X
    Categories: MoreNews

നാട്ടിക വാഹനാപകടം; പരുക്കേറ്റവരുടെ കൂട്ടിരിപ്പുകാര്‍ ദുരിതത്തില്‍

തൃശൂര്‍: തൃപ്രയാര്‍ നാട്ടികയില്‍ തടിലോറി പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ പരുക്കേറ്റവരുടെ കൂട്ടിരിപ്പുകാര്‍ ദുരിതത്തില്‍. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് ഭക്ഷണം ലഭിക്കുന്നത് ഒരു നേരം മാത്രമാണ്. രാവിലെയോ രാത്രിയോ ഭക്ഷണം കഴിക്കാന്‍ നിവര്‍ത്തിയില്ല. ചായ കുടിക്കാന്‍ പോലും കയ്യില്‍ പണമില്ലെന്ന് ഗുരുതരമായി പരുക്കേറ്റ് ഐസിയുവില്‍ കഴിയുന്ന ചിത്രയുടെ സഹോദരന്‍ അച്ചു. സര്‍ക്കാര്‍ ധനസഹായം നല്‍കാന്‍ തീരുമാനമായെങ്കിലും പണം ഇതുവരെയും ഇവര്‍ക്ക് ലഭ്യച്ചിട്ടില്ല.

കൃത്യമായ ചികിത്സ രോഗികള്‍ക്ക് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്നുണ്ട്. 7 മാസം ഗര്‍ഭിണിയായ ഭാര്യയ്ക്ക് സമയത്തിന് ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നും ഒരു ചായ ആവശ്യപ്പെട്ടിട്ട് അതുപോലും വാങ്ങിക്കാനുള്ള പണം കയ്യില്‍ ഇല്ലാത്ത അവസ്ഥയാണുള്ളതെന്ന് അച്ചു പറഞ്ഞു. കൂട്ടിരിക്കേണ്ടി വരുന്നതിനാല്‍ ജോലിക്ക് പോകാനോ മാറിനില്‍ക്കാനോ കഴിയാത്ത അവസ്ഥയിലാണ് ചികിത്സയില്‍ കഴിയുന്നവരുടെ കൂട്ടിരിപ്പുകാര്‍.

നിലവില്‍ അഞ്ച് പേരാണ് അപകടത്തില്‍പ്പെട്ട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നത്. എട്ട് പേരാണ് ഇവരുടെ കൂട്ടിരിപ്പുകാരായി തുടരുന്നത്.ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. റോഡിനരികില്‍ ഉറങ്ങി കിടന്നിരുന്ന നാടോടി സംഘങ്ങള്‍ക്ക് നേരെ തടിലോറി പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ രണ്ട് കുട്ടികളടക്കം അഞ്ച് പേരാണ് മരണപ്പെട്ടത്. കണ്ണൂരില്‍നിന്ന് എറണാകുളം ഭാഗത്തേക്കു പോവുകയായിരുന്ന തടിലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഡൈവേര്‍ഷന്‍ ബോര്‍ഡ് ഡ്രൈവര്‍ കാണാതിരുന്നതാണ് അപകടകാരണം. ഡ്രൈവറെയും ക്ലീനറെയും അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ ക്ലീനറാണു വാഹനമോടിച്ചതെന്നു പൊലീസ് വ്യക്തമാക്കി.

 

webdesk17: