കോട്ടയം ചങ്ങനാശ്ശേരിയില്‍ യുവാവിനെ കൊന്ന് വീടിന്റെ തറ തുരന്ന് കുഴിച്ചിട്ട കേസില്‍ പ്രതി പിടിയില്‍. ആര്യാട് സ്വദേശി ബിന്ദുമോനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുത്തുകുമാറിനെയാണ് പോലീസ് പിടികൂടിയത്. ഇരുവരും സുഹൃത്തുകളായിരുന്നു. ഒന്നിലധികം പേര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് സൂചന. സിഐ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
ബിന്ദുമോനെ കൊലപ്പെടുത്തിന് പിന്നാലെ വീടിനുള്ളില്‍ കുഴിച്ചിട്ട ശേഷം കോണ്‍ക്രീറ്റ് ചെയ്ത് മൂടുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മാസം 26നാണ് യുവാവിനെ കാണാതായത്. ചങ്ങനാശ്ശേരി എസി റോഡില്‍ രണ്ടാം പാലത്തിന് സമീപത്തെ ഒരു വീടിന്റെ തറ തുറന്ന് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ബിന്ദുകുമാറിനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ മാതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നത്. കാണാതായ യുവാവിന്റെ ബൈക്ക് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പൊലീസ് ചങ്ങനാശ്ശേരിയില്‍ എത്തിയത്.