X

മോദി സര്‍ക്കാര്‍ തകര്‍ത്തത് സത്യസന്ധരായ കോടിക്കണക്കിനാളുകളുടെ ജീവിതം: ഡോ മന്‍മോഹന്‍ സിങ്‌

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് പിന്‍വലിക്കല്‍ നയങ്ങള്‍ക്കെതിരെ തുറന്നടിച്ച് സാമ്പത്തിക വിദഗ്ധനും മുന്‍ പ്രധാനമന്ത്രിയുമായ ഡോ. മന്‍മോഹന്‍ സിങ് വീണ്ടും. ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിട്ട നയമാണ് നരേന്ദ്ര മോദി സര്‍ക്കാറിന്റേതെന്നും ഇന്ത്യയുടെ സാമ്പത്തിക, വാണിജ്യ മേഖലകളില്‍ ദൂരവ്യാപകമായ പ്രത്യാഘാതമാണ് ഇതുണ്ടാക്കുകയെന്നും ഡോ. സിങ് ദി ഹിന്ദു ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
‘ഭീകരമായ ഒരു ദുരന്തത്തിന്റെ നിര്‍മാണം’ (Making of a mammoth tragedy) എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്.

കള്ളപ്പണക്കാര്‍ക്കെതിരായ യുദ്ധം എന്ന പേരില്‍ സത്യസന്ധരായ കോടിക്കണക്കിന് മനുഷ്യരുടെ ജീവിതം തകര്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നു. നേരത്തെ രാജ്യസഭയില്‍ ഡോ. മന്‍മോഹന്‍ സിങ് നടത്തിയ നാലു മിനുട്ട് പ്രസംഗം സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു.

ലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍:

  • എല്ലാ ക്യാഷും കള്ളപ്പണമാണെന്നും എല്ലാ കള്ളപ്പണവും ക്യാഷ് ആണന്നുമുള്ള തെറ്റായ ധാരണയാണ് നരേന്ദ്ര മോദി സര്‍ക്കാറിനുള്ളതെന്ന് 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിക്കുക വഴി വ്യക്തമായിരിക്കുന്നു.
  • പൗരന്മാരുടെ അവകാശങ്ങളും ഉപജീവന മാര്‍ഗവും സംരക്ഷിക്കുക എന്നത് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിന്റെ പ്രാഥമിക ചുമതലയാണ്. പണം പിന്‍വലിക്കലിലൂടെ ആ ചുമതലയെ പരിഹസിക്കുകയാണ്.
  • കള്ളപ്പണം കൈയിലുള്ളവര്‍ക്ക് ഭൂമി, സ്വര്‍ണം, വിദേശ വിനിമയം തുടങ്ങി സമ്പത്തിന്റെ വിവിധ മേഖലകളില്‍ സ്വാധീനമുണ്ട്. പാവങ്ങളുടെ പണം കറന്‍സി മാത്രമാണ്.
  • ഇന്ത്യയിലെ 90 ശതമാനം ജോലിക്കാരും തങ്ങളുടെ വേതനം ക്യാഷ് ആയിട്ടാണ് കൈപ്പറ്റുന്നത്. കള്ളപ്പണത്തെ തകര്‍ക്കാന്‍ എന്ന പേരിലുള്ള സര്‍ക്കാര്‍ നീക്കം പാവപ്പെട്ട കോടിക്കണക്കിന് മനുഷ്യരുടെ ജീവിതം അവതാളത്തിലാക്കി.
  • വേതനം ക്യാഷില്‍ കൈപ്പറ്റുന്ന സത്യസന്ധരായ ഇന്ത്യക്കാര്‍ക്ക് കനത്ത പരിക്കാണ് മോദി വരുത്തിയിരിക്കുന്നത്. അതേസമയം, കള്ളപ്പണക്കാരെ തഴുകുക മാത്രമാണ് ചെയ്തത്. 2000 നോട്ട് അവതരിപ്പിക്കുക വഴി കള്ളപ്പണക്കാര്‍ക്ക് കൂടുതല്‍ സൗകര്യവും ചെയ്തു കൊടുത്തിരിക്കുന്നു.
  • യുദ്ധസാഹചര്യങ്ങളില്‍ റേഷന്‍ വാങ്ങാന്‍ നില്‍ക്കുന്നതു പോലെയാണ് രാജ്യത്തെ കോടിക്കണക്കിന് മനുഷ്യര്‍ ഇപ്പോള്‍ വരി നില്‍ക്കുന്നത്.
  • ഈ നയം സാമ്പത്തിക വ്യവസ്ഥയില്‍ പ്രതികൂലമായ ഫലങ്ങളാണുണ്ടാക്കുക. രാജ്യത്തെ വ്യാപാരം പലമടങ്ങായി കുറഞ്ഞിരിക്കുന്നു, വ്യാവസായി ഉല്‍പ്പന്നം കുറയുന്നു, ജോലികള്‍ നഷ്ടപ്പെടുന്നു.
  • ഒറ്റ രാത്രികൊണ്ട് പണം അസാധുവാക്കലിലൂടെ ഉപഭോക്താക്കളുടെ വിശ്വാസവും സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയിരിക്കുന്നു.
  • കള്ളപ്പണം ഇല്ലാതാക്കാന്‍ നടപടികള്‍ കൈക്കൊള്ളുമ്പോള്‍, സത്യസന്ധരായ പൗരന്മാരെ അതെങ്ങനെ ബാധിക്കുമെന്നതടക്കമുള്ള കാര്യങ്ങള്‍ മനസ്സില്‍ കാണേണ്ടിയിരുന്നു.

ഡോ. മന്‍മോഹന്‍ സിങിന്റെ ലേഖനത്തിന്റെ പൂര്‍ണരൂപം ഇവിടെ.

chandrika: