കൊച്ചി: തൃക്കാക്കര കയറാനുള്ള തത്രപ്പാടില്‍ ഉപതിരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ നിരവധി രാഷ്ട്രീയ നാടകങ്ങള്‍ ആണ് സി പി എമ്മും ഇടതുമുന്നണിയും ജനങ്ങള്‍ക്കു മുമ്പില്‍ നടത്തിയത്. സ്ഥാനാര്‍ഥി പ്രഖ്യാപനം തന്നെ ഏറ്റവും വലിയ നാടകമായിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് രണ്ടാം മണിക്കൂറില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചെങ്കില്‍ ഇടത് സ്ഥാനാര്‍ഥി പ്രഖ്യാപനം ദിവസങ്ങളോളം നീണ്ടു പോവുകയായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തെ സ്ഥാനാര്‍ത്ഥിയാക്കി ചുവരെഴുത്തും പോസ്റ്റര്‍ ഒട്ടിക്കലും വരെ നടത്തിയതാണ് ഇടതിന് പറ്റിയ ആദ്യത്തെ അമളി. പ്രബല സമുദായത്തിന്റെ പിന്‍ബലം ഉറപ്പാക്കാമെന്ന വ്യാമോഹത്തോടെ അവരുടെ വോട്ടുകള്‍ കൂടി ലക്ഷ്യമിട്ട് സിപിഎം നടത്തിയ നീക്കങ്ങളെ തുടര്‍ന്ന് ഈ ചുവരെഴുത്തുകള്‍ പരസ്യമായി മായ്ച്ചു കളയേണ്ട അവസ്ഥയുമുണ്ടായി. ഒരു മത സ്ഥാപനത്തില്‍ അതും വൈദികരുടെ സാന്നിധ്യത്തില്‍ സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ചതാണ് ഇടതുപക്ഷം നടത്തിയ ഏറ്റവും വില കുറഞ്ഞ നാടകം. ഈ നാടകം സിപിഎമ്മിന് ഗുണം ചെയ്തില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
സില്‍വര്‍ ലൈന്‍ പദ്ധതി തിരഞ്ഞെടുപ്പ് വിഷയമായി അവതരിപ്പിക്കുന്നതില്‍ സിപിഎം നടത്തിയ ചാഞ്ചാട്ടമാണ് മറ്റൊരു തിരഞ്ഞെടുപ്പ് നാടകമായി മാറിയത്. പ്രചരണത്തിന്റെ് തുടക്കം മുതല്‍ അവസാനം വരെ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സിപിഎം നേതാക്കളുടെ ഒളിച്ചുകളിയാണ് വ്യക്തമായത്. ഉപതിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍ കൂടി ആകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞപ്പോള്‍ അതിനെ സന്ദേഹവുമായാണ് ജില്ലയിലെ മന്ത്രി അടക്കമുള്ള നേതാക്കള്‍ നേരിട്ടത്. വികസന നായകന്‍ ആയി കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനെ ഉയര്‍ത്തി കൊണ്ടുവന്നതാണ് തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് കണ്ട മറ്റൊരു നാടകം. ഇടതുപക്ഷത്തിന്റെ് പ്രചാരണ ഉദ്ഘാടനചടങ്ങില്‍ കൊട്ടും കുരവയും ആയാണ് കെ വി തോമസിന് കൊണ്ടുവന്നതെങ്കില്‍ തിരിച്ചടി നന്നായി മണത്ത് സിപിഎം പിന്നീടുള്ള പരിപാടികളില്‍നിന്ന് കെ വി തോമസിനെ മാറ്റിനിര്‍ത്തി.
പി.ടി തോമസിന്റെ അകാല വിയോഗം മൂലമുണ്ടായ ഉപതിരഞ്ഞെടുപ്പിന്റെ സാഹചര്യത്തെ ‘പറ്റിയ അബദ്ധം തിരുത്തുന്നതിനുള്ള ഒരവസരം കൂടി തൃക്കാക്കരക്ക് ഒരു സൗഭാഗ്യമായി കൈവന്നിരിക്കുന്നു’ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിന്ദ്യവും ക്രൂരവുമായ പരാമര്‍ശം തുടക്കത്തില്‍ തൃക്കാക്കരയിലെ ജനങ്ങള്‍ക്ക്്് വലിയ ഞെട്ടലാണ് നല്‍കിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും ഘടകകക്ഷികളുടെയും ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത വിധം ജാതി, സമുദായ വക്താക്കളായി മന്ത്രിമാരും സിപിഎം എംഎല്‍എമാരും രംഗത്തിറങ്ങിയത് പരിഹാസത്തോടെയാണ് ജനം കണ്ടത്. ജാതി പറഞ്ഞ് വോട്ട് പിടിക്കാന്‍ സിപിഎം തയ്യാറായതാണ് ഈ ഉപതിരഞ്ഞെടുപ്പില്‍ കണ്ട ഹീനമായ നാടകം. തിരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് ഇടതു സ്ഥാനാര്‍ത്ഥിക്ക് എതിരായ അശ്ലീല വീഡിയോ പ്രചരണ നാടകവുമായി ഇടതുപക്ഷം രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് ദിവസം ഇത് നന്നായി ചെലവാകും എന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍. ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് ദിവസം പുലര്‍ച്ചെ അറസ്റ്റ് നടന്നതും ഇയാള്‍ യുഡിഎഫ് കാരനാണെന്ന് പൊലീസിനെക്കൊണ്ട് പറയിപ്പിച്ചതും മറ്റൊരു വില കുറഞ്ഞനാടകമായി. വ്യാജ വീഡിയോ പ്രചരിപ്പിച്ച വരില്‍ സിപിഎമ്മുകാരും കുടുങ്ങാന്‍ തുടങ്ങിയതോടെയാണ് വീഡിയോയുടെ ഉറവിടത്തിന്റെ പേരില്‍ മുതലെടുക്കാന്‍ ശ്രമം നടത്തിയത്.ഒരിക്കലും ജയിച്ചു കയറാന്‍ കഴിയില്ലെന്ന് ഉറപ്പുള്ള മണ്ഡലത്തില്‍ ഏത് മാര്‍ഗം അവലംബിച്ചും വിജയിക്കുക എന്ന ലക്ഷ്യവുമായാണ് ഈ നാടകങ്ങള്‍ സിപിഎം അവതരിപ്പിച്ചത്. ഇതിനേറ്റ ഏറ്റവും വലിയ തിരിച്ചടിയായി തിരഞ്ഞെടുപ്പ് ഫലം മാറുകയും ചെയ്തു.