തൊടുപുഴ: മോഹന്‍ലാല്‍ നായകനാവുന്ന ദൃശ്യം 2 സിനിമയുടെ സെറ്റ് നിര്‍മാണം തടഞ്ഞ് ഹരിത മിഷന്‍ പ്രവര്‍ത്തകര്‍. സര്‍ക്കാര്‍ സംരക്ഷിത പച്ചത്തുരുത്ത് കയ്യേറി സെറ്റ് നിര്‍മിച്ചതിനെ തുടര്‍ന്നാണ് തടയല്‍. കുടയത്തൂര്‍ കൈപ്പകവലയില്‍ തയ്യാറാക്കുന്ന സെറ്റിനെതിരെയാണ് പരാതി ഉയര്‍ന്നത്. ഹരിത കേരളം പദ്ധതിക്ക് കീഴില്‍ കുടുംബശ്രീ അംഗങ്ങളുടെ സഹായത്തോടെ സര്‍ക്കാര്‍ ഭൂമിയില്‍ തൈകള്‍ നട്ട് വനമാക്കുന്ന പച്ചത്തുരുത്ത് പദ്ധിതിപ്രദേശത്തായിരുന്നു ചിത്രത്തിനായി സെറ്റിട്ടത്.
കുടയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് എത്തിയ ഹരിത മിഷന്‍ പ്രവര്‍ത്തകരാണ് നിര്‍മാണം തടഞ്ഞത്. ഇതോടെ ജില്ലാ കലക്ടര്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് ഇരുപത്തി അയ്യായിരം രൂപയുടെ ബോണ്ടിന്മേല്‍ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ ചിത്രീകരണം തുടരാന്‍ അനുവദിക്കുകയായിരുന്നു.
ദൃശ്യം ഒന്നാം ഭാഗത്തിലും ഈ പ്രദേശത്ത് നിന്ന് ഷൂട്ട് ചെയ്ത രംഗങ്ങളുണ്ട്. അന്ന് പച്ചത്തുരുത്തുണ്ടായിരുന്നില്ല. പിന്നീട് സംസ്ഥാനത്തെ 1261 പച്ചത്തുരുത്തുകളില്‍ ഒന്നായി ഈ സ്ഥലത്തെയും നിശ്ചയിച്ചിരുന്നു. ഇതറിയാതെയായിരുന്നു ഷൂട്ടിങ് ഒരുക്കങ്ങള്‍. പ്രദേശത്ത് പച്ചത്തുരുത്ത് എന്ന ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും സിനിമാ പ്രവര്‍ത്തകരുടെ കണ്ണില്‍ പെട്ടില്ല. പച്ചത്തുരുത്ത് നശിപ്പിക്കാതെ ചിത്രീകരണം തുടരുമെന്ന് സിനിമാ പിന്നണി പ്രവര്‍ത്തകര്‍ അറിയിച്ചു.