X

കേരളം ഓര്‍ക്കാതെ പോയ ഡോ. ജാനകിഅമ്മാള്‍

മുജീബ് കെ. താനൂര്‍

ശാസ്ത്രവിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ ആദ്യ ഇന്ത്യന്‍ വനിതയെന്ന ബഹുമതി സ്വന്തമാക്കിയ ഇ.കെ ജാനകിഅമ്മാളിന്റെ ജന്മദിനം കഴിഞ്ഞദിവസം മലയാളികള്‍ ഓര്‍ക്കാതെ കടന്നുപോയി. എഴുത്തുകാരും സാഹിത്യപ്രവര്‍ത്തകരും പൊതുസമൂഹത്തില്‍ അറിയപ്പെടുന്നപോലെ ശാസ്ത്രഗവേഷണങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ചവരെ സമൂഹം പലപ്പോഴും അറിയാറില്ല; അറിയിക്കാന്‍ അവര്‍ ശ്രമിക്കാറുമില്ല. 1931ല്‍ ശാസ്ത്രവിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ ആദ്യ ഇന്ത്യന്‍ വനിതയെന്ന ബഹുമതി സ്വന്തമാക്കിയ ജാനകിഅമ്മാള്‍ അന്ന് മദ്രാസ് പ്രവിശ്യയില്‍പെട്ട മലബാറിലെ തലശേരിയുടെ സന്തതിയായിരുന്നു. 1956ല്‍ മിഷിഗണ്‍ സര്‍വകലാശാല ഹോണററി ഡോക്ടറേറ്റും 1957ല്‍ ഇന്ത്യ പത്മശ്രീയും നല്‍കി ആദരിച്ച ജാനകിഅമ്മാള്‍ സസ്യശാസ്ത്രത്തിന് നല്‍കിയ സംഭാവനകള്‍ അമൂല്യമാണ്. അസിമാചാറ്റര്‍ജി, ബിംലാബുടി, മഹാറാണി ചക്രവര്‍ത്തി, മുത്തയ്യ വനിതാ, റിതു കരിധാള്‍, ശോഭന നരസിംഹന്‍, സുലഭ കെ കുല്‍ക്കര്‍ണി തുടങ്ങിയ ഇന്ത്യയിലെ വനിതാശാസ്ത്രജ്ഞരുടെ നിരയിലെ ഏറ്റവും പ്രമുഖയായിരുന്നു മലയാളിയായ ജാനകിഅമ്മാള്‍.

തലശേരിയില്‍ സബ് ജഡ്ജിയായിരുന്ന ദിവാന്‍ ബഹാദൂര്‍ ഇ.കെ കൃഷ്ണന്റെയും ദേവി അമ്മയുടെയും മകളായി ജനിച്ച ജാനകിഅമ്മാള്‍ തലശേരിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ബിരുദ പഠനത്തിനായി മദ്രാസ് ക്വീന്‍ മേരീസ് കോളജില്‍ ചേര്‍ന്നു. പ്രസിഡന്‍സി കോളജില്‍നിന്ന് 1921ല്‍ സസ്യശാസ്ത്രത്തില്‍ ഹോണേഴ്‌സ് ബിരുദം നേടിയശേഷം വിമന്‍സ് ക്രിസ്ത്യന്‍ കോളജില്‍ അധ്യാപക ജോലിയില്‍ പ്രവേശിച്ചു. അതിനിടയില്‍ അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാലയുടെ സ്‌കോളര്‍ഷിപ്പ് ലഭിച്ചു. അവിടെ നിന്നായിരുന്നു ബിരുദാനന്തര ബിരുദം നേടിയത്. തിരിച്ച് വിമന്‍സ് കോളജിലെത്തിയെങ്കിലും മിഷിഗണ്‍ സര്‍വകലാശാലയുടെ ആദ്യ ബാര്‍ബോര്‍ സ്‌കോളര്‍ഷിപ്പ് അവരെ തേടിയെത്തി. വീണ്ടും വിദേശത്തേക്ക്. സസ്യശാസ്ത്രത്തില്‍ ഡോക്ടറേറ്റ്, ശാസ്ത്രവിഷയത്തില്‍ ഒരു ഇന്ത്യന്‍ വനിത നേടുന്ന ആദ്യ ഗവേഷണ ബിരുദം 1931ല്‍ ജാനകിഅമ്മാളിനെ തേടിയെത്തുകയുണ്ടായി.

പ്രശസ്തമായ നിലയില്‍ ഉപരിപഠനവും ഗവേഷണവും പൂര്‍ത്തിയാക്കിയ ജാനകിഅമ്മാളിനെ തേടി ഒട്ടേറെ അവസരങ്ങള്‍ അമേരിക്കയിലുണ്ടായിരുന്നെങ്കിലും തന്റെ കര്‍മമണ്ഡലം ഇന്ത്യയായിത്തന്നെ അവര്‍ തിരഞ്ഞെടുത്തു. തിരുവനന്തപുരം മഹാരാജാസ് കോളജ് ഓഫ് സയന്‍സില്‍ സസ്യശാസ്ത്ര പ്രൊഫസറായി രണ്ടുവര്‍ഷം ജോലി ചെയ്തു. തുടര്‍ന്ന് ഗവേഷണത്തോടുള്ള താല്‍പര്യം അവരെ കോയമ്പത്തൂര്‍ ഷുഗര്‍കേന്‍ ബ്രീഡിങ് ഇന്‍സ്റ്റിറ്റിയൂട്ടിലെത്തിച്ചു. അവിടെ ഒട്ടേറെ സങ്കരയിനം കരിമ്പ് വിത്തുകള്‍ ജാനകിഅമ്മാളുടെ ഗവേഷണഫലമായി ഉണ്ടായി. സക്കാറം സീ സക്കാറം എറിയാന്തസ് സക്കാറം ഇംപെറാറ്റ് സക്കാറം സോര്‍ഘം തുടങ്ങിയവ ഉദാഹരണങ്ങള്‍. ഇന്ത്യയില്‍ മാത്രമല്ല, പല വിദേശരാജ്യങ്ങളിലും ജാനകിഅമ്മാള്‍ വികസിപ്പിച്ച കരിമ്പിനങ്ങള്‍ കൃഷി ചെയ്യുന്നുണ്ട്.

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുമ്പോഴും അന്താരാഷ്ട്ര ശാസ്ത്രസമൂഹം ജാനകിഅമ്മാളിന്റെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. 1940ല്‍ ലണ്ടനിലെ പ്രശസ്തമായ ജോണ്‍ ഇന്‍സ് ഹോട്ടികള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് അവിടേക്ക് ക്ഷണിച്ചു. അവിടെ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ സസ്യശാസ്ത്രജ്ഞന്‍ സി.ഡി ഹാമില്‍ട്ടനുമായി ചേര്‍ന്നെഴുതിയ ‘ദ ക്രോമസോം അറ്റ്‌ലസ് ഓഫ് കള്‍ട്ടിവേറ്റഡ് പ്ലാന്റ്‌സ്’ എന്ന ഗ്രന്ഥം ഇന്നും സസ്യശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗദര്‍ശിയാണ്.

ഇന്ത്യ സ്വതന്ത്രമായതോടെ കേന്ദ്ര സര്‍ക്കാര്‍ ജാനകിഅമ്മാളിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. മദ്രാസ് പ്രസിഡന്‍സി കോള ജില്‍ ജാനകിഅമ്മാളിന്റെ സമകാലികനായിരുന്ന വി.കെ കൃഷ്ണമോനോനാണ് ഇങ്ങനെയൊരു ശാസ്ത്രപ്രതിഭ വിദേശത്തു കഴിയുന്നുണ്ടെന്നകാര്യം പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ അറിയിച്ചത്. നെഹ്‌റുവിന്റെ ക്ഷണം സ്വീകരിച്ച അവര്‍ ബോട്ടാണിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ, അലഹബാദിലെ സെന്റര്‍ ബോട്ടാണിക്കല്‍ ലബോറട്ടറി, ജമ്മുവിലെ റീജ്യണല്‍ റിസര്‍ച്ച് ലബോറട്ടറി, ബോംബെ ഭാഭ ആറ്റമിക് റിസര്‍ച്ച് സെന്റര്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. 1970ല്‍ മദ്രാസ് സര്‍വകലാശാല എമിററ്റസ് സയന്റിസ്റ്റായി നിയമിച്ചതോടെ കര്‍മമണ്ഡലം വീണ്ടും മദ്രാസിലേക്ക് മാറ്റി. അവിവാഹിതയായിരുന്ന അമ്മാള്‍, 1984ല്‍ മരിക്കുന്നതുവരെ പഠനഗവേഷണങ്ങളുമായി മദ്രാസില്‍ കഴിഞ്ഞു.

