പഞ്ചാബിലെ ഫരീദ്കോട്ടിൽ കാമുകിക്കു വേണ്ടി ആൾമാറാട്ടം നടത്തി പരീക്ഷയെഴുതാനെത്തിയ യുവാവ് പിടിയിൽ. ഇൻവിജിലേറ്റർ പിടികൂടാതിരിക്കാൻ രൂപമാറ്റം വരുത്തിയതിനു പുറമെ വോട്ടർ ഐഡിയും ആധാറും ഉൾപ്പെടെയുള്ള രേഖകളിലും കൃത്രിമം കാണിച്ചാണ് ഇയാൾ പരീക്ഷയ്ക്ക് എത്തിയത്. വ്യാജ വോട്ടർ ഐഡി, ആധാർ കാർഡ് എന്നിവയുണ്ടാക്കി സ്ത്രീ വേഷത്തിൽ കമ്മലും മാലയും വളയുമൊക്കെ അണിഞ്ഞാണ് ഇയാള്‍
പരീക്ഷയെഴുതാൻ എത്തിയത്. എന്നാൽ സംശയം തോന്നിയ ഇൻവിജിലേറ്റർമാർ പൊലീസിൽ അറിയിച്ചതോടെയാണ് യുവാവ് പിടിയിലായത്.
ബാബാ ഫരീദ് ഹെൽത്ത് യൂണിവേഴ്സിറ്റിയിലെ മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ തസ്തികയിലേക്കുള്ള പരീക്ഷ എഴുതാനായി, കോട്കപുരയിലെ ഡിഎവി പബ്ലിക് സ്കൂളിലാണ് അംഗ്രേസ് സിങ് എത്തിയത്. കാമുകി പരംജിത് കൗറിനു പകരമാണ് ഇയാൾ പെൺവേഷത്തിൽ പരീക്ഷയ്ക്ക് ഹാജരായത്. സ്ത്രീകളുടെ വസ്ത്രത്തിനു പുറമെ വള, പൊട്ട്, ലിപ്സ്റ്റിക് എന്നിവയും അംഗ്രേസ് സിങ് ധരിച്ചിരുന്നു.