തലസ്ഥാനത്ത് കുടിവെള്ളം മുടങ്ങിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. സര്‍ക്കാരിന്റേത് കുറ്റകരമായ അനാസ്ഥയാണ്. ഒരിടത്ത് പണി നടക്കുമ്പോള്‍ നഗരത്തിലാകെ കുടിവെള്ളം മുടങ്ങുന്നത് എങ്ങനെയാണ്? അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
അതെസമയം കുടിവെള്ള പ്രശ്‌നത്തിന് നാലാംനാളും പരിഹാരമായില്ല. വൈകിട്ട് നാലുമണിയോടെ പരിഹരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്റെ ഉറപ്പു പാഴ് വാക്കായി. വൈകിട്ടോടെ പമ്പിങ് തുടങ്ങും എന്നാണ് മന്ത്രി രാവിലെ പറഞ്ഞത്. എന്നാല്‍ അറ്റകുറ്റപ്പണി അന്തിമഘട്ടത്തില്‍ എത്തിയപ്പോള്‍ പൈപ്പ് ലൈനിലെ അലൈന്‍മെന്റില്‍ വ്യത്യാസം കണ്ടെത്തി. ഇത് പൂര്‍ത്തിയാക്കാന്‍ ഇനിയും സമയം എടുക്കും.
ഒന്നര മണിക്കൂറിനകം പ്രശ്‌നപരിഹാരമെന്നായിരുന്നു മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞത്. ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയില്‍ കുടിവെള്ളം മുട്ടിയത് നഗരത്തിലെ അഞ്ചുലക്ഷം പേര്‍ക്കാണ്. അതിനിടെ കുടിവെള്ള ക്ഷാമം കാരണം തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്