X

ബാംഗ്ലൂര്‍ സര്‍വകലാശാലയുടെ ഡോക്ടറേറ്റ് നിരസിച്ച് ദ്രാവിഡ്

ന്യൂഡല്‍ഹി: ക്രിക്കറ്റിന് നല്‍കിയ മഹത്തായ സംഭാവനകള്‍ പരിഗണിച്ച് ബാംഗ്ലൂര്‍ സര്‍വകലാശാല നല്‍കിയ ഡോക്ടറേറ്റ് ബിരുദം മുന്‍ താരം രാഹുല്‍ ദ്രാവിഡ് നിരസിച്ചു. ഇത്തരം പുരസ്‌കാരങ്ങള്‍ ഗവേഷണം നടത്തി നേടുന്നതിലാണ് സംതൃപ്തിയെന്നും അല്ലാത്ത പുരസ്‌കാരം സ്വീകരിക്കുന്നതിനോട് താല്‍പര്യമില്ലെന്നും ദ്രാവിഡ് പറഞ്ഞു. ബംഗളൂരു സര്‍വകലാശാല തന്നെയാണ് ദ്രാവിഡ് ഇക്കാര്യം പറഞ്ഞതായി വ്യക്തമാക്കിയത്.

ദ്രാവിഡിന്റെ ഈ വാദത്തെ സോഷ്യല്‍ മീഡിയ കയ്യടികളോടെയാണ് സ്വീകരിച്ചത്. ജീവിതത്തില്‍ ഒന്നിനും കുറുക്ക് വഴികളില്ലെന്നും കഠിനാധ്വനമാണ് ഒരാളെ ഉന്നതിയിലെത്തിക്കുന്നതെന്നും പറയാറുളള ദ്രാവിഡ് ജീവിതത്തിലും അത് തെളിയിക്കുകയാണ്. ഇപ്പോള്‍ അണ്ടര്‍ 19 ഇന്ത്യന്‍ ടീമിന്റെ പരിശീലകനാണ് വന്‍ മതില്‍ എന്ന് വിളിപ്പേരുള്ള ദ്രാവിഡ്. ഇന്ത്യക്കായി 164 ടെസ്റ്റുകളും 344 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 13288ഉം ഏകദിനത്തില്‍ 10889 റണ്‍സും ദ്രാവിഡ് സ്വന്തമാക്കിയിട്ടുണ്ട്.

തോല്‍വിയിലേക്ക് തുറിച്ച് നോക്കിയ പല മത്സരങ്ങളും മാസ്മരിക ചെറുത്തുനില്‍പ്പിലൂടെ സമനിലയിലെത്തിച്ചതുള്‍പ്പെടെ ദ്രാവിഡിനെ എന്നും ഓര്‍ക്കുന്ന നിമിഷങ്ങളാണ്. ഇന്ത്യന്‍ ടീമിനെ ലോകകപ്പിലുള്‍പ്പെടെ നയിച്ച ചരിത്രവും ദ്രാവിഡിനുണ്ട്. ടീം ഇന്ത്യയുടെ പരിശീലകനായി നിയമിതനാവുമെന്ന് വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും കുംബ്ലെക്കാണ് തല്‍സ്ഥാനം ലഭിച്ചത്.

chandrika: