ജാസിം ചുള്ളിമാനൂർ
കൊല്ലത്ത് കലയുടെ തിരയിളക്കത്തിന് തുടക്കമായി. ആശ്രാമം മൈതാനിയിൽ കലാപ്രേമികൾ കവിഞ്ഞ് ഒഴുകുകയാണ്. ചുട്ടുപൊള്ളുന്ന ചൂടത്ത് ആകെ ആശ്വാസം കലാസ്വാദനത്തിലൂടെ ലഭിക്കുന്ന ആശ്വാസമാണ്. എന്നാലും പുറത്തിറങ്ങിയാലോ ചൂടോടെ ചൂടും. കുട്ടികളും മുതിർന്നവരും ഒരിറ്റ് തണലിനായി കയ്യിലെ കടലാസും തൂവാലയും തലയ്ക്ക് മീതെ കാണിക്കുന്നു. വേദിയിൽ നിന്ന് വേദിയിലേക്ക് പായുമ്പോൾ ചുറ്റുമൊന്നു നോക്കിയാൽ മതി. ദാഹം ശമിപ്പിക്കാനുള്ള വെള്ളം സ്നേഹം നിഞ്ഞ കോപ്പയിൽ കിട്ടും.
62-ാമത് സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്ന പ്രധാന വേദിക്കു സമീപമാണ് ഒരു കൂട്ടം ‘ഓട്ടോ കൂട്ടായ്മയിലെ ‘ സുഹൃത്തുക്കൾ സൗജന്യമായി കുടിവെള്ള വിതരണം നടത്തുന്നത്. ഓരോ ഗ്ലാസിലേക്ക് ഒഴിക്കുമ്പോഴും അവരുടെ മുഖത്ത് സന്തോഷത്തിന്റെ ചെറു പുഞ്ചിരിയാണ്. അതിനേക്കാൾ സന്തോഷം കുടിച്ച ശേഷം തിരികെ പോകുമ്പോൾ അവർക്ക് നൽകുന്ന നന്ദിവാക്ക് കേൾക്കുമ്പോഴാണ്.
കലോത്സവത്തിന്റെ അഞ്ചാം ദിവസം കൊടിയിറക്കം വരെ കൊല്ലത്തിന്റെ സ്നേഹം മനസ് നിറയെ നൽകാനാണ് കൂട്ടായ്മയുടെ ആഗ്രഹം. ഉച്ചവരെ തണുത്ത വെള്ളവും ഉച്ചക്ക് ശേഷം കട്ടനും നൽകാനാണ് കൂട്ടായ്മയുടെ ആസൂത്രണം.
ഒരു കൊല്ലത്തോളമായി ‘ജീവിത ഓട്ട’ത്തിനിടയിലും സാമൂഹിക മേഖലകളിൽ സേവനം ചെയ്യാൻ ഇവർ ഒരുമിക്കുന്നു. മത-രാഷ്ട്രീയങ്ങൾക്കതീതമായി സൗഹൃദവും സേവനവും നൽകാനാണ് നമ്മുടെ കൂട്ടായ്മ നിലനിൽക്കുന്നതെന്ന് സംഘടനാ പ്രസിഡന്റ് സുധീർ പറയുന്നത്. പരോപകാരത്തിലൂടെ സന്തോഷവും സമാധാനവും പരക്കട്ടെയെന്നും അതിനാണ് ഓട്ടോ കൂട്ടായ്മയെന്നും അദ്ദേഹം പറഞ്ഞു