X
    Categories: Video Stories

വീണ്ടും ഗോളടിക്കാന്‍ മറന്നു; അര്‍ജന്റീന ലോകകപ്പിനു പുറത്തേക്ക്

ബ്യൂണസ് അയേഴ്‌സ്: സ്വന്തം തട്ടകത്തില്‍ പെറുവിനെതിരെയും ഗോള്‍ രഹിത സമനില വഴങ്ങിയതോടെ അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പിന് യോഗ്യത നേടാനുള്ള അര്‍ജന്റീനയുടെ പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചു. കോച്ച് ഹോര്‍ഹെ സാംപോളിക്കു കീഴില്‍ തുടര്‍ച്ചയായ മൂന്നാം സമനിലയോടെ ദക്ഷിണ അമേരിക്കന്‍ മേഖലയില്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട അര്‍ജന്റീനക്ക് ഇനി യോഗ്യത ലഭിക്കണമെങ്കില്‍ അടുത്ത ബുധനാഴ്ച ഇക്വഡോറിനെതിരെ അവരുടെ നാട്ടില്‍ നടക്കുന്ന മത്സരത്തില്‍ ജയിക്കണം.

പോയിന്റില്‍ ഒപ്പമാണെങ്കിലും ഗോള്‍ മുന്‍തൂക്കമുള്ള പെറു സമനില മാത്രം ലക്ഷ്യമിട്ടാണ് കളിച്ചത്. എന്നാല്‍ നേരിട്ടുള്ള യോഗ്യതക്ക് അര്‍ജന്റീനക്ക് ജയം അനിവാര്യമായിരുന്നു.

പൗളോ ഡിബാലയെ ബെഞ്ചിലിരുത്തി പരിചയക്കുറവുള്ള ഡാരിയോ ബെനഡിറ്റോ, അലയാന്ദ്രോ ഗോമസ് എന്നിവരെ ലയണല്‍ മെസ്സിക്കും എയ്ഞ്ചല്‍ ഡി മരിയക്കുമൊപ്പം മുന്‍നിരയില്‍ കളിപ്പിച്ച അര്‍ജന്റീനയെ മുഴുസമയവും പ്രതിരോധിച്ചു നിര്‍ത്താന്‍ സന്ദര്‍ശകര്‍ക്കു കഴിഞ്ഞു. മെസ്സി സൃഷ്ടിച്ച അവസരങ്ങള്‍ പാഴാക്കുന്നതില്‍ ബെനഡിറ്റോയും ഗോമസും പകരക്കാരനായിറങ്ങിയ എമിലിയാനോ റിഗോണിയും മത്സരിക്കുകയായിരുന്നു.

എവര്‍ ബനേഗക്കു പകരം രണ്ടാം പകുതിയില്‍ കളത്തിലെത്തിയ ഫെര്‍ണാണ്ടോ ഗാഗോ ആറു മിനുട്ടിനകം പരിക്കേറ്റ് പിന്മാറിയോടെ അവസാന ഘട്ടത്തില്‍ ഡിബാലയെ പരീക്ഷിക്കാനുള്ള അവസരവും സാംപോളിക്ക് നഷ്ടമായി.

അവസാന മിനുട്ടുകളില്‍ ബോക്‌സിനു പുറത്ത് രണ്ട് ഫ്രീകിക്കുകള്‍ ലഭിച്ചെങ്കിലും ഗോളിലെത്തിക്കാന്‍ ലയണല്‍ മെസ്സിക്ക് കഴിഞ്ഞില്ല. അതിനിടെ, ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം പെറു താരം പൗളോ ഗ്വറേറോ തൊടുത്ത ഫ്രീകിക്ക് ഗോള്‍കീപ്പര്‍ സെര്‍ജിയോ റൊമേറോ രക്ഷപ്പെടുത്തിയത് അര്‍ജന്റീനയുടെ ഭാഗ്യമായി.

നേരത്തെ തന്നെ യോഗ്യത ഉറപ്പാക്കിയ ബ്രസീല്‍ ബൊളീവിയക്കെതിരെ അവരുടെ തട്ടകത്തില്‍ ഗോള്‍രഹിത സമനില വഴങ്ങി. വെനിസ്വെല യൂറുഗ്വേയെയും ഗോള്‍രഹിത സമനിലയില്‍ തളച്ചപ്പോള്‍ കൊളംബിയയെ ഒന്നിനെതിരെ രണ്ടു ഗോളിന് വീഴ്ത്തി പാരഗ്വേ ലോകകപ്പ് കളിക്കാനുള്ള നേരിയ സാധ്യത സ്വന്തമാക്കി. ഇക്വഡോറിനെ വീഴ്ത്തി ചിലി പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി.

17 റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 38 പോയിന്റുള്ള ബ്രസീല്‍ മാത്രമാണ് യോഗ്യത ഉറപ്പിച്ചത്. രണ്ടു മുതല്‍ ഏഴു വരെ സ്ഥാനങ്ങളിലുള്ള യൂറുഗ്വേ (28), ചിലി (26), കൊളംബിയ (26), പെറു (25), അര്‍ജന്റീന (25), പാരഗ്വേ (24) ടീമുകളില്‍ ആരെല്ലാം ലോകകപ്പിന് യോഗ്യത നേടുമെന്നറിയാന്‍ ബുധനാഴ്ച വരെ കാത്തിരിക്കണം. ബ്രസീലിനെ അവരുടെ തട്ടകത്തില്‍ നേരിടുന്ന ചിലിക്ക് ടിക്കറ്റുറപ്പിക്കണമെങ്കില്‍ സമനിലയെങ്കിലും അനിവാര്യമാണ്. സ്വന്തം തട്ടകത്തില്‍ ബൊളീവിയയെ നേരിടുന്ന യൂറുഗ്വേ വലിയ ബുദ്ധിമുട്ടില്ലാതെ മുന്നേറുമെന്നാണ് കരുതുന്നത്. പെറു-കൊളംബിയ മത്സരം ഇരു ടീമുകളെയും അര്‍ജന്റീനയെയും സംബന്ധിച്ചിടത്തോളം നിര്‍ണായകമാവും. ഈ മത്സരം ജയിക്കുന്ന ടീം നേരിട്ട് യോഗ്യത നേടും. ഇക്വഡോറിനെ ഹൈ ആള്‍ട്ടിറ്റിയൂഡ് സ്‌റ്റേഡിയമായ ക്വിറ്റോയില്‍ നേരിടുന്ന അര്‍ജന്റീനക്ക് ജയം നേടാനായാല്‍ നേരിട്ടുള്ള യോഗ്യതയോ പ്ലേ ഓഫ് അവസരമോ ലഭിക്കും. അര്‍ജന്റീന ജയം കാണാതിരിക്കുകയും സ്വന്തം തട്ടകത്തില്‍ വെനിസ്വേലയെ തോല്‍പ്പിക്കാന്‍ കഴിയുകയും ചെയ്താല്‍ പാരഗ്വേക്ക് പ്ലേ ഓഫ് അവസരം ലഭിക്കും.

ചന്ദ്രിക വെബ് ഡെസ്‌ക്‌: