ഡോ. ദിവ്യ എസ്. അയ്യര്‍ ഐ.എ.എസ്/പി. ഇസ്മായില്‍
ഡോ. ദിവ്യ എസ്. അയ്യര്‍ ഐ.എ.എസ്
സര്‍വ്വീസ് തിരക്കുകള്‍ക്കൊപ്പം സാഹിത്യത്തിലും കലയിലും വ്യക്തിമുദ്ര പതിപ്പിച്ച റാങ്കുകളുടെ കൂട്ടുകാരിയായ ഐ.എ.എസ് ഉദ്യോഗസ്ഥ. പത്താം ക്ലാസ് പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടി അക്കാദമിക് നേട്ടങ്ങള്‍ക്ക് സ്വപ്‌ന തുടക്കം. പാട്ട്, നൃത്തനൃത്യങ്ങള്‍, അഭിനയം, പ്രസംഗം, എഴുത്ത് തുടങ്ങിയവയിലൂടെ അരങ്ങിലും സജീവം. വോട്ടവകാശത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാനായി ‘വിരല്‍തുമ്പില്‍ നമ്മുടെ ഭാവി’ എന്ന ഗാനമെഴുതി ചിട്ടപ്പെടുത്തി ആലപിച്ചു. കോട്ടയം അസിസ്റ്റന്റ് കളക്ടര്‍, തിരുവനന്തപുരം സബ് കലക്ടര്‍, തദ്ദേശ സ്വയംഭരണ സെക്രട്ടറി, എന്‍.ആര്‍.ഇ.ജി മിഷന്‍ ഡയറക്ടര്‍ പദവികള്‍. നിലവില്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍. പാത്ത് ഫൈന്റര്‍, എത്രയും പ്രിയപ്പെട്ടവര്‍ക്ക് (ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ), അപ്ലൈഡ് ഡിപ്ലോമസി, കയ്യൊപ്പിട്ട വഴികള്‍ എന്നിവ കൃതികള്‍.
ഡോക്ടറില്‍ നിന്ന് ഐ.എ.എസിലേക്ക്?
ഇന്ത്യയിലെ പ്രശസ്ത മെഡിക്കല്‍ കോളജുകളിലൊന്നായ വെല്ലൂരിലെ സി.എം.സിയിലായിരുന്നു എം.ബി.ബി.എസ് പഠനം. സമൂഹവുമായി നേരിട്ട് ബന്ധം പുലര്‍ത്തുന്ന മേഖല കൂടിയാണല്ലോ മെഡിക്കല്‍ പഠനം. മികച്ച ചികിത്സയോടൊപ്പം വിദ്യാര്‍ത്ഥികളില്‍ സാമൂഹ്യ ബോധം വളര്‍ത്തുന്ന പദ്ധതികള്‍ കൂടി കോളേജിന്റെ സവിശേഷതയായിരുന്നു. പഠനത്തിന്റെ ഭാഗമായുള്ള മെഡിക്കല്‍ ക്യാമ്പുകളും വില്ലേജ് വിസിറ്റിംഗും രാവിലെ പോയി വൈകിട്ട് തിരിച്ചുവരുന്ന രീതിയിലായിരുന്നില്ല. പാര്‍ശ്വവല്‍ക്കരിക്കപെട്ടവരും അവശത അനുഭവിക്കുന്നവരുമായ ഗ്രാമീണര്‍ക്കൊപ്പം ഒരാഴ്ച താമസിച്ചു അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുന്ന രീതിയിലായിരുന്നു ക്യാമ്പുകള്‍. ആ ഗ്രാമ സന്ദര്‍ശനങ്ങള്‍, ശാസ്ത്ര രംഗത്തെ പുരോഗതി താഴെ തട്ടില്‍ ഉള്ളവര്‍ക്ക് എത്തുന്നില്ലെന്നും ആ വിടവ് എങ്ങനെ നികത്താന്‍ കഴിയുമെന്നുമുള്ള ഗൗരവമായ ആചോലന പകര്‍ന്നു. കമ്മ്യൂണിറ്റി മെഡിസിന്‍ എനിക്ക് മുന്നിലെ സാധ്യതകളിലൊന്നായിരുന്നു. എന്നാല്‍ ജനജീവിതത്തിന്റെ സര്‍വ മേഖലയിലും സ്പര്‍ശിക്കാന്‍ അവസരം ലഭിക്കുന്നത് സിവില്‍ സര്‍വ്വീസിലാണെന്ന് മനസ്സിലാക്കിയാണ് ഐ.എ.എസ് തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. ചെറുപ്പം തൊട്ടേ മനസ്സില്‍ കൊണ്ട് നടന്ന ആഗ്രഹം കൂടിയായിരുന്നു അത്.
ആദ്യമായി കേട്ട കളക്ടറുടെ പ്രസംഗം?
അച്ഛന്‍ ഐ.എസ്.ആര്‍.ഒ ജീവനക്കാരനായിരുന്നു. അവിടത്തെ സ്റ്റാഫിന്റെ മക്കളില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങിലെ മുഖ്യാഥിതി ഡോക്ടര്‍ ബി. ബാബു പോള്‍ ഐ എ എസ് ആയിരുന്നു. ഉത്ഘാടകനായി എത്തിയ അദ്ദേഹത്തിന് നിലവിളക്ക് കൈമാറാനും അവാര്‍ഡ് ഏറ്റുവാങ്ങാനും പ്രസംഗം കേള്‍ക്കാനും ഭാഗ്യമുണ്ടായി. കളക്ടര്‍ വന്നപ്പോഴുള്ള പ്രൗഢിയും അദ്ദേഹത്തിന്റെ വാക്ചാരുതയും എന്നിലും ഒരു ഐ.എ.സുകാരിയാവണമെന്ന ചിന്ത ജനിപ്പിച്ചു. പത്താം തരം പരീക്ഷ റിസള്‍ട്ട് കാത്തിരിക്കുമ്പോഴും മറ്റൊരു അനുഭവമുണ്ടായി. റിസള്‍ട്ട് വന്ന ദിവസം രാവിലെ വീട്ടിലെ ഫോണിലേക്ക് ഇപ്പോഴത്തെ ചീഫ് സെക്രട്ടറി വി. പി ജോയ് ഐ.എ.എസ് (അന്നദ്ദേഹം ഡി.പി.ഐ ആയിരുന്നു) വിളിച്ചു. പരീക്ഷയില്‍ ഞാന്‍ ഒന്നാം റാങ്കുകാരിയാണെന്ന വിവരം ആദ്യം പറഞ്ഞത് സാറാണ്. അന്ന് അഭിനന്ദനമറിയിച്ച ചീഫ് സെക്രട്ടറിക്കൊപ്പം അന്നത്തെ ആ പത്താംക്ലാസുകാരി കലക്ടറായി ജോലി ചെയ്യുന്നു എന്നത് ദൈവനിയോഗമായാണ് കാണുന്നത്.
ഒന്നാം റാങ്കുകാരിക്ക് ആരാവാനായിരുന്നു മോഹം?
പത്താം തരത്തിലെ റാങ്കുകാരിയെ തേടി വീട്ടില്‍ ചാനലുകാരും പത്രക്കാരും വന്നു. ആരാവാനാണു ആഗ്രഹമെന്ന പതിവ് ചോദ്യത്തിന് ഡോക്ടര്‍ ആവണം അതിനു ശേഷം ഐ.എ.എസും നേടണം എന്ന ആഗ്രഹമാണ് പ്രകടിപ്പിച്ചത്. പത്രത്തില്‍ അത് പ്രിന്റ് ചെയ്തു വന്നതോടെ അത് രേഖയായി. പത്രം അച്ഛന്‍ സൂക്ഷിച്ചിരുന്നു. വീണ്ടും വീണ്ടും അത് എടുത്ത് വായിക്കുമായിരുന്നു. ദിസ് ബ്രറ്റ് യങ് ഗേള്‍ വുഡ് ലൈക്ക് റ്റു ടേക്ക് എം.ബി. ബി.എസ് ബിഫോര്‍ ട്രെയിന്‍ ടു മസൂരി എന്നായിരുന്നു പിറ്റേദിവസമിറങ്ങിയ ദി ഹിന്ദുവിന്റെ തലക്കെട്ട്. ഐ.എ.എസ് അക്കാദമി മസൂറിയിലാണെന്ന് അന്നാണ് മനസ്സിലായത്. ആ വാര്‍ത്ത എന്റെ ലക്ഷ്യത്തിലേക്കുള്ള പ്രാചോദനം കൂടിയായി.
ഐ.എ.എസില്‍ ശോഭിക്കുന്നവര്‍?
ഐ.എ.എസ് എന്നത് ഒരു സ്‌പെഷ്യലൈസ്ഡ് ജോലിയല്ല. നൈസര്‍ഗികമായി സേവനമേഖലയില്‍ പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവരും വിവിധ സാഹചര്യങ്ങളോട് കൃത്യമായി ഇടപെടാന്‍ കഴിയുന്നവരുമാണ് സിവില്‍ സര്‍വന്റാവേണ്ടത്. ആരുടെയെങ്കിലും സ്വപ്‌നം പേറി വരുന്നവര്‍ക്ക് കാലിടറും. ഇന്നയിന്ന കാര്യങ്ങള്‍ പഠിച്ചാല്‍ മാത്രം നിങ്ങള്‍ക്ക് ഐ.എ.എസ് ആവാന്‍ പറ്റും എന്ന പറയാനാവില്ല. എപ്പോഴും പുതിയ കാര്യങ്ങള്‍ പഠിക്കുക എന്നതും പുതിയ വെല്ലുവിളികളെ അതിജയിക്കുക എന്നതും സിവില്‍ സര്‍വ്വീസില്‍ പ്രധാനമാണ്. പതിവ് രീതികളോ, നിയതമായ സാഹചര്യങ്ങളോ ആയിരിക്കില്ല ഈ സേവനമേഖലയില്‍. ഏതു സാഹചര്യത്തിലും കാര്യക്ഷമമായി ഇടപെടാനും പ്രവര്‍ത്തിക്കാനും കഴിയുന്നവര്‍ ഈ രംഗത്ത് ശോഭിക്കും.
എന്‍ട്രന്‍സ് ഇല്ലാത്ത പരീക്ഷ
മെഡിക്കല്‍, എന്‍ജിനീയറിങ്, സി.എ തുടങ്ങിയ പ്രൊഫഷണല്‍ കോഴ്‌സിന് ചെറിയ സ്ട്രീമില്‍ പെട്ടവരാണ് പരീക്ഷ എഴുതാറുള്ളത്. പല കോഴ്‌സുകള്‍ക്കും അഡ്മിഷന്‍ കിട്ടാന്‍ എന്‍ട്രന്‍സ് പരീക്ഷയുമുണ്ട്. എന്നാല്‍ ബിരുദം നേടിയ ഏതൊരു വിദ്യാര്‍ത്ഥിക്കും എന്‍ട്രന്‍സില്ലാതെ സിവില്‍ പരീക്ഷ എഴുതാന്‍ സാധിക്കും. സിവില്‍ സര്‍വ്വീസ് എന്നത് വലിയൊരു മൈതാനമാണ്. അവിടെ വലിയ സാധ്യകളുണ്ട്. ഏറ്റവും മികവ് പ്രകടിപ്പിക്കുന്നവരാണ് അവിടെ നിന്നും മുന്നിലെത്തുന്നത്. നമ്മുടെ നാട്ടിലെ യുവജന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും ഗ്രന്ഥശാലകളും പരീക്ഷകളില്‍ ജയിച്ചവരെ ആദരിക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. അതേ വിധം സിവില്‍ സര്‍വീസ് മേഖലയെ കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള ക്യാമ്പയിനുകള്‍ കൂടി ഏറ്റെടുത്താല്‍ നമ്മുടെ നാടിനു അത് വലിയ മുതല്‍കൂട്ടാവും.
സിവില്‍ സര്‍വീസ് പരീക്ഷയിലെ കഠിനഘട്ടം.
ഓരോരുത്തര്‍ക്കും വ്യത്യസ്ത അനുഭവമായിരിക്കും. പ്രിലിംസ് ജയിച്ചാല്‍ മതി സിവില്‍ സര്‍വീസ് നേടാനാവുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച പലരേയും ഞാന്‍ കണ്ടിട്ടുണ്ട്. എന്നെ സംബന്ധിച്ച് മെയിന്‍സായിരുന്നു പ്രധാന വെല്ലുവിളി. പ്രിലിംസില്‍ ടിക്ക് ചെയ്യാനുള്ള അവസരം മാത്രമാണുള്ളത്. ഇന്റര്‍വ്യുവിലാണെങ്കില്‍ കുറഞ്ഞ സമയം മാത്രമാണ് ഉദ്യോഗാര്‍ത്ഥിക്ക് ലഭിക്കുക. പ്രിലിംസ് രണ്ടു പേപ്പറിന്റെ പരീക്ഷ ആയതിനാലും ഒബ്‌ജെക്റ്റീവ് ടൈപ് ആയത് കൊണ്ടും നമുക്ക് കിട്ടാവുന്ന മാര്‍ക്ക് മനകണക്ക് കൂട്ടാന്‍ പറ്റും. മെയിന്‍സില്‍ ഒമ്പത് പേപ്പര്‍ ആയതു കൊണ്ടും എഴുതുന്ന ആളുടെയും വായിക്കുന്ന ആളുടെയും സബ്ജക്റ്റീവ് അസസ്‌മെന്റ് ഉള്ളതിനാല്‍ ഒന്നും പറയാന്‍ പറ്റില്ല. അതേസമയം മെയിന്‍സ് വെല്ലുവിളി ആണെങ്കിലും നമ്മുടെ ആശയം പ്രകടിപ്പിക്കാനുള്ള ഏക ഘട്ടം അത് മാത്രമാണ്.
എഴുത്തു പരീക്ഷ എങ്ങനെ എളുപ്പമാക്കാം
സ്‌കൂള്‍ തലത്തില്‍ തന്നെ കുട്ടികളുടെ കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ കണ്ടെത്തി വളര്‍ത്തണം. പ്രസംഗം, ക്വിസ്, ഉപന്യാസം, സംവാദം തുടങ്ങിയ മത്സരങ്ങളില്‍ പങ്കെടുത്ത് ആശയ വിനിമയം ആര്‍ജിച്ചെടുക്കണം. പുതിയ കഥകളും കവിതകളും നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കാലത്ത് അത്തരം ഇടങ്ങളിലൂടെ ആശയ വിനിമയം കൂട്ടാന്‍ കഴിയും. ആശയവിനിമയം എന്നാല്‍ പ്രകടിപ്പിക്കുക എന്നത് മാത്രമല്ല. മനസിലാക്കുക, അറിവ് ആര്‍ജിച്ചെടുക്കുക, വിശകലനം ചെയ്യുക തുടങ്ങിയ ഗുണങ്ങള്‍ ശീലിക്കുകയും അവ എഴുത്തിലൂടെയോ വാക്കിലൂടെയോ പ്രകടിപ്പിക്കുക എന്നതും കൂടിയാണ്. ഇതിന്റെ എല്ലാം അടിസ്ഥാനം പരന്ന വായനയാണ്.
സ്വന്തം പഠന രീതി?
കുട്ടിക്കാലത്ത് എനിക്ക് മികച്ച അധ്യാപികമാരുണ്ടായിരുന്നു. സ്‌കൂള്‍ പഠന കാലത്ത് വീട്ടില്‍ എത്തിയാല്‍ ടീച്ചര്‍മാരെ അനുകരിച്ചു ക്ലാസ് എടുക്കുന്ന രീതി സിവില്‍ സര്‍വീസ് പരിശീലനത്തിന് എനിക്ക് ഗുണം ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കണമെങ്കില്‍ ആദ്യം പറയുന്നയാള്‍ നന്നായി പഠിക്കേണ്ടിവരും. അന്നത്തെ ക്ലാസ് മുറിയും ടീച്ചറും സാങ്കല്പികം ആയിരുന്നുവെങ്കില്‍ സിവില്‍ സര്‍വീസ് പരിശീലന കാലത്ത് ഈ രീതി യാഥാത്ഥ്യമായി. സമാന മനസുള്ള സുഹൃത്തുക്കള്‍ തമ്മില്‍ മെയിന്‍സ് പരീക്ഷയിലെ എസേക്കുവേണ്ടിയുള്ള പരിശീലനത്തില്‍ ബ്ലാക് ബോര്‍ഡില്‍ ഓരോരുത്തരും പോയിന്റ്‌സ് എഴുതിയായിരുന്നു പഠനം.
സിവില്‍ സര്‍വ്വീസിലെ എന്റെ പഠനം എളുപ്പമാക്കാനായി സ്വയം ഒരു സിലബസ് തയ്യാറാക്കിയിരുന്നു. ഇത് വിദേശകാര്യ സെക്രട്ടറിയായിരുന്ന ടി.പി ശ്രീനിവാസന്‍ സാറിനെ കാണിച്ചു. ഇത് നിങ്ങള്‍ക്ക് ഒരാള്‍ക്കുമാത്രമായി ചുരുക്കരുതെന്നും മറ്റുള്ള കുട്ടിക്കള്‍ക്കും ഇത് ഗുണം ചെയ്യും എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. പ്രോത്സാഹനം നിറഞ്ഞ ആ വാക്കുകളില്‍ നിന്നാണ് പാത്ത് ഫൈന്റര്‍ എന്ന പുസ്തകത്തിന്റെ പിറവി. ഇന്നും സിവില്‍ സര്‍വ്വീസിന് തയ്യാറെടുക്കുന്ന പല കുട്ടികളും പാത്ത് ഫൈന്ററിനെക്കുറിച്ച് നല്ലത് പറയുന്നത് കേള്‍ക്കുമ്പോള്‍ അഭിമാനം തോന്നാറുണ്ട്.
ഇന്റര്‍വ്യൂ ദിനത്തിലെ ജന്തര്‍മന്ദര്‍ കാഴ്ച
ഇന്റര്‍വ്യൂവിനെ കുറിച്ച് അമിത ഭീതി ജനിപ്പിക്കുന്നത് കാണാറുണ്ട്. എന്നെ സംബന്ധിച്ച് ആസ്വാദ്യകരമായ അനുഭവമായിരുന്നു. ഇന്റര്‍വ്യൂവിനു പോകുമ്പോള്‍ ഡോക്ടര്‍ ബാബു പോള്‍ ഐ.എ.എസിനെ ഞാന്‍ സന്ദര്‍ശിച്ചിരുന്നു. അന്നദ്ദേഹത്തിന്റെ പിറന്നാളായിരുന്നു. ഇപ്പോള്‍ എന്നോട് സംസാരിക്കും പോലെ അവിടെയും സംസാരിച്ചാല്‍ മതി എന്നായിരുന്നു സാറിന്റെ ഉപദേശം. ഇന്റര്‍വ്യൂ എങ്ങനെ അഭിമുഖീകരിക്കണമെന്നതിന്റെ മര്‍മ്മം ആ വാക്കുകളിലുണ്ടായിരുന്നു. നമ്മള്‍ ആദരിക്കുന്നവരോട് സംസാരിക്കുമ്പോള്‍ എങ്ങനെ സംസാരിക്കുന്നുവോ അതേ രീതിയില്‍ ഇന്റര്‍വ്യൂ ബോഡിനെ നേരിട്ടാല്‍ മതിയാവും. എന്നുവെച്ച് നമ്മുടെ അഭിപ്രായങ്ങള്‍ അടിയറ വെക്കേണ്ടതുമില്ല. എല്ലാം പഠിച്ചു കൊണ്ട് ഒരു ഇന്റര്‍വ്യൂവിലും പങ്കെടുക്കാന്‍ കഴിയില്ല. അഭിമുഖത്തിനായി കേരള ഹൗസില്‍ നിന്നും ജന്തര്‍മന്ദിര്‍ വഴി നടന്നായിരുന്നു യു.പി.എസ്.സി ആസ്ഥാനത്തേക്ക് പോയത്. സമരപന്തലില്‍ അണ്ണാ ഹസാരെയേ കണ്ടിരിന്നോ എന്നായിരുന്നു ആദ്യ ചോദ്യം. പിന്നീട് പതിനഞ്ചു മിനുട്ട് അദ്ദേഹം നടത്തുന്ന സമരം സംബന്ധിച്ച് സംവാദമാണ് നടന്നത്. ആ ദിവസത്തെ സംഭവം പോലും ഇന്റര്‍വ്യൂവില്‍ ചോദിക്കപെടും. അതിനാല്‍ കണ്ണും കാതും തുറന്നു പിടിക്കണം. എന്നോട് തുടര്‍ന്ന് കേരളത്തെ കുറിച്ചും ജില്ലയെ കുറിച്ചും ഹിന്ദി പാട്ടുകളെ സംബന്ധിച്ചും ലതാ മാങ്കേഷ്‌ക്കറെ പറ്റിയും ചോദിച്ചിരുന്നു.
കളക്ടറുടെ ഒരു ദിവസം
ഒരു പുഴയെ രണ്ടു തവണ തൊടാന്‍ പറ്റില്ല എന്ന് പറയാറുള്ളത് പോലെ കലക്ടറുടെ ഓരോ ദിവസവും വ്യത്യസ്തമാണ്. രാവിലെ 9 മണി മുതല്‍ കര്‍മ നിരതയാവണം. ജില്ലയിലെ പല പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാനും പരിഹാരം കാണാനുമായി മീറ്റിംഗുകള്‍ കൂടും. മന്ത്രിമാരുടെ വീഡിയോ കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കും. കോളനികളില്‍ സന്ദര്‍ശനം നടത്തേണ്ടി വരും. റേഷന്‍ കടകളില്‍ പരിശോധന നടത്തും. ജയിലുകളില്‍ സന്ദര്‍ശനം നടത്തും. ഓഫീസില്‍ ദിവസവും നിശ്ചിത സമയം പൊതു ജനങ്ങളുടെ പരാതി കേള്‍ക്കാനും തീര്‍പ്പു കല്‍പിക്കാനും മാറ്റി വെക്കും. അദാലത്തുകള്‍ സംഘടിപ്പിക്കും. മഴ, പ്രളയം പോലുള്ള അപ്രതീക്ഷിത സാഹചര്യങ്ങളെ നേരിടാനുള്ള സംവിധാനങ്ങള്‍ ഏര്‍പെടുത്തും. ലോക്‌സഭാ- നിയമസഭാ ജനപ്രതിനിധികളുടെ വികസന പദ്ധതികളെ കുറിച് അവലോകനം നടത്തും. ജില്ലാ ആസൂത്രണ സമിതി യോഗത്തിലും പൊതു പരിപാടികളിലും പങ്കെടുക്കും. വൈകുന്നേരത്തോടെയാണ് ഫയലുകള്‍ നോക്കി തുടങ്ങുന്നത്. പല ദിവസവും അത് രാത്രി 9 മണി വരെ നീളും.
ഭാരത് ദര്‍ശന്‍ യാത്ര അനുഭവം
ആയിരം മൈല്‍ യാത്ര ആരംഭിക്കുന്നത് ഒരൊറ്റ ചുവടുവെപ്പില്‍ നിന്നാണ്. ജീവിത യാത്രയില്‍ എന്നും ഓര്‍മിക്കാനുള്ള ഒട്ടേറെ പാഠങ്ങളാണ് മസൂറിയില്‍ ആരംഭിച്ച ഭാരത് ദര്‍ശന്‍ യാത്ര അനുഭവം പകര്‍ന്നത്. സിക്കിം, അരുണാചല്‍ പ്രദേശ് ഉള്‍പ്പെടെ ഒമ്പതു സംസ്ഥാനങ്ങളിലൂടെ ഇന്ത്യയുടെ ഹൃദയം തൊട്ടറിഞ്ഞൊരു യാത്ര. 18 പേരടങ്ങുന്ന സംഘമായിരുന്നു യാത്രയില്‍. സംസ്‌കാരത്തിലും ഭാഷയിലും ഭക്ഷണത്തിലും വസ്ത്രത്തിലുമടക്കം ഇന്ത്യയിലെ വൈവിധ്യങ്ങള്‍ നേരില്‍കണ്ടും അനുഭവിച്ചും മൈനസ് 16 തണുപ്പിലൂടെയടക്കം സഞ്ചരിച്ച ജീവിതത്തിലെ ഏറ്റവും സംഭവബഹുലമായ 72 ദിവസങ്ങളായിരുന്നു അത്. കര-വ്യോമ-നാവിക സേനാ ആസ്ഥാനങ്ങളും ആന്‍ഡമാന്‍ ഉള്‍പ്പെടെ കേന്ദ്രഭരണ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചുമായിരുന്നു യാത്ര. മിലിട്ടറി ബങ്കറുകളിലടക്കം താമസിച്ചും ശാരീരികവും മാനസികവുമായ വെല്ലുവിളികളെ മറികടക്കാന്‍ സിവില്‍ സര്‍വന്റിനെ പ്രാപ്തമാക്കുക കൂടിയാണ് ഭാരത് ദര്‍ശന്‍ യാത്രയുടെ ഉദ്ദേശ്യം.