കെ.പി നിഷാദ്
മഞ്ചേരി: സൂപ്പര്‍ ലീഗ് കേരളയിലെ മലപ്പുറം എഫ്.സിയും തൃശൂര്‍ മാജിക് എഫ്.സിയും തമ്മിലുള്ള മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൂര്‍ച്ചയുള്ള അക്രമണം മെനയാന്‍ പോലും ഇരുടീമുകള്‍ക്കുമായില്ല. 89 മിനിറ്റില്‍ തൃശൂരിന്റെ സി.കെ വിനിതിന്റെ ഷോട്ട് മാത്രമാണ് ഗോളിയെ പരീക്ഷിച്ചത്. മലപ്പുറം തുടക്കം മുതല്‍ക്കുതന്നെ അക്രമിച്ചു കളിച്ചുവെങ്കിലും ഒരു ഷോട്ട് പോലും പോസ്റ്റിലേക്ക് പായിക്കാനായിരുന്നില്ല.
മത്സരം സമനിലയില്‍ പിരിഞ്ഞതോടെ ഇരുടീമുകളും പോയിന്റ് പട്ടികയില്‍ നിലവിലുള്ള സ്ഥാനത്ത് തന്നെ തുടരും. നാല് പോയിന്റോടെ മലപ്പുറം എഫ്.സി നാലാം സ്ഥാനം നിലനിര്‍ത്തി. ആദ്യപോയിന്റ് നേടിയ തൃശൂര്‍ ആറാം സ്ഥാനത്ത് തുടരുകയാണ്. വിജയം ലക്ഷ്യമിട്ടിറങ്ങിയ ഇരുടീമുകളും കാര്യമായ മാറ്റങ്ങളോടെയാണ് കളത്തിലിറങ്ങിയത്.
കോച്ച് ജിയോവാനി സ്‌കാനുവിന്റെ അസാന്നിധ്യമായിരുന്നു തൃശൂരിന്റെ ടീംലിസ്റ്റിലെ സുപ്രധാന മാറ്റം. പകരം ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് കോച്ച് സതീവന്‍ ബാലന്‍ കഴിഞ്ഞ മത്സരങ്ങള്‍ കളിച്ച ആറ് താരങ്ങളെ മാറ്റി പരീക്ഷിച്ചു. രണ്ടുമാറ്റങ്ങളുമായാണ് മലപ്പുറം കളത്തിലിറങ്ങിയത്. എന്നാല്‍ ടീമിലെ മാറ്റത്തിന് മത്സരഫലത്തെ സ്വാധീനിക്കാനായില്ല.തൃശൂര്‍ മാജിക് എഫ്.സിയുടെ അടുത്ത മത്സരം 24ന് കോഴിക്കോടിനെതിരെ എവേ ഗ്രൗണ്ടിലാണ്. മലപ്പുറം എഫ.സി 25ന് കണ്ണൂര്‍ വാരിയേഴ്സിനെ സ്വന്തം തട്ടകത്തില്‍ നേരിടും.