കേരള പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കാസര്‍കോട്ടെ കശുമാവിന്‍ തോട്ടങ്ങളില്‍ ആകാശ മാര്‍ഗേണ തളിച്ച എന്‍ഡോസള്‍ഫാന്‍ വിഷ മരുന്നിന്റെ പ്രത്യാഘാതം ഏറ്റുവാങ്ങി ജീവച്ഛവങ്ങളായി കഴിയാന്‍ വിധിക്കപ്പെട്ട മനുഷ്യരോടും അവരുടെ ബന്ധുക്കളോടും ഇടതു സര്‍ക്കാര്‍ കാട്ടുന്ന ക്രൂരത ശിലാഹൃദയര്‍ക്കല്ലാതെ കൈയും കെട്ടി കണ്ടുനില്‍ക്കാനാവുന്നില്ല. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ലക്ഷത്തിലധികം കോടി രൂപ ചെലവഴിച്ച് കെ റെയില്‍ നിര്‍മിക്കാന്‍ സര്‍വശക്തിയും പ്രയോഗിക്കുന്ന സര്‍ക്കാരിനെന്തുകൊണ്ടാണ് ഈ നിരാലംബരുടെ കാര്യത്തില്‍ നീതിയും നിയമവും നടപ്പാക്കാനിത്ര ആലസ്യം? രോഗികളായി കണ്ടെത്തിയ 6727 പേരില്‍ വെറും എട്ടു പേര്‍ക്ക് മാത്രമേ ഇതുവരെ സുപ്രീംകോടതി നിര്‍ദേശിച്ച നഷ്ടപരിഹാരം നല്‍കാനായിട്ടുള്ളൂ എന്നത് മലയാളിയുടെ പ്രബുദ്ധതയുടെ പുറംമോടി പിച്ചിച്ചീന്തുകയാണിന്ന്്. മെയ്്16ന് സുപ്രീംകോടതിക്ക് ശക്തമായ ഭാഷയില്‍ കേരള സര്‍ക്കാരിനെ താക്കീതു ചെയ്യേണ്ടിവന്നത് ഭരണകൂടത്തിന്റെ അക്ഷന്തവ്യമായ അപരാധത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കോടതിയെ സമീപിച്ചവര്‍ക്ക് അരലക്ഷം രൂപവീതം അധിക നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത് സര്‍ക്കാരിന്റെ അഹന്തക്കേറ്റ കനത്ത അടിയാണ്. 2017ല്‍ സുപ്രീംകോടതി നിര്‍ദേശിച്ച തുക നല്‍കാത്തതിന് എട്ടു രോഗികളാണ് കോടതിയലക്ഷ്യഹര്‍ജിയുമായി ഉന്നത നീതിപീഠത്തെ സമീപിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ‘യാതൊന്നും’ ചെയ്തിട്ടില്ലെന്നാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വിമര്‍ശിച്ചത്. ജീവിക്കാനുള്ള മൗലികാവശത്തിന്റെ (21-ാം വകുപ്പ്) ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശത്തെപ്പറ്റിയുള്ള ഭാഗം സുപ്രീംകോടതി എടുത്തുദ്ധരിച്ചത് വിധിയുടെ ഗൗരവം വര്‍ധിപ്പിക്കുന്നു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നമാരംഭിച്ചിട്ട് പതിറ്റാണ്ടിലധികമാകുകയാണിപ്പോള്‍. 2010ലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നഷ്ടപരിഹാരത്തിന് ഉത്തരവിട്ടത്. താത്കാലികമായി അഞ്ചു ലക്ഷം രൂപ ഓരോരുത്തര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ജസ്റ്റിസ് ബാലകൃഷ്ണന്‍ അധ്യക്ഷനായ കമ്മീഷന്റെ വിധി. അതിന് അനുകൂലമായാണ് സുപ്രീംകോടതിയും ഉത്തരവിട്ടത്. യു.ഡി.എഫ് സര്‍ക്കാര്‍ രോഗികള്‍ക്കും കുടുംബത്തിനും ചികില്‍സക്കും കടം വീട്ടാനും റേഷന്‍ വിഹിതത്തിനുമായി കോടികള്‍ കൈമാറുകയുണ്ടായി. 100 കോടിയിലധികം രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. എന്നാല്‍ കോടതിയില്‍ ഹര്‍ജിയുമായിപോയ വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രം നഷ്ടപരിഹാരം നല്‍കുകയായിരുന്നു 2016ല്‍ അധികാരത്തില്‍വന്ന പിണറായി സര്‍ക്കാര്‍. കണക്കുപ്രകാരം 3704 പേര്‍ക്കാണ് അഞ്ചുലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കാനുള്ളത്. ഇതില്‍ എട്ടു പേര്‍ക്ക് മാത്രമാണ് 2017ല്‍ തുകനല്‍കിയത്. അര്‍ബുദ രോഗികള്‍മാത്രം 699 പേര്‍. പക്ഷേ കോടതിവിധിക്ക് ശേഷം തൊടുന്യായങ്ങള്‍ പറഞ്ഞ് തടിതപ്പാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
2010 മുതല്‍ സര്‍ക്കാര്‍ കൊടുത്ത തുകയുടെ കണക്കുമായാണ് കഴിഞ്ഞദിവസം ജില്ലാകലക്ടര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. അതില്‍ ഇതിനകം പലയിനത്തിലായി 1,19,34,00,000 രൂപ വിതരണംചെയ്തതായി പറയുന്നു. 3642 പേരാണ് രോഗികളെന്നും ഇതില്‍ 733പേര്‍ മാത്രമേ അര്‍ഹരുള്ളൂവെന്നും കലക്ടര്‍ പറഞ്ഞത് എന്തടിസ്ഥാനത്തിലാണ്. കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള നാടകമാണിത്.
മുപ്പതു വയസ്സുവരെ പ്രായമുള്ള ഉദ്ദേഷിനെപോലുള്ള രോഗികളുമായി അമ്മമാര്‍ സെക്രട്ടറിയേറ്റ് നടയില്‍ സമരവുമായി കിടന്നത് നമുക്ക് മറക്കാനാവില്ല. ഇപ്പോഴാകട്ടെ സമരവുമില്ല, പരിഹാരവുമില്ല എന്നവസ്ഥയാണ്. ഇതിനിടെയാണ് സമരസമിതിയിലെ ചിലരിടപെട്ട് സുപ്രീംകോടതിയെ വീണ്ടും സമീപിച്ചതും കോടതിയുടെ താക്കീതുണ്ടായതും. ഇനിയെങ്കിലും അടിയന്തരമായി ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. സര്‍ക്കാരിനുകീഴിലെ കോര്‍പറേഷനാണ് ഈ ദുരന്തത്തിനുത്തരവാദിയെന്നതിനാല്‍ വിശേഷിച്ചും. അതേസമയം പ്രതികളായ സ്ഥാപനം നല്‍കാമെന്നേറ്റ തുക വാങ്ങി നല്‍കുന്നതിനും രോഗികള്‍ക്ക് പാലിയേറ്റീവ് അടക്കമുള്ള വിദഗ്ധ ചികില്‍സകള്‍ നല്‍കുന്നതിനും സര്‍ക്കാര്‍ ബദ്ധശ്രദ്ധരാകണം. പ്ലാച്ചിമടക്ക് സമാനമായ ട്രിബൂണല്‍ രൂപീകരണവും വൈകരുത്. കാരുണ്യം എന്നത് നിയമത്തില്‍ നിര്‍ദേശിക്കപ്പെടേണ്ടതല്ല. അതാരംഭിക്കേണ്ടത് മനുഷ്യമനസ്സുകളിലാണ്, വിശിഷ്യാ ജനാധിപത്യ ഭരണാധികാരികളുടെ.