ശാസ്ത്രരംഗത്ത് അമൂല്യമായ സംഭാവനകള്‍ നല്‍കിയ ഇന്ത്യക്കാരായ സ്ത്രീകള്‍ ഇന്ന് വിരളമല്ല. എന്നാല്‍ ഉന്നതകുലജാതകളാണെങ്കിലും സ്ത്രീകള്‍ വിദ്യാഭ്യാസം ചെയ്യാത്ത, ബിരുദം നേടിയാല്‍ പോലും ജോലിക്കുപോകാത്ത കാലത്താണ് ജാനകിഅമ്മാള്‍ ശാസ്ത്രഗവേഷണരംഗത്ത് മുന്നേറുന്നതും വിദേശത്തുപോലും അംഗീകാരം നേടുന്നതും. ഒരു കാലഘട്ടത്തിന്റെ പരിമിതികളെ ഭേദിച്ചാണ് അവര്‍ തന്റെ കര്‍മപഥത്തില്‍ മുന്നേറിയത്. ആ നേട്ടം സുഖസൗകര്യങ്ങള്‍ക്ക് ഉപയോഗിക്കാതെ തികച്ചും ലളിതമായ ജീവിതം നയിച്ച് ശാസ്ത്രഗവേഷണത്തിന്റെ പാതയിലൂടെമാത്രം ചരിച്ചുവെന്നതാണ് ജാനകിഅമ്മാളിന്റെ സവിശേഷത. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2000 മുതല്‍ ലോക പരിസ്ഥിതിദിനത്തില്‍ ‘ഇ. കെ ജാനകിഅമ്മാള്‍ നാഷണല്‍ അവാര്‍ഡ് ഫോര്‍ ടാക്‌സോണമി’ എന്ന പുരസ്‌കാരം നല്‍കി ആ പ്രതിഭാശാലിയുടെ സ്മരണ നിലനിര്‍ത്തുന്നു. ജാനകിഅമ്മാളുടെ ജീവിതവും ശാസ്ത്രസംഭാവനകളും പുതിയ തലമുറക്ക് പങ്കുവെക്കേണ്ടതാണ്.

ശാസ്ത്രവിഷയത്തില്‍ ദേശീയ ശ്രദ്ധനേടിയ പലരെയും മലയാളി സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നു. ഇന്ത്യ ഉപഭൂഖണ്ഡത്തിനു മീതെയുള്ള സൗരോര്‍ജ വികിരണത്തെക്കുറിച്ച് അന്ന മാണിയുടെ നേതൃത്വത്തില്‍ ക്രോഡീകരിച്ച കൈപ്പുസ്തകവും പവനോര്‍ ഊര്‍ജ്ജസാധ്യതകളെക്കുറിച്ച് ഏകയായി നടത്തിയ പഠനവും റഫറന്‍സ് പുസ്തകങ്ങളായി ഇന്നും ഉപയോഗിക്കപ്പെടുന്നു. അന്ന മാണിയെ കുറിച്ച് പുതിയ തലമുറ അറിയില്ല. ഗാന്ധിജിയുടെ ആശയങ്ങളില്‍ ആകൃഷ്ടയായി ലളിതമായ ജീവിതം നയിച്ചിരുന്ന അന്ന മാണി 2001 ഓഗസ്റ്റ് 16 ന് അന്തരിച്ചു.

വൈദ്യബിരുദം നേടിയ ആദ്യ കേരളീയ വനിതയായിരുന്നു ഡോ. മേരി പുന്നന്‍ ലൂക്കോസ് (1886-1976). തിരുവനന്തപുരം മഹാരാജാസ് കോളജിലെ (ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളജ്) ആദ്യ വനിത, ബിരുദധാരിണി, തിരുവിതാംകൂറില്‍നിന്നും ആദ്യമായി ഉപരിപഠനത്തിന് ഇംഗ്ലണ്ടില്‍ പോയ വനിത, തിരുവിതാംകൂറിലെന്നല്ല ലോകത്തെതന്നെ ആദ്യത്തെ വനിതാസര്‍ജന്‍സ് ജനറല്‍ എന്ന നിലകളിലും ഡോ. മേരി പുന്നന്‍ ലൂക്കോസ് പ്രശസ്തയാണ്. കേരളീയ സമൂഹം ഇവരെയും വിസ്മരിച്ച മട്ടാണ്.

ഇന്ത്യയിലെ മറ്റൊരു പ്രമുഖ വനിതാശാസ്ത്രജ്ഞയാണ് അന്നപൂര്‍ണി സുബ്രഹ്മണ്യം. വാനനിരീക്ഷണ ശാസ്ത്ര മേഖലയിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സില്‍ ശാസ്ത്രജ്ഞയായി ജോലി ചെയ്യുന്നു. നക്ഷത്ര ക്ലസ്റ്ററുകള്‍, താരാപഥങ്ങളിലെ പരിണാമവും നിവാസികളും മഗെല്ലനിക് മേഘങ്ങള്‍ എന്നിവയെ കുറിച്ചുള്ള പഠനങ്ങളാണ് പ്രധാന
മേഖല.

അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്ന ഇന്നും ജീവിച്ചിരിപ്പുള്ള മറ്റൊരു വനിതയാണ് ഡോക്ടര്‍ യമുന കൃഷ്ണന്‍. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശിയായ പി.ടി കൃഷ്ണന്റെയും മിനിയുടെയും മകളാണ്. ഒരു ഇന്ത്യന്‍ ശാസ്ത്രജ്ഞയാണ് യമുന കൃഷ്ണന്‍ (ജനനം 25 മേയ് 1974). ശാന്തിസ്വരൂപ് ഭട്‌നാഗര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. നിലവില്‍ ചിക്കാഗോ സര്‍വകലാശാലയിലെ കെമിസ്ട്രി വിഭാഗത്തില്‍ പ്രോഫസറായി പ്രവര്‍ത്തിക്കുന്നു. ബെംഗളുരുവിലെ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസില്‍ റീഡറായിരുന്നു. രസതന്ത്രവിഭാഗത്തിലാണ് ശാന്തിസ്വരൂപ് ഭട്‌നാഗര്‍ പുരസ്‌കാരം ലഭിച്ചത്. ഈ പുരസ്‌കാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ശാസ്ത്രജ്ഞയാണിവര്‍.

ബെംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസില്‍നിന്ന് രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഓര്‍ഗാനിക് കെമിസ്ട്രിയില്‍ ഡോക്ടറേറ്റും നേടിയ യമുന കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. കോശങ്ങള്‍ക്കുള്ളിലെ സംഭവങ്ങള്‍ നിരീക്ഷിക്കുന്നതിനായി ഡി. എന്‍.എ അടിസ്ഥാനമാക്കിയുള്ള സെന്‍സര്‍ വികസിപ്പിച്ചെടുക്കുന്നതിന് രസതന്ത്രത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയതിനാണ് ഡോ. യമുനക്ക് അവാര്‍ഡ് ലഭിച്ചത്. ന്യൂക്ലിക് ആസിഡ് നാനോ ടെക്‌നോളജിയിലും ന്യൂക്ലിക് ആസിഡുകളുടെ ഘടന സംബന്ധിച്ച ഗവേഷണത്തിലും ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. മുമ്പ് ബെംഗളുരുവില്‍ വെച്ച് ഒരു സ്വകാര്യ സംഭാഷണത്തിനിടെ ഈ ലേഖകനോട് ഡോക്ടര്‍ യമുനകൃഷ്ണന്‍ പറഞ്ഞത് ‘ജീവിച്ചിരിക്കുമ്പോള്‍ ആദരിക്കപ്പെടാതെ പോകുന്നവരെ മരണശേഷം ആദരിക്കാനും ഓര്‍ത്തെടുക്കാനും ആരും വരുമെന്ന് തോന്നുന്നില്ല’ എന്നത് ഇപ്പോഴും ഓര്‍ക്കുന്നു.

 

 

Test User: