈവിങ് ട്രാക്ക് എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങള്‍ മറികടന്നാല്‍ മാത്രമേ പരിശീലന കേന്ദ്രത്തിന് അംഗീകാരം ലഭിക്കൂ. 5 വര്‍ഷമാണ് ഒരു പരിശീലന കേന്ദ്രത്തിന്റെ കാലാവധി.

 

 

Test User: