X

വ്യാജ സീലും, ഒപ്പും ചമച്ച് ധനകാര്യ വിഭാഗം മേധാവിയായ ഡോ.ടി പ്രദീപ് കുമാറിന് വിസിയുടെ അധിക ചുമതല

കാര്‍ഷിക സര്‍വ്വകലാശാലാ ഗവേഷണ വിഭാഗം ഡയറക്ടറുടെ വ്യാജ സീലും വ്യാജ ഒപ്പും ചമച്ച് ധനകാര്യ വിഭാഗം മേധാവിയായ കംപ്‌ട്രോളര്‍ക്ക് നല്‍കിയയെന്ന ആരോപണത്തില്‍ അന്വേഷണം നേരിട്ടു കൊണ്ടിരിക്കുന്ന പച്ചക്കറി വിഭാഗം മേധാവി ഡോ.ടി പ്രദീപ് കുമാറിന് കുഫോസ് (കേരള മത്സ്യബന്ധന സമുദ്രഗവേഷണ സര്‍വകലാശാല) തത്കാലിക വിസിയുടെ അധിക ചുമതല. മുന്‍ എസ് എഫ് ഐ നേതാവും കാര്‍ഷിക സര്‍വ്വകലാശാലയിലെ സി പി എം അധ്യാപക സംഘടനയായ ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് കെ എ യു നേതാവുമാണ് പ്രദീപ് കുമാര്‍.മുഖ്യമന്ത്രിയുടെ നാട്ടുകാരനുമാണ്.

2018ലാണ് ഡോ. പ്രദീപ് കുമാര്‍ അന്നത്തെ ഗവേഷണ വിഭാഗം ഡയറക്ടറുടെ വ്യാജ സീല്‍ നിര്‍മ്മിക്കുകയും കള്ള ഒപ്പിടുകയും ചെയ്തത്.തുടര്‍ന്ന് സര്‍വ്വകലാശാലാ പ്ലാനിംഗ് ഡയറക്ടറായിരുന്ന ഡോ പ്രദീപ് കുമാറിനെ മുന്‍ വി സി ഡോ.ആര്‍ ചന്ദ്രബാബു ആ സ്ഥാനത്തു നിന്നും മാറ്റി.വി സി അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും മാസങ്ങളോളം ഫയല്‍ പൂഴ്ത്തി വെച്ചു. ഡോ.ബി അശോക് വിസി യുടെ ചുമതല ഏറ്റെടുത്തതോടെ ഈ വിഷയം ശ്രദ്ധയില്‍ പെട്ടു .തുടര്‍ന്ന് ഈ വര്‍ഷം മെയ് മാസത്തിലാണ് അന്വേഷണ ഉത്തരവ് പുറത്തിറങ്ങിയത്.

കേരള സര്‍വ്വകലാശാലയുടെ വെള്ളാനിക്കര കോളേജ് ഓഫ് ക്ലൈമറ്റ്‌ചേഞ്ച് ആന്‍ഡ് എന്‍വിറോണ്‍മെന്റല്‍ സയന്‍സ് കോളേജ് ഡീന്‍ ഡോ പി ഒ നമീറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കമ്മറ്റി ഇതു വരെ അന്വേഷണം പൂര്‍ത്തിയാക്കുകയോ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല.

പച്ചക്കറി ശാസ്ത്ര വിഭാഗത്തിലെ ഗവേഷണ പദ്ധതിയുടെ ഫണ്ട് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുന്നതിന് ഡോ.പ്രദീപ് കുമാര്‍ കംപ്‌ട്രോളര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു .ഗവേഷണ വിഭാഗം ഡയറക്ടറുടെ ശുപാര്‍ശയോടെയാണ് ഈ അപേക്ഷ നല്‍കേണ്ടിയിരുന്നത്. ഇതിന് ഗവേഷണ വിഭാഗം ഡയറക്ടറുടെ ഭരണാനുമതിയും വേണം.എന്നാല്‍ പകരം ഗവേഷണ വിഭാഗം ഡയറക്ടറുടെ വ്യാജ സീല്‍ നിര്‍മ്മിച്ച് വ്യാജ ഒപ്പിട്ട് റെക്കമെന്‍ഡഡ് ആന്‍ഡ് ഫോര്‍വേഡഡ് എന്ന് വ്യാജ ശുപാര്‍ശ നല്‍കുകയായിരുന്നു. കംപ്‌ട്രോളര്‍ ഫണ്ട് വകമാറ്റാന്‍ അനുമതിയും നല്‍കി.തന്റെ പേരില്‍ വ്യാജ സീലും വ്യാജ ഒപ്പും ചമച്ചത് കണ്ടെത്തിയ ഗവേഷണ വിഭാഗം ഡയറക്ടര്‍ വിഷയം അന്നത്തെ വിസി യുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു.

പച്ചക്കറി കൃഷി വിദഗ്ദനായ ഡോ പ്രദീപിന് ഫിഷറീസിലും ആനിമല്‍ സയന്‍സിലും ഒരു വൈദഗ്ദ്യവുമില്ല.കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലും വെറ്ററിനറി സര്‍വ്വകലാശാലയിലും ബന്ധപ്പെട്ട വിഷയങ്ങളില്‍ 10 വര്‍ഷം സേവന പരിചയമുള്ള പ്രൊഫസര്‍മാര്‍ ലഭ്യമായിട്ടും വ്യാജ സീലും ഒപ്പും ചമച്ച പ്രൊഫസര്‍ക്കു തന്നെ കുഫോസ് വിസിയുടെ താല്‍ക്കാലിക ചുമതല നല്‍കിയതിനു പിന്നില്‍ രാഷട്രീയം മാത്രമാണ്.

webdesk14: