ടീം ഇന്ത്യ നായകന്‍ വിരാട് കോലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ്മയുടെ ഗര്‍ഭകാലത്തെ ശീര്‍ഷാസനം ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കോലിക്കൊപ്പമാണ് അനുഷ്‌ക യോഗാമുറ ചെയ്തിരുന്നത്.
എന്നാല്‍ ഡോക്ടര്‍മാര്‍ സൂപ്പര്‍ താരങ്ങളുടെ ചെയ്തിക്കെതിരെ രംഗത്തുവന്നിരുന്നു. ഇത് തെറ്റായ സന്ദേശം നല്‍കും എന്നാണ് അവര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഇത് കുറച്ചു കടുപ്പമായിപ്പോയി, ഇത്തരം കാര്യങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ കുറച്ചു കൂടി പക്വത കാണിക്കണമായിരുന്നു എന്നാണ് ഡോ. സൗമ്യ സരിന്‍ എഴുതിയത്.
ആരും ഇത്തരത്തിലുള്ള വ്യായാമമുറകള്‍ ഗര്‍ഭകാലത് ഉപദേശിക്കുന്നില്ല. അതിനര്‍ത്ഥം ഗര്‍ഭിണികള്‍ വ്യായാമം ചെയ്യരുതെന്നല്ല. ചെയ്യണം, വളരെ നല്ലത് തന്നെയാണ്. പക്ഷെ ഇത്തരം സര്‍ക്കസുകളല്ല, മറിച്ചു സുഖപ്രസവത്തിനു സഹായകമാകുന്ന തരത്തില്‍ പെല്‍വിക് ഫ്‌ലോര്‍ മസിലുകളെ ബലപ്പെടുത്തുന്ന, പ്രസവസമയത് അത് നല്ലവണ്ണം റിലാക്സ് ചെയ്യുന്നതിനുമായി പ്രത്യേക വ്യായാമങ്ങളാണ് ചെയ്യേണ്ടത്’ – അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇതൊന്നും ജീവിതത്തില്‍ പകര്‍ത്തരുത് എന്നും പണി പാലും വെള്ളത്തില്‍ കിട്ടുമെന്നും അവര്‍ എഴുതി.
കുറിപ്പിന്റെ പൂര്‍ണരൂപം
എനിക്കും കൊഹ്ലിയെയും അനുഷ്കയെയും വളരെ ഇഷ്ടമാണ്. പ്രത്യേകിച്ചും പരസ്പരം ബഹുമാനിക്കുന്ന ദമ്പതികൾ എന്ന നിലക്ക്!
പക്ഷെ ഇത് കുറച്ചു കടുപ്പമായിപ്പോയി! പറയാതെ വയ്യ! കാരണം അന്ധമായ ആരാധന ഇതുവരെ ഉണ്ടായിട്ടില്ല ആരോടും! അതുകൊണ്ട് തന്നെ കാട്ടുന്ന എല്ലാ കോപ്രായങ്ങളും തൊണ്ട തൊടാതെ വിഴുങ്ങാനും ഉദ്ദേശമില്ല. പക്ഷെ അങ്ങിനെ ആയിരിക്കണമെന്നില്ല അവരുടെ എല്ലാ ആരാധകരും! ചിലർ ഇവർ ചെയ്യുന്ന കാര്യങ്ങളെ അന്ധമായ അനുകരിച്ചേക്കാം..അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ കുറച്ചുകൂടി പക്വത കാണിക്കാമായിരുന്നു.
ഇതിനെ കുറിച്ച് അറിയാവുന്ന ഗൈനെക്കോളജിസ്റ്റുമാരോടൊക്കെ ചോദിച്ചു നോക്കി. ആരും ഇത്തരത്തിലുള്ള വ്യായാമമുറകൾ ഗർഭകാലത് ഉപദേശിക്കുന്നില്ല. അതിനർത്ഥം ഗർഭിണികൾ വ്യായാമം ചെയ്യരുതെന്നല്ല. ചെയ്യണം, വളരെ നല്ലത് തന്നെയാണ്. പക്ഷെ ഇത്തരം സർക്കസുകളല്ല, മറിച്ചു സുഖപ്രസവത്തിനു സഹായകമാകുന്ന തരത്തിൽ പെൽവിക് ഫ്ലോർ മസിലുകളെ ബലപ്പെടുത്തുന്ന, പ്രസവസമയത് അത് നല്ലവണ്ണം റിലാക്സ് ചെയ്യുന്നതിനുമായി പ്രത്യേക വ്യായാമങ്ങളാണ് ചെയ്യേണ്ടത്. യോഗയും ആകാം. ധ്യാനമൊക്കെ ചെയ്യുന്നത് മനസ്സിന് സന്തോഷവും സമാധാനവുമൊക്കെ തരും. അതെല്ലാം ഒരു ഗർഭിണികൾ ആവശ്യമാണ് താനും!
പക്ഷെ ഇവർ ചെയ്യുന്ന തരം വ്യായാമങ്ങൾ ചെയ്താൽ ചിലപ്പോൾ കഴുത്തിലെ കശേരുക്കൾ പൊട്ടി സുഷുമ്നാനാഡിക്ക് ക്ഷതം സംഭവിക്കാനും ജീവിതം ഒരു വീൽ ചെയറിൽ ആകാനും വരെയുള്ള അപകടസാധ്യതകളുമുണ്ട്. കുഞ്ഞിന് സംഭവിക്കാവുന്ന അപകടങ്ങൾ വേറെയും!
സെലിബ്രിറ്റികളുടെ ജീവിതം കാമെറകൾക്ക് മുന്നിലാണ്. തുറന്ന പുസ്തകമാണ്. പറയുന്നതും ചെയ്യുന്നതുമെല്ലാം സൂക്ഷിച്ചു വേണം! ചിലപ്പോൾ ഇതെല്ലാം അപ്പടി പകർത്തി ജീവിക്കുന്ന പാവം ആരാധകർക്കായിരിക്കും പല അപകടങ്ങളും സംഭവിക്കുന്നത്. അതൊന്നും പുറംലോകം അറിയുകയുമില്ല.
ഇവരൊക്കെ ചെയ്യുന്നതെല്ലാം ജീവിതത്തിൽ പകർത്തല്ലേ! പണി പാലും വെള്ളത്തിൽ കിട്ടും!